
ആദ്യത്തെ ഔദ്യോഗിക ക്രിക്കറ്റ് മാച്ച് ആരംഭിച്ചത് 1877 മാർച്ച് 15 നാണ്. ഓസ്ട്രേലിയയിലെ പ്രശസ്തമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. ഇംഗ്ലണ്ട് – ഓസ്ട്രേലിയ ടീമുകളാണ് ടെസ്റ്റിൽ ഏറ്റുമുട്ടിയത്. ഉച്ചകഴിഞ്ഞ് 01.05ന് ആരംഭിച്ച മത്സരത്തിൽ ഓസ്ട്രേലിയയുടെ ചാൾസ് ബാനെർമാനാണ് ആദ്യ റൺസെടുത്തത്. മാർച്ച് 19 ന് അവസാനിച്ച മത്സരത്തിൽ ഓസ്ട്രേലിയയുടെ ടീം 45 റൺസിനു വിജയിച്ചു.
1950 മാർച്ച് 15 നാണ് ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ രൂപീകൃതമായത്. പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരതസർക്കാരിന്റെ ഒരു ഉപദേശകസമിതി ആയിരുന്നു ആസൂത്രണ കമ്മീഷൻ. അതാതു കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ് ഇതിന്റെ അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്നത്. 2014 ആഗസ്റ്റിൽ കമ്മീഷൻ നിർത്തലാക്കി. ആസൂത്രണ കമ്മീഷൻ അതിന്റെ 65 വർഷത്തെ പ്രവർത്തനകാലയളവിൽ 200 ലക്ഷം കോടിയുടെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. പന്ത്രണ്ട് പഞ്ചവത്സര പദ്ധതികൾ ആസൂത്രണം ചെയ്തു. ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ ജവാഹർലാൽ നെഹ്രുവായിരുന്നു. ഗുൽസാരിലാൽ നന്ദയായിരുന്നു ആദ്യത്തെ ഉപാധ്യക്ഷൻ. മൊണ്ടേക് സിങ് അലുവാലിയയായിരുന്നു അവസാനത്തെ ഉപാധ്യക്ഷൻ. 2015 ജനുവരി ഒന്നിന് ആസൂത്രണ കമ്മീഷനുപകരം നീതി ആയോഗ് നിലവിൽവന്നു.
1985 മാർച്ച് 15 നാണ് ആദ്യത്തെ രജിസ്ട്രേഡ് ഡോട്ട് കോം ഡൊമെയ്നായ സിമ്പോളിക്സ് ഡോട്ട് കോം രജിസ്റ്റർ ചെയ്യപ്പെടുന്നത്. സിമ്പോളിക്സ് എന്ന പേരിൽ മസാച്യുസെറ്റ്സ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ കമ്പനിയാണ് ഈ ഡൊമെയ്ൻ രജിസ്റ്റർ ചെയ്തത്. കമ്പ്യൂട്ടർ വർക്ക്സ്റ്റേഷനുകൾ നിർമിക്കുന്ന ഈ കമ്പനി ലിസ്പ് എന്ന പേരിൽ ഒരു കമ്പ്യൂട്ടർ ലാംഗ്വേജും വികസിപ്പിച്ചു. എന്നാൽ മറ്റ് കമ്പ്യൂട്ടർ ഭാഷകൾ വന്നപ്പോൾ ലിസ്പിന്റെ ഉപയോഗം കുറഞ്ഞു. സിമ്പോളിക്സ് ഇപ്പോഴും നിലനിർത്തിയിരിക്കുന്ന ഈ കമ്പ്യൂട്ടർഭാഷ ചില കമ്പനികളും സർക്കാർ ഏജൻസികളും ഉപയോഗിക്കുന്നുണ്ട്. ഏറ്റവും ആദ്യം രജിസ്റ്റർ ചെയ്ത ഈ വെബ്സൈറ്റ് ഇപ്പോഴും സജീവമാണ്.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.




