ദുശീലങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന മൂന്ന് വിശുദ്ധർ

ആസക്തികൾക്ക് അടിമപ്പെടുന്നവരുടെ എണ്ണം സമൂഹത്തിൽ വർദ്ധിച്ചുവരുകയാണ്. പലർക്കും ഇതിൽ നിന്നും പുറത്തുവരണമെന്നുണ്ടെങ്കിലും കഴിയുന്നില്ല. “മയക്കുമരുന്ന് നമ്മുടെ സമൂഹത്തിനേറ്റ ഒരു മുറിവാണ്. മാത്രമല്ല, ഇന്നത്തെ മനുഷ്യനെയും സമൂഹത്തെയും പീഡിപ്പിക്കുന്ന അടിമത്തത്തിന്റെ പുതിയ രൂപവും.” 2016- ൽ ഫ്രാൻസിസ് പാപ്പാ മയക്കുമരുന്നിനെക്കുറിച്ച് നടത്തിയ ഈ പരാമർശം ഇന്നും മാറ്റമില്ലാതെ തുടരുന്നു. ദുശീലങ്ങളിൽ നിന്ന് മോചനം നേടാൻ നമ്മെ സഹായിക്കുന്ന മൂന്ന് വിശുദ്ധരെ പരിചയപ്പെടാം.

1. വി. മാക്സിമില്യൻ കോൾബെ

ഫ്രാൻസിസ്കൻ വൈദികനായ വി. മാക്സിമിലിയൻ കോൾബെ 1894 ജനുവരി എട്ടിന് പോളണ്ടിലാണ് ജനിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്ത്, നാസി പട്ടാളക്കാരുടെ തടങ്കൽ പാളയത്തിൽ വച്ച് വിഷം കുത്തിവച്ചാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ വി. കോൾബെ സ്വയം മരണത്തിന് ഏൽപ്പിക്കുകയായിരുന്നു. തടങ്കൽ പാളയത്തിലായിരുന്നപ്പോഴും അദ്ദേഹം തടവുകാർക്ക് വിശ്വാസം പകർന്നു കൊടുത്തിരുന്നു.

ചെറുപ്പത്തിൽ പരിശുദ്ധ അമ്മ വി. കോൾബെയ്ക്ക് പ്രത്യക്ഷപ്പെട്ട് അദ്ദേഹം ഒരു രക്തസാക്ഷിയായി തീരുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. അമലോത്ഭവ മാതാവിന്റെ ഭക്തനായിരുന്ന വി. കോൾബെയാണ് മാതാവിനോടുള്ള സമർപ്പണത്തെയും ലോകത്തിൽ ദൈവരാജ്യം സ്ഥാപിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സംഘടന സ്ഥാപിച്ചത്. വി. മാക്സിമില്യൻ കോൾബെ തടവുകാരുടെയും ജീവന്റെ സംരക്ഷകരുടെയും മയക്കുമരുന്നിന് അടിമപ്പെട്ടവരുടെയും പ്രത്യേക മധ്യസ്ഥനാണ്.

2. വി. യൂദാ തദേവൂസ്

ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരിലൊരാളാണ് രക്തസാക്ഷിയായ വി. യൂദാ തദേവൂസ്. യൂദയാ, മെസൊപ്പൊട്ടോമിയ, പേർഷ്യ എന്നിവിടങ്ങളിൽ ഈ വിശുദ്ധൻ സുവിശേഷം പ്രസംഗിക്കുന്നതിനിടയിലാണ്, വി. ശിമയോനെ കണ്ടുമുട്ടുന്നത്. അക്കാലത്ത് അപ്പോസ്തലന്മാരുടെ പ്രവൃത്തികൾക്കെതിരെ ജനങ്ങളെ ഇളക്കിയ രണ്ട് പുറജാതീയരായ പുരോഹിതരായിരുന്നു സരോസും അർഫെക്സാറ്റും. ഇവരുടെ പാഷണ്ഡതകളോട് ഈ രണ്ട് വിശുദ്ധരും ഒരുമിച്ച് പോരാടിയിട്ടുണ്ട്.

അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനാണ് വി. യൂദാ തദേവൂസ്. ഈശോയുടെ ബന്ധുവായ ഈ വിശുദ്ധനിലൂടെ ധാരാളം അത്ഭുതങ്ങൾ നടന്നിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ ആളുകൾക്ക് വേണ്ടിയുള്ള പ്രത്യേക മദ്ധ്യസ്ഥനുമാണ് വി. യൂദാ.

3. വി. മാർക്ക് ജി ടിയാൻസിയാൻ

വടക്കൻ ചൈനയിലെ ക്രൈസ്തവ വിരുദ്ധ പ്രസ്ഥാനത്തിന്റെ ആക്രമണങ്ങളിൽ 1900 ജൂലൈയിൽ രക്തസാക്ഷിയായ വിശുദ്ധനാണ് വി. മാർക്ക് ജി ടിയാൻസിയാൻ. ഗുരുതരമായ ഉദരരോഗത്തെ ചികിത്സിക്കാൻ ഓപിയം എന്ന മയക്കുമരുന്ന് ഉപയോഗിച്ച ഈ വിശുദ്ധൻ താമസിയാതെ ഇതിന് അടിമയാവുകയായിരുന്നു. അക്കാലത്ത്, ആസക്തി ഒരു രോഗമായി അംഗീകരിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ, ഈ വിശുദ്ധന് ഇതിൽ നിന്ന് പുറത്തുവരാനുള്ള സഹായങ്ങളും ലഭിച്ചില്ല. തനിക്ക് ഈ ആസക്തിയിൽ നിന്ന് പുറത്തുവരാൻ സാധിക്കുന്നില്ല എന്ന് മനസിലാക്കിയ വിശുദ്ധൻ 30 വർഷത്തോളം പരിശുദ്ധ കുർബാന സ്വീകരിച്ചില്ല. എന്നാൽ മതപീഡനത്തിനിടയിലും വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിച്ചു.

ബോക്സേഴ്സ് അല്ലെങ്കിൽ യുണൈറ്റഡ് മിലിഷ്യ ഇൻ ജസ്റ്റിസ് എന്നറിയപ്പെടുന്ന ചൈനീസ് ദേശീയവാദികൾ ചൈനയിലുടനീളം മിഷനറിമാരെയും ക്രൈസ്തവരെയും പീഡിപ്പിക്കുന്നുണ്ടായിരുന്നു. 32000 ക്രൈസ്തവരും 200 വിദേശ മിഷനറിമാരുമാണ് ചൈനയിൽ അക്കാലത്ത് കൊല്ലപ്പെട്ടത്. ഇതിൽ വി. മാർക്കും കുടുംബവും ഉൾപ്പെടുന്നു. കഴുത്തറുത്താണ് ഇവരെ കൊലപ്പെടുത്തിയത്.

മയക്കുമരുന്നിന് അടിമപ്പെട്ടുവെങ്കിലും അവസാനശ്വാസം വരെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറച്ചു നിന്ന വ്യക്തിയാണ് വി. മാർക്ക്. അതുകൊണ്ട് തന്നെ മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പ്രത്യേക മധ്യസ്ഥനുമാണ് വി. മാർക്ക് ജി ടിയാൻസിയാൻ.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.