
അമേരിക്കൻ തപാലിന്റെ പാർസൽ സർവീസ് വഴി കുട്ടികളെ അയയ്ക്കുന്ന സംവിധാനം നിർത്തലാക്കിയത് 1920 ജൂൺ 13 നാണ്. 1913 ലാണ് തപാൽ വകുപ്പ് ഈ സേവനം ആരംഭിച്ചത്. ആളുകളിൽനിന്നുള്ള അഭ്യർഥന മാനിച്ചായിരുന്നു അത്. അതേവർഷം ജനുവരി 31 നാണ് ആദ്യമായി ഒരു കുട്ടിയെ പാർസലായി അയച്ചത്. ഒഹിയോയിലായിരുന്നു അത്. പത്തേമുക്കാൽ പൗണ്ട് തൂക്കമുണ്ടായിരുന്ന ഒരു ആൺകുട്ടിയെയാണ് അവന്റെ മുത്തശ്ശിയുടെ വിലാസത്തിൽ എത്തിച്ചുനൽകിയത്. 15 സെന്റായിരുന്നു പോസ്റ്റൽ ചാർജ്. 1920 ജൂൺ 13 ന് തപാൽ വകുപ്പ് ഈ സേവനം നിർത്തലാക്കി.
സോവിയറ്റ് യൂണിയനിലെ ആദ്യത്തെ വജ്രഖനിയായ മിർ മൈൻ കണ്ടെത്തിയത് 1955 ജൂൺ 13 നായിരുന്നു. 44 വർഷങ്ങൾക്കുശേഷം 2004 ലാണ് ഇവിടെ ഖനനം അവസാനിച്ചത്. 1990 കളിൽ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം സഖ ഡയമണ്ട് എന്ന കമ്പനിയായിരുന്നു ഇത് നടത്തിയിരുന്നത്. 600 മില്യൺ ഡോളറിലധികമായിരുന്നു കമ്പനിയുടെ വാർഷികലാഭം. തുടർന്ന് ഈ ഖനി അൽറോസ എന്ന കമ്പനി ഏറ്റെടുത്തു. അന്നവിടെ 3600 തൊഴിലാളികളുണ്ടായിരുന്നു. പ്രവർത്തനം നിലച്ച ഖനിക്ക് 525 മീറ്റർ ആഴവും 1200 മീറ്റർ വ്യാസവുമുണ്ട്.
ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും നേതാക്കൾ ആദ്യമായി കണ്ടുമുട്ടിയത് 2000 ജൂൺ 13 നാണ്. ദക്ഷിണ കൊറിയൻ പ്രസിഡന്റായിരുന്ന കിം ദേ യുങ് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഇൽ നെയാണ് സന്ദർശിച്ചത്. ചരിത്രപ്രധാനമായ ഈ സന്ദർശനം മൂന്നുദിവസങ്ങൾ നീണ്ടുനിന്നു. ഈ സന്ദർശനത്തിലൂടെ ഉത്തര കൊറിയയുമായുള്ള അനുരഞ്ജനത്തിന് മുൻകൈയെടുത്തതിന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് കിം ദേ യുങിന് 2000 ത്തിലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
തയ്യാറാക്കിയത്: സുനിഷ വി എഫ്