ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 04

മൈസൂർ സുൽത്താനായിരുന്ന ടിപ്പു വധിക്കപ്പെട്ടത് 1799 മെയ് നാലിനാണ്. നാലാം മൈസൂർ യുദ്ധത്തിൽ ശ്രീരംഗപട്ടണം കോട്ടയിൽ വച്ചാണ് ടിപ്പു കൊല്ലപ്പെട്ടത്. ഹൈദരലിയുടെയും ഫഖ്റുന്നീസാ ബീഗത്തിന്റെയും മകനായി 1750 നവംബർ പത്തിനാണ് ടിപ്പു ജനിച്ചത്. ഫതഹ് അലി ടിപ്പു എന്നാണ് പൂർണ്ണനാമം. രണ്ടാം മൈസൂർ യുദ്ധം നടക്കവെ, 1782 ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് ടിപ്പു മൈസൂർ സുൽത്താനായത്. 32 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ പ്രായം. ‘മൈസൂർ സിംഹം’ എന്നു അദ്ദേഹം അറിയപ്പെടുന്നു.

സംഗീതലോകത്തെ വലിയ പുരസ്കാരങ്ങളിലൊന്നായ ഗ്രാമി പുരസ്കാരം ആദ്യമായി നൽകപ്പെട്ടത് 1959 മെയ് നാലിനാണ്. ലൊസാഞ്ചൽസിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിൽ വച്ചായിരുന്നു പുരസ്കാര വിതരണച്ചടങ്ങ്. റെക്കോർഡിംഗ് അക്കാദമി എന്നറിയപ്പെടുന്ന അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് റെക്കോർഡിംഗ് ആർട്സ് ആന്റ് സയൻസാണ് ഈ പുരസ്കാരം നൽകുന്നത്. ഏറ്റവും മികച്ച റെക്കോർഡ്, മികച്ച ആൽബം, മികച്ച ഗാനം, മികച്ച പുതുമുഖ ആർട്ടിസ്റ്റ് എന്നീ നാലു പുരസ്കാരങ്ങളാണ് എല്ലാ വർഷവും നൽകപ്പെടുന്നത്. പോപ്പ്, റോക്ക്, റാപ്പ, ക്ലാസിക്കൽ, ജാസ് തുടങ്ങി ഇരുപത്തിയഞ്ചോളം വിഭാഗങ്ങളിലായി എൺപതിലധികം പുരസ്കാരങ്ങൾ വിതരണം ചെയ്യപ്പെടുന്നു. വിജയികൾക്ക് സ്വർണ്ണത്തിൽ തീർത്ത ഗ്രാമഫോൺ ശിൽപമാണ് നൽകുന്നത്. അമേരിക്കയിൽ റിലീസ് ചെയ്യപ്പെടുന്ന പാട്ടുകൾക്കാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്. 1959 ലെ ആദ്യ പുരസ്കാരദാനച്ചടങ്ങിൽ 28 അവാർഡുകളാണ് വിതരണം ചെയ്തത്. ആദ്യമായി ഗ്രാമി അവാർഡ് നേടിയ മലയാളി തൃശൂർ സ്വദേശിയായ വയലിനിസ്റ്റ് മനോജ് ജോർജാണ്. 2015 ൽ വിൻഡ്സ് ഓഫ് സംസാര എന്ന റിക്കി കേജിന്റെ ആൽബത്തിലൂടെയായിരുന്നു അത്. 2022 ൽ ഡിവൈൻ ടൈഡ്സ് എന്ന ആൽബത്തിലൂടെ രണ്ടാം തവണയും മനോജിനെത്തേടി ഗ്രാമി പുരസ്കാരമെത്തി.

ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മാർഗരറ്റ് താച്ചർ സ്ഥാനമേറ്റത് 1979 മെയ് നാലിനായിരുന്നു. 1948 ലായിരുന്നു രാഷ്ട്രീയ പ്രവേശം. പാർലമെന്റിലേക്കുള്ള ഡാർട്ഫഡ് സീറ്റിലേക്ക് മത്സരിക്കുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയും ഏക വനിതാ സ്ഥാനാർഥിയുമായിരുന്നു അവർ. 1959 ലാണ് ആദ്യമായി പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 1974 ൽ പ്രതിപക്ഷ നേതൃപദവിയിലെത്തി. 1979 ൽ കൺസർവേറ്റീവ് പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയപ്പോഴാണ് അവർ പ്രധാനമന്ത്രിയായത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.