ക്രൈസ്തവ കുടുംബങ്ങൾക്ക് ചില മാർഗ്ഗനിർദ്ദേശങ്ങൾ  

കുടുംബജീവിതം ഒരു വിളിയാണ്. വിവാഹം എന്ന കൂദാശ സ്വീകരിച്ചവർ ആ വിളിയോട് വിശ്വസ്തത പുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കണം. ക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവരും ഒരു കുടുംബമാണെന്നാണ് തിരുവചനത്തിൽ പറയുന്നത്. കുടുംബം എന്നു പറയുന്നത് ദൈവത്തിന്റെ സ്നേഹം മനുഷ്യരിലേക്ക് പകർന്നുനല്കാൻ വേണ്ടി അവിടുന്ന് സ്ഥാപിച്ചതാണ്. ഈ സ്നേഹമാണ് നമുക്ക് പരസ്പരം ഉണ്ടാവേണ്ടത്.

സുവിശേഷത്തിന്റെ സാക്ഷികളാകേണ്ടവരാണ് ഇന്നത്തെ കുടുംബങ്ങൾ. കുടുംബം എന്നു പറയുന്നത് മറ്റൊരു സഭയാണ്. ഈ സഭയിൽ നിന്നാണ് അടുത്ത തലമുറയിലേക്ക് വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്നത്. ദൈവസ്നേഹത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണമാണ് കുടുംബം. ഭൂമിയിലെ ഏറ്റവും കെട്ടുറപ്പുള്ള ബന്ധമാണിത്. മനുഷ്യർ തമ്മിൽ പരസ്പരം സ്നേഹിക്കാനും സഹായിക്കാനും പഠിക്കുന്നത് കുടുംബത്തിൽ നിന്നുള്ള പരസ്പരസഹകരണങ്ങളിൽ നിന്നാണ്. ക്രൈസ്തവ കുടുംബങ്ങളെക്കുറിച്ചുള്ള ചില ഓർമ്മപ്പെടുത്തലുകള്‍ ഇതാ ചുവടെ ചേർക്കുന്നു…

1. കൃപയുടെ നീർച്ചാലുകളാണ് ഓരോ കുടുംബങ്ങളും. കുട്ടികൾക്ക് ധാർമ്മികവും ആത്മീയവുമായ ജ്ഞാനവും സുരക്ഷിതത്വം പ്രദാനം ചെയ്യുന്ന സങ്കേതങ്ങളാണ് കുടുംബങ്ങൾ. അതേ സമയം വിവേകത്തോടെ, വിശുദ്ധിയോടെ ലോകത്തിൽ എങ്ങനെ ജീവിക്കണമെന്നതിന്റെ വഴികാട്ടികളുമാണ് ഓരോ കുടുംബങ്ങളും.

2. വരുംതലമുറകളിലേക്ക് വിശ്വാസം പകർന്നുകൊടുക്കാൻ ദൈവത്താൽ സ്ഥാപിതമായ വ്യവസ്ഥയാണ് കുടുംബം. അവിശ്വാസത്തിന്റെ ഈ ലോകത്തിൽ വിശ്വാസത്തിന്റെ കേന്ദ്രങ്ങളായി നിലകൊള്ളാൻ വിളിക്കപ്പെട്ടതാണ് ഓരോ കുടുംബവും. ജീവിക്കുന്ന ദൈവത്തിന്റെയും അവിടുത്തോടുള്ള വിശ്വാസത്തിന്റെയും അണയാത്ത ദീപങ്ങളാണ് ഓരോ ക്രൈസ്തവ കുടുംബവും.

3. യേശുവിന്റെ സ്നേഹവും കൃപയും സമൂഹത്തിലേക്ക് ചൊരിയപ്പെടുന്നത് ക്രൈസ്തവ കുടുംബങ്ങളിലൂടെയാണ്. അങ്ങനെ സമൂഹത്തിന്റെ പരിവർത്തനം സാധ്യമാകണം. ക്രൈസ്തവജീവിതത്തിന്റെ ആദ്യത്തെ വിദ്യാലയമാണ് കുടുംബം. അവിടെ നിന്നാണ് സ്നേഹിക്കാനും സഹിക്കാനും സഹകരിക്കാനും ക്ഷമിക്കാനും പ്രാർത്ഥിക്കാനും ഒരു വ്യക്തി പഠിക്കുന്നത്.

4. പരസ്പര ഐക്യത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ ഒരുവനിൽ രൂപപ്പെടുത്തേണ്ട ചുമതല വഹിക്കേണ്ടത് അവരുടെ കുടുംബാംഗങ്ങളാണ്.

5. സ്വന്തം ഇഷ്ടങ്ങളെ മാറ്റിനിർത്തുകയും മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകുകയും ചെയ്യുന്ന ഒരു പ്രവണത കുടുംബങ്ങളിലുണ്ട്. അതുകൊണ്ടു തന്നെ ഓരോ ക്രൈസ്തവ കുടുംബവും കത്തോലിക്കാ സഭയുടെ പ്രതീകങ്ങളാണ്.

6. വിവാഹം എന്ന കൂദാശയിലൂടെ സ്ഥാപിക്കപ്പെടുന്നത് ലോകത്തിലെ തന്നെ ഏറ്റവും ശക്തിയേറിയ ബന്ധമാണ്. എക്കാലവും നിലനിൽക്കേണ്ട വ്യവസ്ഥിതി.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.