
1796 മെയ് 14 നാണ് വസൂരിക്കെതിരായ ആദ്യ വാക്സിനേഷൻ നടന്നത്. ഇംഗ്ലണ്ടിലെ ബർക്കിലിയിൽ ജോലിചെയ്തിരുന്ന എഡ്വേർഡ് ജെന്നർ എന്ന ഡോക്ടറാണ് ആദ്യമായി വാക്സിനേഷൻ നടത്തിയത്. വസൂരി എന്ന മാരകരോഗത്തിന് അന്ത്യം കുറിക്കാൻ സഹായിച്ചത് ജെന്നറിന്റെ നിരീക്ഷണപാടവമാണ്. കൗ പോക്സ് എന്നറിയപ്പെടുന്ന ഗോവസൂരി പിടിപെട്ടവർക്ക് പിന്നീടൊരിക്കലും വസൂരി വരുന്നില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ ക്ലിനിക്കിനു സമീപമുള്ള കറവക്കാരി സാറാ നെൽമിസിന് ഗോവസൂരി വന്നതറിഞ്ഞ അദ്ദേഹം ഒരു പരീക്ഷണത്തിനു മുതിർന്നു. ജെയിംസ് ഫിപ്പ്സ് എന്ന എട്ടുവയസ്സുകാരൻ കുട്ടിയുടെ കൈകളിൽ ഒരു മുറിവുണ്ടാക്കി സാറയുടെ വ്രണങ്ങളിൽനിന്നു ശേഖരിച്ച കണങ്ങൾ അവന്റെ ശരീരത്തിലേക്കു പ്രവേശിപ്പിച്ചു. ചെറിയ പനിയും ഗോവസൂരി കുരുക്കളും വന്നതിനുശേഷം ജെയിംസ് സുഖപ്പെട്ടു. പിന്നീട് രണ്ടുമാസങ്ങൾക്കു ശേഷം വസൂരി അണുക്കളെ ആ കുട്ടിയുടെ ശരീരത്തിലേക്കു പ്രവേശിപ്പിച്ചപ്പോൾ വസൂരിയുടെ ലക്ഷണങ്ങൾപോലും ആ കുട്ടിക്കുണ്ടായില്ല. അതിനോടകം അവന്റെ ശരീരത്തിൽ വസൂരിക്കെതിരായ പ്രതിരോധം ഉടലെടുത്തിരുന്നു. അതായിരുന്നു വസൂരിക്കെതിരായ ആദ്യ പ്രതിരോധ കുത്തിവയ്പ്.
ഇസ്രായേൽ എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ടത് 1948 മെയ് 14 നാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ ജൂതരുടെ പിൻതലമുറക്കാരിൽ ഏറെപ്പേർ രണ്ടാം ലോകമഹായുദ്ധാനന്തരം പാലസ്തീനിലേക്ക് തിരികെയെത്തി. അതോടെ ജൂതരും അറബികളുമായുള്ള ഏറ്റുമുട്ടലുകളും നിരന്തരമായി ഉണ്ടായിത്തുടങ്ങി. ബാൽഫർ പ്രഖ്യാപനത്തിലൂടെ ജൂതരാഷ്ട്രം സ്ഥാപിക്കാനുള്ള താൽപര്യം വെളിപ്പെടുത്തിയ ബ്രിട്ടൺ 1947 ൽ പാലസ്തീനിൽനിന്നു പിൻവാങ്ങാൻ തിരുമാനമെടുത്തു. പാലസ്തീൻ ജൂതർക്കും അറബികൾക്കുമായി പകുത്തുനൽകാൻ 1947 നവംബറിൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി തിരുമാനിച്ചു. ആ തീരുമാന ഫലമായാണ് ഇസ്രായേൽ സ്വതന്ത്രരാഷ്ട്രമായി മാറിയത്.
അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയമായ സ്കൈലാബ് ഭ്രമണപഥത്തിലെത്തിയത് 1973 മെയ് 14 നാണ്. 75 ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു. സൗരയൂഥത്തിലെ ഗുരുത്വാകർഷണ വ്യതിയാനങ്ങളെക്കുറിച്ചു പഠിക്കുക, സൂര്യനിരീക്ഷണം നടത്തുക എന്നിവയായിരുന്നു സ്കൈലാബിന്റെ പ്രധാന ലക്ഷ്യങ്ങൾ. 1979 വരെയുള്ള വർഷങ്ങളിൽ ബഹിരാകാശ യാത്രികർ 700 മണിക്കൂർ സ്കൈലാബിൽ ചെലവഴിച്ച് സൂര്യനെ നിരീക്ഷിക്കുകയും 1,75,000 ലധികം ചിത്രങ്ങളെടുക്കുകയും ചെയ്തു. 1979 ജൂലൈ 11 ന് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച പേടകം കത്തിനശിക്കുകയും അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിലും ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തും പതിക്കുകയും ചെയ്തു..
തയ്യാറാക്കിയത്: സുനിഷ വി. എഫ്.