മൂന്നു പേരുകളിൽ അറിയപ്പെടുന്ന ഉക്രൈനിലെ മാതാവ്

ഉക്രേനിയക്കാരും റഷ്യക്കാരും ഒരുപോലെ ആദരിക്കുന്ന ഒരു ചിത്രമാണ് ‘ഔർ ലേഡി ഓഫ് കിവീവ്’. എന്നാൽ ഇതേ ചിത്രത്തിന് മറ്റ് രണ്ട് പേരുകൾ കൂടിയുണ്ട്. ‘ഔർ ലേഡി ഓഫ് വ്ലാഡിമിർ’, ‘ഔർ ലേഡി ഓഫ് ടെൻഡർനെസ്സ്’. ഉക്രൈന്റെ തലസ്ഥാനമായ കിവീവിനെ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ തന്റെ ഉക്രൈൻ സന്ദർശനവേളയിൽ 1987- ൽ, മരിയൻ നഗരമായി വിശേഷിപ്പിച്ചിട്ടുണ്ട്. ‘ഔർ ലേഡി ഓഫ് കിവീവ് എന്ന ദൈവവമാതാവിന്റെ ചിത്രത്തിന്റെ ചരിത്രം എന്തെന്ന് പരിശോധിക്കാം.

1037- ൽ കിവീവിലെ രാജകുമാരനാണ് ഉക്രൈനെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കുന്നത്. അന്ന് മുതൽ ഇന്നുവരെ, ഉക്രേനിയക്കാർ പരിശുദ്ധ അമ്മയെ ‘ഉക്രൈന്റെ രാഞ്ജി’യെന്നാണ് വിശേഷിപ്പിക്കുന്നത്. 1034- ൽ തന്നെ ‘ഔർ ലേഡി ഓഫ് കിവീവി’ ന്റെ ചിത്രം കോൺസ്റ്റാന്റിനോപ്പിളിലെ പാത്രീയാർക്കീസ് ഒരു സമ്മാനമായി വോളോഡിമീർ രാജാവിന്റെ മകനായ സ്റ്റിൽസാവ് രാജകുമാരന് നൽകിയിരുന്നു. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രീയാർക്കീസിന്റെ ആവശ്യപ്രകാരം ഒരു സന്യാസിയാണ് ആ ചിത്രം വരച്ചത്. 1136- ൽ ഈ ചിത്രം രാജകുമാരന്റെ ജന്മസ്ഥലമായ വൈഷോറോഡിലേക്ക് മാറ്റി. പിന്നീട് ആ ചിത്രം ‘ഔർ ലേഡി ഓഫ് വൈഷോറോഡ്’ എന്ന് അറിയപ്പെടാൻ തുടങ്ങി.

വോളോഡിമീർ രാജാവിന്റെ കാലത്ത് ഈ ചിത്രത്തിന്റെ ശക്തിയാൽ അനേകം അത്ഭുതങ്ങൾ നടന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദൈവമാതാവിന്റെ ഈ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ച അനേകർക്ക് മാരകമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിച്ചിട്ടുണ്ട്. 1100–ാം ആണ്ടിൽ ആൻഡ്രി ബൊഗോലിയുബ്സ്കി രാജകുമാരൻ കിവീവ് നഗരം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. കിവീവിലെ ദൈവമാതാവിന്റെ ചിത്രവും അദ്ദേഹം കൊള്ളയടിച്ചിരുന്നു. വ്ളാഡിമിർ നഗരത്തിലാണ് അദ്ദേഹം പിന്നീട് താമസമാക്കിയത്. ഇതേതുടർന്ന്, ‘ഔർ ലേഡി ഓഫ് വ്ളാഡിമിർ’ എന്ന് ആ ചിത്രം അറിയപ്പെടാൻ തുടങ്ങി. 1395- വരെ ഈ ചിത്രം വ്ളാഡിമിറിലെ അസംപ്ഷൻ ദേവാലയത്തിലായിരുന്നു. മംഗോളിയൻ അക്രമികളിൽ നിന്ന് നഗരത്തെ രക്ഷിക്കാൻ പിന്നീട് ആ ചിത്രം മോസ്കോയിലേക്ക് മാറ്റിയിരുന്നു. 16 മുതൽ 20 -ാം നൂറ്റാണ്ടിന്റെ ആരംഭം വരെ മോസ്കോയിലെ കത്തീഡ്രൽ സ്ക്വയറിലെ ഡോർമിഷൻ കത്തീഡ്രലിൽ ‘ഔർ ലേഡി ഓഫ് വ്ളാഡിമിർ’ ചിത്രം സ്ഥാപിച്ചിരുന്നു. തുടർന്ന് നഗരത്തിലെ സ്റ്റേറ്റ് ട്രെത്യാക്കോവ് ഗാലറിയിലേക്ക് കൊണ്ടുപോയി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ ചിത്രം ടോൾമാച്ചിയിലെ സാൻ നിക്കോളാസ് ദേവാലയത്തിലേക്ക് മാറ്റിസ്ഥാപിച്ചു.

‘ലേഡി ഓഫ് ടെൻഡർനെസ്’ എന്നാണ് ഈ ചിത്രത്തിന്റെ മൂന്നാമത്തെ നാമം. പല രാജ്യങ്ങളിലും ഈ ചിത്രം അറിയപ്പെടുന്നത് ഈ പേരിലാണ്. പ്രസ്തുത ചിത്രത്തിൽ, പരിശുദ്ധ കന്യാമറിയം പ്രകടിപ്പിക്കുന്നത് ആർദ്രതയാണ്. ഉണ്ണിയേശുവിനെ പരിശുദ്ധ അമ്മ തന്റെ മുഖത്തോട് ചേർത്ത് പിടിച്ചിരിക്കുകയാണ്. അതിനാൽ ‘ഔവർ ലേഡി ഓഫ് ടെൻഡർനെസ്’ എന്ന പേര്‌ ഈ ചിത്രത്തിന് ലഭിച്ചു. അതേ സമയം, ലോകത്തിൽ സംഭവിക്കാനിരിക്കുന്നതിനെ കുറിച്ചോർത്തുള്ള സങ്കടവും ആ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു.

“അവളുടെ കണ്ണുകളിൽ പ്രാർത്ഥനയും പ്രത്യാശയും വേദനയും നിഴലിക്കുന്നുണ്ട്”- ഉക്രൈനിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിലെ ഡിമിട്രോ സ്റ്റെപ്പോവിക് പറഞ്ഞു. ഭൂതോച്ചാടകനായ ബിഷപ്പ് സ്റ്റീഫൻ റോസെറ്റി, വർഷങ്ങളായി താൻ ഈ ചിത്രത്തിനു മുന്നിൽ ദിവസവും പ്രാർത്ഥിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് മൂന്ന് കാര്യങ്ങൾ ആ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ചപ്പോൾ ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

1. ഉക്രൈനിലെ യുദ്ധത്തിന് വലിയ ആത്മീയ പ്രാധാന്യമുണ്ട്.

2. ഉക്രൈനിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിശ്വാസവും ശക്തിയും അത്ഭുതകരമാണ്.

3. ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളിലും പരിശുദ്ധ അമ്മയുടെ ശക്തമായ ഇടപെടലുണ്ടാവും. അമ്മയുടെ വിമലഹൃദയം എല്ലാവരെയും രക്ഷിക്കും.

ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിന് എല്ലാവരും പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കണം. വൈകാതെ തന്നെ പരിശുദ്ധ അമ്മ സാത്താനെ തന്റെ കാൽകീഴിലാക്കുമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.