ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: മെയ് 17

ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ച് നിലവിൽ വന്നതിന് ആധാരമായ ബട്ടൺവുഡ് ഉടമ്പടി ഒപ്പുവച്ചത് 1792 മെയ് 17 നാണ്. അമേരിക്ക നേരിട്ട ആദ്യ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ 24 സ്റ്റോക് ബ്രോക്കർമാർ ചേർന്നാണ് ഉടമ്പടി ഒപ്പുവച്ചത്. പൊതുജനങ്ങൾക്ക് വിപണിയിലുള്ള വിശ്വാസം വർധിപ്പിക്കുക എന്നതായിരുന്നു ഉടമ്പടിയുടെ പ്രധാനലക്ഷ്യം. 1817 ലാണ് സ്റ്റോക് എക്സ്ചേഞ്ച് ഔദ്യോഗികമായി നിലവിൽ വന്നത്. ന്യുയോർക്ക് സ്റ്റോക് ആന്റ് എക്സ്ചേഞ്ച് ബോർഡ് എന്നായിരുന്നു ആദ്യത്തെ പേര്. 1863 ലാണ് ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ച് എന്ന് പേരുമാറ്റിയത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക് എക്സ്ചേഞ്ചാണിത്.

2010 മെയ് 17 ന് പ്രതിരോധരംഗത്ത് ഇന്ത്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അന്നാണ് അഗ്നി 2 മിസൈൽ വിജയകരമായി പരീക്ഷിച്ചത്. അണ്വായുധ വാഹന ശേഷിയുള്ളതാണ് മിസൈൽ. 2000 കിലോമീറ്ററാണ് ദൂരപരിധി. അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയാണ് മിസൈൽ വികസിപ്പിച്ചത്.

2021 മെയ് 17 നാണ് ദൈർഘ്യമേറിയ ജോലിസമയത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പഠനറിപ്പോർട്ട് പുറത്തുവന്നത്. 2016 ൽ മാത്രം 7,45,000 ആളുകൾ ഇക്കാരണത്താൽ മരണപ്പെട്ടു എന്നാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനുമായി സഹകരിച്ചു നടത്തിയ പഠനറിപ്പോർട്ട് എൻവയൺമെന്റ് ഇന്റർനാഷണൽ എന്ന മാഗസിനിലാണ് പ്രസിദ്ധീകരിച്ചത്. ഹൃദ്രോഗവും സ്ട്രോക്കുമാണ് പ്രധാന മരണകാരണങ്ങളായി കണ്ടെത്തിയത്.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.