ഈ നോമ്പിൽ നാം ഉപേക്ഷിക്കേണ്ട ചില അത്യാവശ്യ കാര്യങ്ങൾ

നോമ്പിലേക്കു പ്രവേശിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുകയാണല്ലോ നാമെല്ലാവരും. ഈ അവസരത്തിൽ, പതിവായി നാം ചെയ്യുന്ന ചില പ്രവൃത്തികൾ ആവർത്തിക്കുന്നതല്ല ശരിയായ നോമ്പ്. ചില ശീലങ്ങളെ ഉപേക്ഷിക്കാനുള്ള സമയമാണ് അത്.

മത്സ്യവും മാംസവും മുട്ടയും മധുരപലഹാരങ്ങളുമൊക്കെ നാം നോമ്പെടുക്കുന്ന ചില ഭക്ഷണസാധനങ്ങളാണ്. എന്നാൽ, അതിനേക്കാളൊക്കെ ഉപരിയായി നോമ്പിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങളുണ്ട്. ഓർമ്മിക്കേണ്ട ഒരു വസ്തുത. നോമ്പിന് മൂന്ന് കാര്യങ്ങളുണ്ട് – പ്രാർഥന, ദാനധർമ്മം, ഉപവാസം എന്നിവയാണ് അവ. നോമ്പെടുക്കുമ്പോൾ ഇവ മൂന്നും ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ദിവസവും കുർബാനയിൽ പങ്കെടുക്കുകയും ആരാധനാലയങ്ങൾ സന്ദർശിക്കുകയും കുടുംബപ്രാർഥനയിൽ സജീവമായി പങ്കെടുക്കുകയും വേണം. ഒപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഏവയെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം

ഇന്ന് ലോകം സോഷ്യൽ മീഡിയയുടെ പിന്നാലെയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ സോഷ്യൽ മീഡിയയ്ക്ക് അടിമകൾ ആയിക്കൊണ്ടിരിക്കുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ, നോമ്പുകാലത്ത് മൊബൈൽ ഫോണിന്റെയും ഇന്റെർനെറ്റിന്റെയും ഉപയോഗം കുറയ്ക്കാനുള്ള ഒരു തീരുമാനം എടുക്കാം. അമിതമായി ടെലിവിഷനുമുൻപിൽ ചെലവഴിക്കുന്നവർ അതിൽനിന്നും മോചിതരാകാൻ ശ്രമിക്കാം.

2. എപ്പോഴും പരാതിപ്പെടുന്ന ശീലം ഒഴിവാക്കുക

ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് എപ്പോഴും പരാതിപ്പെടുന്ന ശീലം ഒഴിവാക്കുന്നത് നോമ്പിലെടുക്കുന്ന തീരുമാനങ്ങളിൽ ഒന്നാവുന്നത് നല്ലതാണ്. സുഖ-ദുഃഖസമ്മിശ്രമാണ് ജീവിതം. ബുദ്ധിമുട്ടുകൾ, വേദനകൾ ഇവയൊക്കെ ഉണ്ടാകുമ്പോൾ അവയെ പരാതികൂടാതെ സ്നേഹത്തോടെ സ്വീകരിക്കാൻ ശ്രമിക്കാം.

3. മിതമായി ജലം ഉപയോഗിക്കുക

വളരെ ചൂടുള്ള സമയമാണ് നോമ്പിന്റെ ഈ സമയങ്ങൾ. വ്യക്തിപരമായ സുഖത്തിനുവേണ്ടി അമിതമായി ജലം വിനിയോഗിക്കുന്ന ശീലം നമുക്കുണ്ടോ? അങ്ങനെയെങ്കിൽ അവയെ ബോധപൂർവം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

4. ഇടയ്ക്ക് പലഹാരങ്ങൾ കഴിക്കുന്ന ശീലം നിയന്ത്രിക്കുക

ഭക്ഷണം കഴിച്ചുകഴിഞ്ഞതിനു ശേഷമോ, ഇടസമയങ്ങളിലോ പലഹാരങ്ങൾ കഴിക്കുന്ന ശീലമുണ്ടെങ്കിൽ അവയെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അത് ശാരീരിക ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

5. മടിയും കുറുക്കുവഴികളും

അമിതമായ മടിയും കുറുക്കുവഴികളും തെരഞ്ഞെടുക്കുന്ന സ്വഭാവം നമ്മിലുണ്ടോ? എങ്കിൽ അവയെ മാറ്റാനുള്ള പരിശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഭക്ഷണശേഷം പാത്രം വൃത്തിയായി കഴുകിവയ്ക്കുക, രാവിലെ എഴുന്നേൽക്കുമ്പോൾ ബെഡ് വൃത്തിയായി വിരിച്ചിടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മടികൂടാതെ ചെയ്യാൻ പരിശ്രമിക്കുക.