കൗമാരക്കാരായ പെൺകുട്ടികളുടെ മാതാപിതാക്കൾ അറിയാൻ

കൗമാരക്കാരായ പെൺകുട്ടികളെ നിയന്ത്രിക്കാൻ മാതാപിതാക്കൾ ഏറെ പണിപ്പെടാറുണ്ട്. കാരണം അവർ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു പ്രായമാണത്. കൂടാതെ ഈ പ്രായത്തിൽ ശാരീരികമായി മാത്രമല്ല, അവരുടെ ചിന്തകളിലും വ്യത്യാസങ്ങൾ പ്രകടമാകാൻ തുടങ്ങും. കൗമാരക്കാരായ പെൺകുട്ടികളുള്ള മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങൾ…

1. ഒരു സ്ത്രീയായിരിക്കുക എന്നത് ഒരു സമ്മാനമാണ്

കൗമാരപ്രായത്തിലാണ് ഒരു സ്ത്രീ സ്ത്രീത്വത്തിന്റെ മൂല്യം തിരിച്ചറിയുന്നത്. തന്റെ കുറവുകളെക്കുറിച്ചും കഴിവുകളെക്കുറിച്ചും കൗമാരത്തിൽ അവൾ തിരിച്ചറിയും. ഒരു സ്ത്രീ ആയതുകൊണ്ട് അവർ ചിറകുകൾ ഒതുക്കിയിരിക്കേണ്ടവരല്ല എന്നും ചിറകടിച്ച് പറക്കേണ്ടവരാണെന്നും അവർ തിരിച്ചറിയണം. അതിലുപരി സ്ത്രീയായിരിക്കുക എന്നത് ഒരു സമ്മാനമാണെന്നും അത് സന്തോഷിക്കേണ്ട ഒരു കാര്യമാണെന്നും മാതാപിതാക്കൾ അവളെ ബോധ്യപ്പെടുത്തണം.

2. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ സ്ത്രീ പ്രധാന പങ്ക് വഹിക്കുന്നു

കൗമാരക്കാരിയായ മകളോട് തന്റെ ശരീരത്തെയോർത്ത് അഭിമാനിക്കണം എന്നാണ് ഒരു അമ്മ പറയേണ്ടത്. കാരണം ഭാവിയിൽ അവൾ ദൈവത്തിന്റെ സൃഷ്ടികർമ്മത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

3. ഓരോ സ്ത്രീയും വ്യത്യസ്തയാണ്; അതുല്യയാണ്

ഭൂമിയിലേക്ക് ജനിച്ചുവീഴുന്ന ഒരു കുട്ടി ആദ്യം അടുക്കുന്നതും തിരിച്ചറിയുന്നതും അമ്മയെയാണ്; അതായത് സ്ത്രീയെയാണ്. നിങ്ങളുടെ മകളെ അവളുടെ ആഗ്രഹങ്ങൾ തിരിച്ചറിയാനും കഴിവുകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കണം. അവളെപ്പോലെ അവൾ മാത്രമേ ഉള്ളുവെന്ന് പറഞ്ഞുകൊടുക്കണം. ഓരോ സ്ത്രീയും വ്യത്യസ്തയാണ്. ഒരുവൾക്ക് പകരം വയ്ക്കാൻ മറ്റൊരു സ്ത്രീയെ കൊണ്ട് സാധ്യമല്ല.

4. താനൊരു നായികയാണെന്ന് സ്ത്രീ തിരിച്ചറിയട്ടെ

കൗമാരക്കാരികളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രോത്സാഹിപ്പിക്കുന്നത് തികച്ചും അനുയോജ്യമാണ്. കൗമാരപ്രായത്തിലാണ് കുട്ടികൾ സ്വപ്‌നങ്ങൾ കാണുന്നതും വെല്ലുവിളികൾ ഏറ്റെടുക്കുന്നതും സ്വന്തം ജീവിതം രൂപകൽപന ചെയ്യുന്നതും. ആ പ്രായത്തിൽ മാതാപിതാക്കൾ അവരെ കേൾക്കണം, മനസിലാക്കണം. ആ പ്രായം മുതൽ കുട്ടികളെക്കൊണ്ട് തീരുമാനങ്ങൾ എടുപ്പിക്കുകയും അവ നടപ്പിലാക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം.

5. മകളുടെ ബാഹ്യരൂപം നല്ലതാണെന്ന് ബോധ്യപ്പെടുത്തുക

മകളുടെ ബാഹ്യരൂപം നല്ലതാണെന്ന് അവളെ ബോധ്യപ്പെടുത്തേണ്ടത് ഈ പ്രായത്തിൽ അത്യാവശ്യമാണ്. കാരണം കൗമാര പ്രായത്തിൽ മക്കൾ അവരുടെ ബാഹ്യരൂപത്തിന് ഒരുപാട് വില കല്പിക്കുന്നുണ്ട്. അവരുടെ ആത്മവിശ്വാസത്തിന്റെ ഒരു ഘടകം തന്നെയാണ് ബാഹ്യരൂപം. എന്നാൽ ബാഹ്യരൂപത്തേക്കാൾ ശ്രേഷ്ഠമാണ് ആന്തരികസൗന്ദര്യമെന്നും അവർക്ക് പറഞ്ഞുകൊടുക്കണം. ഉത്സാഹം, സൗമ്യത എന്നിവയും നമ്മുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്.

6. സ്വയം സ്നേഹിക്കുക

ഒരു വ്യക്തി സ്വന്തമായി സ്നേഹിച്ചാൽ മാത്രമേ മറ്റുള്ളവരിലേക്കും അത് പകരാൻ സാധിക്കൂ. എന്നാൽ ഇത് അത്ര എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നല്ല. നല്ല മനുഷ്യരുടെ സൗഹൃദം കൊണ്ട് നമ്മെ തന്നെ വലയം ചെയ്താൽ മാത്രമേ ഇതു സാധ്യമാകൂ. ഒരു യുവതി എപ്പോഴും തന്നെ ബഹുമാനിക്കുകയും ഒരു മികച്ച വ്യക്തിയാകാൻ തന്നെ സഹായിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ തിരയുന്നവരാണ്. അവൾ സുരക്ഷിതയല്ലായെന്ന ചിന്ത വരുമ്പോഴാണ് പ്രണയബന്ധങ്ങളിലും മറ്റും അകപ്പെടുന്നത്.

7. നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവളാണെന്നു മനസ്സിലാക്കുക

കൗമാരപ്രായത്തിൽ ദൈവവുമായുള്ള ബന്ധത്തിലും ഒരു വ്യക്തി ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. തങ്ങളുടെ ഹൃദയത്തിൽ വസിക്കുന്ന ക്രിസ്തുവിനോടു സംസാരിക്കാൻ അവർ സമയം കണ്ടെത്തണം. ദൈവവുമായുള്ള ബന്ധമാണ് ജീവിതത്തിന്റെ കേന്ദ്രമെന്ന് മകളെ ബോധ്യപ്പെടുത്താൻ മാതാപിതാക്കൾക്കാകണം . ദൈവം അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവൾ തിരിച്ചറിയണം.ആ സ്നേഹം തിരിച്ചറിഞ്ഞാൽ മാത്രമേ ജീവിക്കുന്ന ദൈവവുമായി ഒരു ഹൃദയബന്ധം പുലർത്താൻ അവൾക്ക് സാധിക്കൂ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.