ദയാഭായിമാരുടെ ലോകം

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

തിരുവനന്തപുരം ഇപ്പോൾ രണ്ടു സമരങ്ങളാൽ വാർത്തകളിൽ നിറയുന്നു. എൻഡോസൾഫാൻ ഇരകൾക്കു നീതി ലഭിക്കാനായി രണ്ട് ആഴ്ചകളായി 82 വയസ്സുകാരിയായ ദയാഭായി സെക്രട്ടറിയേറ്റ്  പടിക്കൽ നടത്തിക്കൊണ്ടിരിക്കുന്ന നിരാഹാര സമരമാണ് ഒന്ന്. അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമാണത്തിൻ്റെ ഇരകളായ നൂറുകണക്കിന് പാവപ്പെട്ട തീരദേശവാസികൾ തൊണ്ണൂറു ദിനങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന സഹനസമരമാണ് മറ്റൊന്ന്.

ഇവ രണ്ടും ലക്ഷ്യം കാണണമെന്നും ഭാവാത്മകമായും ഫലപ്രദമായും അവസാനിക്കണമെന്നും പൊതുസമൂഹത്തിന് ആഗ്രഹമുണ്ട്. കാരണം, സർക്കാരുകളുടെ ക്രൂരതകളാണ് രണ്ട് കൂട്ടരും അനുഭവിക്കുന്നത്; രണ്ടിടത്തും വികസനത്തിൻ്റെ ഇരകളാണുള്ളത്. ഒരിടത്ത് വിഷം തളിച്ച് ഇരകളാക്കപ്പെട്ടവരാണുള്ളതെങ്കിൽ, മറ്റൊരിടത്ത് കടലിൽ കല്ലിട്ട് ഇരകളാക്കപ്പെട്ടവരാണുള്ളത്. രണ്ടിടത്തും ആ പാവപ്പെട്ടവരുടെ സ്വന്തം ആവാസവ്യവസ്ഥയും ജീവിതവും ഭാവിയുമാണ് തകർന്നത്.

തീർന്നുകിട്ടാൻ മോഹം

സർക്കാരിനും ആഗ്രഹമുണ്ട്, ഇവ രണ്ടും എത്രയും വേഗം അവസാനിച്ചുകിട്ടണമെന്ന്. ദയാഭായിയെ പിന്തിരിപ്പിക്കാൻ കിണഞ്ഞുശ്രമിച്ചിട്ടും വിജയമുണ്ടായില്ല. ദയാഭായി നിരാഹാരം പിൻവലിക്കുന്നു എന്ന് മാധ്യമങ്ങളെക്കൊണ്ട് വാർത്ത കൊടുപ്പിച്ച് സമരസമിതി നേതാക്കളെയുംകൊണ്ട് ആശുപത്രിയിൽ എത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിന് നിരാശയോടെ മടങ്ങേണ്ടിവന്നു.

വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് ആദ്യന്തം കോമഡിയാണ്. ആദ്യം അവഗണിച്ചു; പിന്നെ നാട്ടുകാരല്ല സമരം ചെയ്യുന്നതെന്ന വിചിത്രവാദം ഉന്നയിച്ചു, പിന്നെ ചർച്ചയ്ക്കു വിളിച്ചു. ഉടനേ എല്ലാ ആവശ്യങ്ങളുംതന്നെ അംഗീകരിച്ചുവെന്ന് ചുമ്മാ പ്രഖ്യാപിച്ചു. ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി. ഇപ്പോൾ കള്ളക്കേസുകളുടെ കാലമാണ്. ഒടുവിലിതാ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും അദാനിയുടെയും ശ്രമം ഇതൊരു വർഗീയ വിഷയമാക്കിമാറ്റി സമരം പൊളിച്ചടുക്കാനാണ്. RSS, SNDP, ഹിന്ദു ഐക്യവേദി, BMS എന്നിവർക്ക് ക്വട്ടേഷൻ ലഭിച്ചിരിക്കുന്നു എന്ന് ഇതിനകം തെറിയഭിഷേകത്തോടെ നടന്ന മൂന്നു പ്രകടനങ്ങളിൽനിന്നും തില്ലങ്കേരിയുടെ പ്രത്യക്ഷപ്പെടലിൽനിന്നും ഏതാണ്ട് വ്യക്തമായിരിക്കുകയാണ്. വിഴിഞ്ഞംസമരത്തിന് ആവേശവും വീര്യവും ചിട്ടയും പകരുന്ന ജനനേതാക്കളായ വൈദികരെ തെറിവിളിച്ചാൽ സമരക്കാർ ക്ഷുഭിതരാകുമെന്നും കലാപമുണ്ടാക്കാൻ മുതിരും എന്നും ഒരുപക്ഷേ അവർ മനക്കോട്ട കെട്ടുന്നുണ്ടാകാം.

നിലയില്ലാത്തവന് എന്തു നോക്കാൻ!

ആരൊക്കെ എന്തൊക്കെ പ്രകോപനങ്ങളും ഭീഷണികളും കലാപശ്രമങ്ങളും ഉണ്ടാക്കിയാലും, പാവങ്ങൾക്ക് തങ്ങളുടെ ജീവനും സ്വത്തും ഭാവിയും സംരക്ഷിക്കാതിരിക്കാനാകുമോ? മുന്നിൽ ശൂന്യതയുള്ളവന് പിന്നെ ഭയപ്പെടാൻ ഒന്നുമില്ലല്ലോ… അതുകൊണ്ടല്ലേ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശത്രുത സമ്പാദിച്ചുകൊണ്ടും നാനാവിധങ്ങളായ അപകട സാധ്യതകൾ മുന്നിൽക്കണ്ടുകൊണ്ടും ഈ വിഷയത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത വിട്ടുവീഴ്ചയില്ലാത്ത ഒരു നിലപാട് എടുത്തിരിക്കുന്നത്?

പ്രബലപ്പെടുന്ന സമരാഗ്നി

വിഴിഞ്ഞം സമരസമിതി ഒക്ടോബർ 17 തിങ്കളാഴ്ച പൊതുഗതാഗതം തടഞ്ഞ് സമരം വ്യാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ 19 ബുധനാഴ്ച കേരളത്തിലെ പതിനാലു ജില്ലകളിലും വിഴിഞ്ഞം സമര ഐക്യദാർഢ്യസമിതി കളക്ടറേറ്റുകൾക്കു മുന്നിൽ ധർണ സംഘടിപ്പിക്കും. കേരളംമുഴുവൻ സമരാഗ്നി പടർന്നുകയറുന്നതിൻ്റെ തുടക്കമായിരിക്കും അത്.

പാവങ്ങൾക്കു നീതിക്കും നാടിൻ്റെ നന്മയ്ക്കും വേണ്ടി ശുദ്ധഹൃദയത്തോടെ തുനിഞ്ഞിറങ്ങുന്ന ദയാഭായിമാരെ അങ്ങനെ പിന്തിരിപ്പിക്കാനാവില്ല, അഭിനവ തമ്പ്രാക്കന്മാരേ!

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.