ദൈവം ഏറ്റവും ഇഷ്ടപ്പെടുന്ന മൂന്നു കാര്യങ്ങൾ

ആറാം നൂറ്റാണ്ടിൽ അയർലണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധയാണ് വിശുദ്ധ ഈറ്റ അല്ലങ്കിൽ ഈത്ത (St. Ita). ജനുവരി പതിനഞ്ചാം തീയതിയാണ് തിരുസഭ ഈ വിശുദ്ധയുടെ തിരുനാൾ ആഘോഷിക്കുന്നത്. ഈറ്റ എന്ന വാക്കിന്റെ അർഥം ‘വിശുദ്ധിക്കു വേണ്ടിയുള്ള ദാഹം’ (thirst for holiness) എന്നാണ്. ഒരു പ്രഭുകുടുംബത്തിലാണ് ജനിച്ചുവളർന്നതെങ്കിലും സന്യാസജീവിതം പുണരാൻ അതെല്ലാം ഉപേക്ഷിച്ചു.

കാലക്രമേണ അവൾ സ്വന്തമായി ആശ്രമം സ്ഥാപിച്ചു. അയർലണ്ടിലെ തന്നെ മറ്റാരു സന്യസിയും അയർലണ്ടിലെ പന്ത്രണ്ടു അപ്പസ്തോലന്മാരിൽ ഒരാളുമായ വിശുദ്ധ ബ്രണ്ടന്റെ അധ്യാപികയായിരുന്നു വിശുദ്ധ ഈത്ത. ബ്രണ്ടൻ പലപ്പോഴും തന്റെ ഗുരുനാഥയെ സന്ദർശിക്കാൻ വരുമായിരുന്നു. ഒരിക്കൽ ബ്രണ്ടൻ ഈത്തായോടു ദൈവത്തിനിഷ്ടമുള്ള മൂന്നു കാര്യങ്ങൾ ചോദിച്ചു. അതിനുള്ള വിശുദ്ധയുടെ മറുപടി ഇപ്രകാരം ആയിരുന്നു:

– ദൈവത്തിലുള്ള ശരിയായ വിശ്വാസവും പരിശുദ്ധിയുള്ള ഹൃദയവും

– മതാത്മകത നിറഞ്ഞ ലളിതജീവിതം

– ഉപവിയിൽ സ്വാധീനിക്കപ്പെട്ട തുറവിയുള്ള കരങ്ങൾ

വിശുദ്ധ ഈത്തയുടെ അഭിപ്രായത്തിൽ ദൈവം ഏറ്റവും കൂടുതൽ വെറുക്കുന്ന മൂന്നു കാര്യങ്ങൾ താഴെപ്പറയുന്നവയാണ്.

– മറ്റുള്ളവരെ വെറുക്കുന്ന അധരങ്ങൾ

– അമർഷം വളർത്തുന്ന ഹൃദയം

– സമ്പത്തിലുള്ള ദൃഢവിശ്വാസം

വിശുദ്ധ ബ്രിജിറ്റ് കഴിഞ്ഞാൽ അയർലണ്ടിൽ ഏറ്റവും കൂടുതൽ ജനകീയയായ വിശുദ്ധയാണ് വി. ഈത്ത.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.