സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ

നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമാണ് സൗഹൃദങ്ങൾ. നാം ആരുടെ കൂടെയാണോ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് അവരുടെ സ്വഭാവരീതികളും കാഴ്ചപ്പാടുകളും നമുക്കും ലഭ്യമാകും. നമ്മുടെ മാതാപിതാക്കളെയോ, സഹോദരങ്ങളെയോ തിരഞ്ഞെടുക്കാൻ നമുക്ക് സാധിക്കുകയില്ല. അവരൊക്കെയും നമുക്കായി ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളാണ്. എന്നാൽ നമ്മുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനുള്ള വലിയ സാധ്യത അവിടുന്ന് പൂർണ്ണമായും നമുക്കാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നാം വിവേകത്തോടെ തീരുമാനങ്ങൾ കൈക്കൊള്ളണം.

സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് അവർ ജനപ്രിയരായതു കൊണ്ടോ, അവർക്ക് സൗന്ദര്യമുള്ളതു കൊണ്ടോ, അവർ സമ്പന്നരോ, കായികക്ഷമതയുള്ളവരോ ആയതുകൊണ്ടായിരിക്കരുത്. മറിച്ച്, അവരുടെ നന്മ മനസ്സിലാക്കിക്കൊണ്ട് വളരെ വിവേകപൂർവ്വമായിരിക്കണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ ചുവടെ ചേർക്കുന്നു…

1. നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക

നിങ്ങളുടെ സുഹൃത്തുക്കളെ അവരുടെ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കുക. സമൂഹത്തിലെ സ്ഥാനങ്ങൾക്കപ്പുറം ധാർമ്മികമായ മൂല്യങ്ങളെയാണ് നാം അളവുകോലായി കണക്കാക്കേണ്ടത്. ഒരു അഭിഭാഷനും നിയമപാലകനും ഒരു ഓട്ടോ ഡ്രൈവറും സമൂഹത്തിൽ വിവിധ സ്ഥാനങ്ങളിൽ ഉള്ളവരാണ്. എന്നാൽ ഇവർക്കെല്ലാവർക്കും ഒരേ ധാർമ്മിക മൂല്യങ്ങൾ ആയിക്കൊള്ളണമെന്നില്ല. നിയമപാലകന് ധാർമ്മികത പുറമെ മാത്രമേ ഉള്ളൂ എങ്കിൽ അത്തരത്തിലൊരു സൗഹൃദം നമ്മെ ഒരിക്കലും നന്മയിലേക്ക് നയിക്കില്ല. എന്നാൽ സമൂഹത്തിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരു വ്യക്തിക്ക് നന്മയും സനാതനമൂല്യങ്ങളും മറ്റുള്ളവരിലേക്കെത്തിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത്തരമൊരു സൗഹൃദം നമ്മുടെ ജീവിതത്തെയും പ്രശോഭിപ്പിക്കും.

2. ആശ്രയയോഗ്യരായ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക

നിങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോൾ ഒപ്പം നിൽക്കുകയും നിങ്ങളെ നയിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. നിങ്ങളുടെ താല്പര്യങ്ങളെ അവരുടെ ഇഷ്ടങ്ങൾക്കും ഒരുപടി കൂടി മുൻപിൽ വയ്ക്കുന്ന സുഹൃത്തുക്കൾ. പ്രോത്സാഹനത്തിന്റെയും സ്നേഹത്തിന്റെയും ദൈവികജ്ഞാനത്തിന്റെയും സ്വരമായിരിക്കണം അവർക്കുണ്ടായിരിക്കേണ്ടത്. നമ്മെ ശരിയിലേക്കും നമ്മുടെ യഥാർത്ഥ കഴിവുകളിലേക്കും വഴിതിരിച്ചു വിടാൻ സാധിക്കുന്നവരാകട്ടെ നിങ്ങളുടെ സുഹൃത്തുക്കളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

3 . ബുദ്ധിപരമായ ഉപദേശം നൽകുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക

നമ്മുടെ ജീവിതത്തിൽ ജ്ഞാനത്തിന്റെ ശബ്ദങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് നാം ഉപദേശം തേടുന്ന സുഹൃത്തുക്കൾക്ക് ഈ ജ്ഞാനത്തിന്റെ ശബ്ദമാകാൻ സാധിക്കണം. നമ്മൾ കാണുന്ന നമ്മുടെ ജീവിതത്തിന്റെ അതേ ദിശ കാണുന്ന ആളുകൾ – ദൈവത്തിന്റെ ദിശ – ആവശ്യമുള്ളപ്പോൾ നമ്മെ തിരുത്തുകയും ഉപദേശിക്കുകയും ചെയ്യുന്ന നമ്മുടെ നന്മ ആഗ്രഹിക്കുന്ന സുഹൃത്തുക്കൾ.

നമ്മിൽ പലരും ആൾക്കൂട്ടത്തിന്റെ ശബ്ദം കേൾക്കുന്നവരാണ്. അതിമോഹം, അധികാരം, സമ്പത്ത്, പ്രതികാരം, അത്യാഗ്രഹം, ആനന്ദം, സ്വാർത്ഥത, പ്രീതിപ്പെടുത്തൽ എന്നീ ശബ്ദങ്ങളെ നാം തിരിച്ചറിയേണ്ടതുണ്ട്. ഇതിൽ സ്ഥിരമായി സത്യം സംസാരിക്കുന്ന സൗഹൃദങ്ങളെ നാം തിരിച്ചറിയണം. ആ ശബ്ദം നമുക്ക് ലഭിക്കുന്നത് എവിടെ നിന്നാണോ അവരായിരിക്കും നിങ്ങളുടെ യഥാർത്ഥ സുഹൃത്ത്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.