ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 19

താപനില അളക്കുന്നതിനുള്ള സെന്റിഗ്രേഡ് താപമാപിനി ജീൻ പിയറി ക്രിസ്റ്റിൻ പരിഷ്കരിച്ചത് 1743 മെയ് 19 നാണ്. 1742 ൽ സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞനായ ആൻഡേഴ്സ് സെൽഷ്യസാണ് താപമാപിനി കണ്ടെത്തിയത്. എന്നാൽ അതിൽ, ഇന്ന് ഉപയോഗത്തിലിരിക്കുന്നതിൽനിന്നും വ്യത്യസ്തമായി പൂജ്യം ഡിഗ്രി ബോയിലിംഗ് പോയിന്റും നൂറു ഡിഗ്രി ഫ്രീസിംഗ് പോയിന്റുമായിരുന്നു. തൊട്ടടുത്ത വർഷം ലിയോൺ അക്കാദമിയിലെ സ്ഥിരം സെക്രട്ടറിയായിരുന്ന ക്രിസ്റ്റിൻ, ഇന്ന് ഉപയോഗത്തിലിരിക്കുന്ന രീതിയിൽ ഇതിന്റെ സ്കെയിൽ പരിഷ്കരിച്ചു. ഈ സ്കെയിലുപയോഗിച്ച് പിയറി കസാറ്റി രൂപകൽപന ചെയ്ത മെർക്കുറി തെർമോമീറ്റർ, തെർമോമീറ്റർ ഓഫ് ലിയോൺ എന്നാണ് അറിയപ്പെടുന്നത്.

ഫ്രാൻസിലെ ഉന്നതവും പ്രശസ്തവുമായ പുരസ്കാരം ‘ലീജിയൻ ഓഫ് ഓണർ’ സ്ഥാപിക്കപ്പെട്ടത് 1802 മെയ് 19 നാണ്. അന്നത്തെ ഭരണാധികാരിയായിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടാണ് പുരസ്കാരം സ്ഥാപിച്ചത്. കൗൺസിൽ ഓഫ് സ്റ്റേറ്റ്സിൽ നടന്ന ദൈർഘ്യമേറിയ ചർച്ചകൾക്കുശേഷമാണ് പുരസ്കാരത്തിന് അംഗീകാരം നൽകിയത്. അതാതു കാലത്തെ ഫ്രഞ്ച് പ്രസിഡന്റുമാരാണ് പുരസ്കാരത്തിന്റെ ഗ്രാന്റ്മാസ്റ്റർമാർ. നൈറ്റ്, ഓഫീസർ, കമാൻഡർ, ഗ്രാന്റ് ഓഫീസർ, ഗ്രാന്റ് ക്രോസ് എന്നിങ്ങനെ അഞ്ചുതലങ്ങളാണ് പുരസ്കാരത്തിനുള്ളത്. ഫ്രഞ്ച് പൗരന്മാർക്കുവേണ്ടിയുള്ളതാണ് പുരസ്കാരമെങ്കിലും രാജ്യവുമായി സഹകരിക്കുകയോ, രാജ്യത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയോ ചെയ്യുന്ന വിദേശപൗരർക്കും പുരസ്കാരം സമ്മാനിക്കാറുണ്ട്.

1884 മെയ് 19 നാണ് അമേരിക്കയിലെ പ്രശസ്തമായ റിങ്ക്ളിംഗ് ബ്രോസ് സർക്കസ് കമ്പനി സ്ഥാപിതമായത്. റിങ്ക്ളിംഗ് ബ്രോസ് ആന്റ് ബാർനും ആന്റ് ബെയ്ലി കമൈ്പൻഡ് ഷോസ് എന്ന പേരിൽ ആരംഭിച്ച ഈ സർക്കസ് പിന്നീടാണ് റിങ്ക്ളിംഗ് ബ്രോസ് ആന്റ് ബാർനും ആന്റ് ബെയ്ലി സർക്കസ് എന്ന് പേരുമാറ്റിയത്. 20-21 നൂറ്റാണ്ടുകളിൽ അമേരിക്കയിൽ അറിയപ്പെടുന്ന സർക്കസ് കമ്പനിയായിരുന്നു ഇത്. 2017 ൽ ഇത് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.

ഇന്ത്യയിൽ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് 1982 മെയ് 19 നാണ്. കേരള നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിലാണ് ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത്. രാജ്യാന്തരതലത്തിൽപോലും ശ്രദ്ധേയമായ തെരഞ്ഞെടുപ്പിൽ സി പി ഐ നേതാവ് എൻ ശിവൻപിള്ള 123 വോട്ടിന്റെ അട്ടിമറിവിജയം നേടി. എന്നാൽ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിന്റെ സാധുത ചോദ്യംചെയ്ത് കോൺഗ്രസ് സ്ഥാനാർത്ഥി എ സി ജോസ് കോടതിയിലെത്തി. യന്ത്രം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പിനു സാധുതയില്ലെന്ന സുപ്രീം കോടതി വിധിയെഴുതിയതോടെ ശിവൻപിള്ളയുടെ തെരഞ്ഞെടുപ്പ് അസാധുവായി. യന്ത്രം ഉപയോഗിച്ച എല്ലാ ബൂത്തിലും ബാലറ്റ് പേപ്പർ ഉപയോഗിച്ച് രണ്ടുവർഷത്തിനു ശേഷം വോട്ടെടുപ്പ് നടത്തിയപ്പോൾ 1446 വോട്ടിന് എ സി ജോസ് ജയിച്ചു.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.