നന്നായി സംഭാഷണം നടത്തണോ? ഈ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കാം

മറ്റുള്ളവരോട് നല്ല രീതിയിൽ സംസാരിക്കുക എന്നത് ഒരു കലയാണ്. നല്ല സംസാരം, പരസ്പരമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ഒരുപാട് അടുപ്പമുള്ള ആളുകളോട് കൂടുതൽ സ്വാതന്ത്ര്യത്തോടെയായിരിക്കും നമ്മൾ സംസാരിക്കുക. എന്നാൽ, ചിലരുടെ സംസാരം ഭയങ്കരമായി മടുപ്പിക്കുന്നതായിരിക്കും.

ആരോട്, എങ്ങനെ, എപ്പോൾ സംസാരിക്കണമെന്നത് കൃത്യമായി നമ്മൾ  അറിഞ്ഞിരിക്കണം. ഒരാളുടെ സംസാരം കേൾക്കുമ്പോൾ തന്നെ അയാളുടെ സ്വഭാവരീതി എന്താണെന്ന് മനസിലാക്കാൻ സാധിക്കും. അതിനാൽ പക്വതയോടും വിനയത്തോടും കൂടിയുള്ള സംസാരം ജീവിതത്തിലെന്നും മുതൽക്കൂട്ടാകട്ടെ. അതിന് സഹായിക്കുന്ന ചില കാര്യങ്ങൾ നമുക്ക് പരിചയപ്പെടാം.

1. മറ്റുള്ളവരെ കേൾക്കുന്നവരാകുക

നല്ല രീതിയിലുള്ള ആശയവിനിമയത്തിന് ആദ്യം വേണ്ടത് മറ്റുള്ളവരെ കേൾക്കുന്ന  സ്വഭാവമാണ്. സ്വന്തം കാര്യം മാത്രം പറഞ്ഞുകൊണ്ടിരുന്നാൽ അത് നല്ല ആശയവിനിമയമല്ല. മറ്റുള്ളവരെ ശ്രദ്ധാപൂർവം കേൾക്കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവരെ നല്ല രീതിയിൽ കേൾക്കുന്നു എന്നതിന്റെ ലക്ഷണം അവരോട് ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. അനിഷ്ടമായ കാര്യങ്ങൾ കേൾക്കാനിടയായാലും നമ്മുടെ മുഖത്തു നിന്ന് ആ ഇഷ്ടക്കേട് മറ്റുള്ളവർ അറിയാൻ ഇടയാകരുത്.

2. ശരീരഭാഷ പ്രധാനപ്പെട്ടത് 

മറ്റുള്ളവർ പറയുന്നത് കേൾക്കുമ്പോൾ, കേൾക്കുന്ന ആളുടെ ശരീരഭാഷ പ്രധാനപ്പെട്ടതാണ്. അവരുടെ മുഖഭാവവും സ്വരവും ആംഗ്യവും എല്ലാം പ്രാധാന്യമർഹിക്കുന്നതാണ്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരുടെ മുഖത്തു നോക്കി സംസാരിക്കുക. നമ്മുടെ കണ്ണുകളിൽ കൂടി മറ്റുള്ളവർക്ക് കാര്യങ്ങൾ വായിച്ചെടുക്കാൻ സാധിക്കും. അതിനാൽ കേൾക്കുന്നയാളും സംസാരിക്കുന്നയാളും തങ്ങളുടെ ശരീരഭാഷയെക്കുറിച്ച് ബോധവാന്മാരാകണം.

3. ബഹുമാനം കൊടുക്കുക 

മറ്റുള്ളവരോട് തികഞ്ഞ ബഹുമാനത്തോടെ സംസാരിക്കുക. സംസാരിക്കുന്നവർ പണക്കാരനോ, പാവപ്പെട്ടവനോ ആരുമായിക്കൊള്ളട്ടെ; അവരോട് തികഞ്ഞ ബഹുമാനത്തോടെ സംസാരിക്കുക. അതിലൂടെ നമ്മുടെ തന്നെ ശ്രേഷ്ഠതയാണ് മറ്റുള്ളവർ തിരിച്ചറിയുക എന്നത് ഓർമ്മിക്കുക. യോജിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണെങ്കിലും ശാന്തതയോടെ മറുപടി പറയാൻ ശ്രദ്ധിക്കുക. ബഹുമാനത്തോടെയുള്ള സംസാരമാണെങ്കിൽ അത് തിരിച്ചും കിട്ടുമെന്ന് ഓർക്കുക.