ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 03

ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ രാജാ ഹരിശ്ചന്ദ്ര പ്രദർശനത്തിനെത്തിയത് 1913 മെയ് മൂന്നിനായിരുന്നു. ആദ്യ മുഴുനീള ചലച്ചിത്രമെന്ന നിലയിൽ ഇന്ത്യൻ സിനിമായുഗത്തിന്റെ തുടക്കമായിരുന്നു അത്. ദാദാ സാഹിബ് ഫാൽക്കെയുടെ സംവിധാനത്തിലാണ് രാജാ ഹരിശ്ചന്ദ്ര തിരശീലയിലെത്തിയത്. രചനയും നിർമ്മാണവും വിതരണവും ഫാൽക്കെ തന്നെയായിരുന്നു. ബോംബെ കൊറോണേഷൻ തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യത്തെ ഔദ്യോഗിക പ്രദർശനം നടന്നത്. ഹിന്ദുപുരാണത്തെ അധികരിച്ചു ചിത്രീകരിച്ചതായിരുന്നു രാജാ ഹരിശ്ചന്ദ്ര.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ ഐ എൻ ടി യു സി സ്ഥാപിതമായത് 1947 മെയ് മൂന്നിനാണ്. ഇന്റർനാഷണൽ ട്രേഡ് യൂണിയൻ കോൺഫെഡറേഷനുമായാണ് ഇത് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന ആചാര്യ ജെ ബി കൃപാലിനിയാണ് ഐ എൻ ടി യു സി യുടെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത്.

1978 മെയ് മൂന്നിനാണ് ആദ്യത്തെ സ്പാം ഇമെയിൽ സന്ദേശം ഇൻബോക്സുകളിലെത്തിയത്. അർപാനെറ്റ് ഉപയോക്താക്കളായ 393 ആളുകളുടെ അഡ്രസുകളിലേക്കാണ് ഒരു ഡിജിറ്റൽ എക്വിപ്മെന്റ് മാർക്കറ്റിംഗ് റെപ്രസെന്റേറ്റീവിന്റെ സന്ദേശമെത്തിയത്. പുതിയ മോഡൽ കമ്പ്യൂട്ടറുകളുടെ ലഭ്യതയെക്കുറിച്ചുള്ള പരസ്യമായിരുന്നു അത്. ഗ്രേ തുറേക്ക് എന്നയാളാണ് സന്ദേശമയച്ചത്.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.