പുരോഹിതശാസ്ത്രജ്ഞർ 96: സ്റ്റേഫനോ ദേലി ആജ്ഞലി (1623-1697)

ഇറ്റലിയിൽനിന്നുള്ള ഒരു ഗണിതശാസ്ത്രജ്ഞനും തത്വശാസ്ത്രജ്ഞനും ആയിരുന്നു സന്യാസവൈദികനായിരുന്ന സ്റ്റേഫനോ ദേലി ആജ്ഞലി. ക്ഷേത്രഗണിത മേഖലയിലാണ് അദ്ദേഹം തന്റെ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയത്. അദ്ദേഹത്തിന്റെ കൃതികൾ പതിനേഴാം നൂറ്റാണ്ടിലെ ഗണിതശാസ്ത്ര മേഖലയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഗണിതത്തിലെ അവിഭാജ്യങ്ങളുടെ രീതിയുടെ വക്താവും പരിഷ്കർത്താവുമായി അദ്ദേഹം അറിയപ്പെടുന്നു.

1623 സെപ്റ്റംബർ 23 ന് ഇറ്റലിയിലെ വെനീസ് നഗരത്തിലാണ് സ്റ്റേഫനോ ജനിച്ചത്. ഇക്കാലഘട്ടം യൂറോപ്പിലാകമാനം പുതിയ ശാസ്ത്രീയ ചിന്താഗതികളും തത്വശാസ്ത്ര സംവാദങ്ങളും വ്യാപിക്കുന്ന കാലഘട്ടമായിരുന്നു. ആധുനികചിന്തകളുടെ ഉദയം അരിസ്റ്റോട്ടിലിന്റെ പല പ്രമാണങ്ങളെയും ചോദ്യം ചെയ്തു. ചെറുപ്പത്തിൽതന്നെ സ്റ്റേഫനോ ഇക്കാര്യങ്ങളിലേക്ക് ആകൃഷ്ടനാവുകയും അത് ശാസ്ത്രീയമേഖലയിലേക്ക് അദ്ദേഹത്തെ തിരിച്ചുവിടുകയും ചെയ്തു. ബൊനവെന്തൂര കവലിയേരി എന്ന ശാസ്ത്രഞ്ജന്റെ ശിഷ്യനായി പ്രവർത്തിച്ചത് സ്റ്റേഫനോയുടെ ഗണിതശാസ്ത്ര അഭിരുചിയെ പരിപോഷിപ്പിച്ചു.

ഒരു സന്യാസ വൈദികനാകണമെന്ന ചിന്ത അദ്ദേഹത്തെ ജെസുവാത്തി (or Apostolic Clerics of St. Jerome) എന്ന സന്യാസ സമൂഹത്തിൽ എത്തിച്ചു. 1367 ൽ വാഴ്‌ത്തപ്പെട്ട ജിയോവാന്നി കൊളോമ്പോനി സ്ഥാപിച്ച ഈ സമൂഹം പാവങ്ങളെയും രോഗികളെയും സംരക്ഷിക്കുന്ന സേവനം ഏറ്റെടുത്തു. സ്റ്റേഫനോയുടെ പഠനത്തിലുള്ള അഭിരുചി മനസ്സിലാക്കിയ അധികാരികൾ അദ്ദേഹത്തെ ഫെറാറയിലും ബൊളോഞ്ഞയിലും അയച്ച് നല്ല വിദ്യാഭ്യാസം നൽകി. 1662 ൽ അദ്ദേഹം യൂറോപ്പിലെ തന്നെ ഏറ്റം പ്രശസ്ത സർവകലാശാലയിലൊന്നായ പാദുവായിൽ ഗണിതശാസ്ത്ര പ്രൊഫസർ ആയി നിയമിതനായി. 1697 ഒക്ടോബർ പതിനൊന്നിന് മരിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു. ഭാവിതലമുറയിലെ ശാസ്ത്രജ്ഞരെ വളർത്തിയെടുക്കുന്നതിൽ ഇവിടെ അദ്ദേഹം നിർണ്ണായകപങ്കു വഹിച്ചു. സ്റ്റേഫനോയുടെ ശിഷ്യന്മാരായിരുന്ന പലരും ഗണിതശാസ്ത്രത്തിന് വലിയ സംഭാവന നൽകിയ ശാസ്ത്രഞ്ജന്മാരാണ്.

ഗണിതത്തിലെ അവിഭാജ്യഘടകങ്ങളെക്കുറിച്ചുള്ള പഠനമാണ് ശാസ്‍ത്രലോകത്ത് സ്റ്റേഫനോയ്ക്ക് വലിയ സ്ഥാനം നേടിക്കൊടുത്തത്. ഗണിതശാസ്ത്രജ്ഞനായ കവലിയേരി അവതരിപ്പിച്ച ഈ രീതി, ജ്യാമിതീയ രൂപങ്ങളെ അനന്തമായ നേർത്ത ഖൺഡങ്ങൾ (അവിഭാജ്യങ്ങൾ) ചേർന്നതായി സങ്കൽപിക്കുകയും അതുവഴി വിസ്തീർണ്ണം, വ്യാപ്തം, മറ്റ് ഗുണങ്ങൾ എന്നിവ കണക്കാക്കാൻ പ്രാപ്തമാക്കുകയും ചെയ്തു. 1654 മുതൽ 1667 വരെയുള്ള വർഷങ്ങളിൽ ക്ഷേത്രഗണിതപരമായ വിഷയങ്ങളിൽ മാത്രം അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരവധി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1659 ൽ പ്രസിദ്ധീകരിച്ച ‘ദെ ഇൻഫിനിറ്റിസ് പരാബൊളിസ്’ എന്ന ഗ്രന്ഥത്തിൽ അനുവൃത്തങ്ങളുടെ (parabolas) സ്വഭാവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. അനന്തമായ പ്രക്രിയകളെക്കുറിച്ചുള്ള (infinite processes) അദ്ദേഹത്തിന്റെ ആഴത്തിലുള്ള പഠനം ഗണിതശാസ്ത്രപരമായ അമൂർത്തീകരണത്തെക്കുറിച്ചുള്ള വലിയ അറിവിന്റെ അടയാളമായിരുന്നു. 1660 ൽ പ്രസിദ്ധീകരിച്ച ‘മിസല്ലേനിയും ജ്യോമെട്രിക്കും’ എന്ന ഗ്രന്ഥത്തിൽ വർഗസങ്കലനത്തിലെ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചർച്ച ചെയ്യുന്നു. ക്ലാസ്സിക്കൽ ജ്യോമട്രി പ്രശ്നങ്ങളെ നൂതനരീതിയിൽ കൈകാര്യം ചെയ്യാമെന്ന് ഈ ഗ്രന്ഥത്തിൽ അദ്ദേഹം കാണിച്ചുതന്നു. അതേവർഷം തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു കൃതിയാണ് ‘ദെ ഇൻഫിനിത്തോറും സ്‌പിറാലിയും സ്പത്തിയോറും മെൻസൂറ’. അനന്തമായ പിരികൾ (spirals) സൃഷ്ടിക്കുന്ന അന്തരീക്ഷത്തിന്റെ അളവിനെക്കുറിച്ചു പഠിച്ചിരിക്കുന്ന ഒരു ഗ്രന്ഥമാണിത്. സൈദ്ധാന്തിക കർക്കശതയും അവയ്ക്കുള്ള പ്രായോഗിക പ്രശ്‌നപരിഹാരങ്ങളും അദ്ദേഹം ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.

ക്ഷേത്രഗണിതം കൂടാതെ യന്ത്രങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും അദ്ദേഹം പഠിക്കുകയും സമകാലീന ശാസ്ത്രജ്ഞന്മാരുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. മെക്കാനിക്കൽ പ്രതിഭാസങ്ങളിൽ ഗണിത തത്വങ്ങൾ സൂക്ഷ്മമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. ഈ മേഖലയിലും രണ്ടു പഠനഗ്രന്ഥങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. സ്റ്റേഫനോ പ്രതിനിധാനം ചെയ്ത സമൂഹത്തിലെ പ്രമുഖരായ പലരുടെയും ശക്തമായ ബൗദ്ധിക എതിർപ്പിനെ നേരിട്ടുകൊണ്ടാണ് അദ്ദേഹം വലിയ കണ്ടുപിടുത്തങ്ങൾ നടത്തിയത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.