വിശുദ്ധവാരത്തിലെ അടയാളങ്ങളും അവയുടെ അര്‍ത്ഥവും 

വിശുദ്ധവാരം യേശുവിന്റെ പീഡാസഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് കൂടുതല്‍ ധ്യാനിക്കുന്ന വിശുദ്ധമായ നിമിഷങ്ങളാണ്. ഈ ആഴ്ചയിലെ തിരുക്കർമ്മങ്ങളിൽ നമ്മൾ ഈശോയുടെ സാന്നിധ്യത്തെ പ്രകടമാക്കുന്ന പല അനുഷ്ഠാനങ്ങളും ചെയ്യുന്നുണ്ട്.

വിശുദ്ധവാരത്തിൽ നാം ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അടയാളങ്ങളും അവയുടെ പ്രതീകാത്മക അർത്ഥവും വിവരിക്കുകയാണ് താഴെ.

പെസഹാ വ്യാഴം 

1. കാലുകഴുകല്‍

കാലുകഴുകല്‍ ശുശ്രൂഷ ഒരു ആചാരം മാത്രമല്ല, അതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. നാം മറ്റുള്ളവരെ ശുശ്രൂഷിക്കുവാനും അവരുടെ ശുശ്രൂഷകരാകുവാനും വേണ്ടി അയക്കപ്പെട്ടവരാണെന്നുള്ള കാര്യം ഓര്‍മ്മപ്പെടുത്തുന്നതിനായി വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ആചാരമാണ് കാലുകഴുകല്‍ ശുശ്രൂഷ. ശിഷ്യന്മാരുടെ  മുന്നില്‍ കുനിഞ്ഞു മുട്ടുകുത്തികൊണ്ടാണ് ഈശോ അവരുടെ പാദങ്ങള്‍ കഴുകിയത്. അതുപോലെ മറ്റുള്ളവരുടെ മുന്‍പില്‍ താഴ്ന്നുകൊടുക്കുകയും ആവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കുകയും വേണം.

2. പാവങ്ങള്‍ക്ക് സംഭാവന നല്‍കുക

നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ ഓരോ ദിവസവും ദരിദ്രരെ പരിഗണിക്കുന്നുണ്ടെങ്കിലും പെസഹാ വ്യാഴാഴ്ച, നാം ഒരു  തുക പാവപ്പെട്ടവര്‍ക്കായി മാറ്റിവയ്ക്കുക ഉചിതമാണ്. ആദിമക്രിസ്ത്യാനികളുടെ മാതൃക ഓര്‍ക്കുന്നത് നല്ലതാണ്.

3. വിശുദ്ധ കുര്‍ബാനയുടെ ആഘോഷം

പെസഹാ രാത്രിയിലാണ് ഈശോ തന്റെ തിരുശരീര രക്തങ്ങള്‍ നമുക്ക് നല്‍കികൊണ്ട് വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതും അതിന്റെ ഓര്‍മ്മയാച്ചരിക്കുവാന്‍ ആവശ്യപ്പെട്ടതും. അതിനാല്‍ തന്നെ പെസഹാ വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയില്‍ ഭക്തിയോടെ പങ്കെടുക്കണം.

4. ദിവ്യകാരുണ്യ ആരാധന

പെസഹാ വ്യാഴം ഈശോ വിശുദ്ധ കുര്‍ബാന സ്ഥപിച്ചതിന്റെ ദിനമാണ്. അടുത്ത ദിവസം ഈശോയുടെ പീഡാസഹനം ആരംഭിക്കുകയാണ്. അതിനാല്‍ പെസഹാ വ്യാഴാഴ്ച്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം  ദിവ്യകാരുണ്യ ആരാധനയിലേയ്ക്ക് കടക്കുന്നു. അര്‍ദ്ധരാത്രിവരെ ഈ ആരാധന തുടരുന്നു.

ദുഃഖവെള്ളി

1. പീഡാനുഭവ അറിയിപ്പ്

ഈശോ സ്വന്തം ജീവിതത്തെ നിന്ദനങ്ങള്‍ക്കും പീഡകള്‍ക്കും ഒടുവില്‍ കുരിശുമരണത്തിനും വിട്ടുകൊടുത്തു. ദുഃഖവെള്ളിയാഴ്ച ഈശോയുടെ പീഡാനുഭാവത്തിന്റെ സ്മരണ ആചരിക്കുമ്പോള്‍ ഈശോയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ചുള്ള വി. യോഹന്നാന്റെ സുവിശേഷ ഭാഗം ധ്യാനിക്കുക ഉചിതമാണ്.

2. ലോകത്തിനായി പ്രാര്‍ത്ഥിക്കുക

ദുഃഖവെള്ളിയാഴ്ച ലോകത്തിനു മുഴുവന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാനായി നമ്മുടെ സമയം നീക്കിവയ്ക്കണം. ഞായറാഴ്ച്ചകളിലും ഇടദിവസങ്ങളിലെ കുര്‍ബാനകളിലും നാം ദൈവത്തിനു മുന്നില്‍ യാചനകള്‍ സമര്‍പ്പിക്കാറുണ്ട്. ഇന്നേ ദിവസം നാം ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണം. മാര്‍പാപ്പാ മുതല്‍  സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവര്‍ക്കായി, അവരുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം.

3. കുരിശിന്റെ വന്ദനം

അപമാനത്തിന്റെയും പീഡനത്തിന്റെയും മരണത്തിന്റെയും ഉപകരണമായിരുന്ന കുരിശ് ക്രിസ്തുവിന്റെ മരണത്തിലൂടെ നമ്മുടെ രക്ഷയുടെ അടയാളമായി മാറി. കുരിശുമരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും ഈശോ നമുക്കായി രക്ഷയുടെ പാതയൊരുക്കി. അതിനാല്‍ ദുഃഖവെള്ളിയാഴ്ച്ച നാം കുരിശിനെ വണങ്ങുന്നു. കുരിശിനെ ചുംബിക്കുക വഴി അതിനെ വണങ്ങുക മാത്രമല്ല മറിച്ചു കുരിശിനാല്‍ ജീവിക്കുവാനുള്ള തീരുമാനം എടുക്കുക കൂടിയാണ് ചെയ്യുന്നത്.

ദുഃഖശനി 

1. പുത്തന്‍ തീ

തീയ്ക്ക്  ക്രിസ്തീയ അനുഷ്ഠാനങ്ങളിലും പാരമ്പര്യങ്ങളിലും നിർണ്ണായകമായ ഒരു സ്ഥാനമാണ് ഉണ്ടായിരുന്നത്. അന്ധകാരത്തെ കീഴടക്കുന്ന നന്മയുടെ പ്രകാശമായാണ് തീയെ കണക്കാക്കിയിരുന്നത്. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, യേശു ലോകത്തിന്റെ വെളിച്ചമാണ്. എല്ലാ അന്ധകാരത്തെയും വിജയിച്ചവനാണ് യേശു. ഈസ്റ്റർ ദിനത്തിൽ ഈശോയുടെ ഉത്ഥാനം ആഘോഷിക്കുകയാണ്. അന്ധകാരത്തെ കീഴടക്കിയ ഈശോയുടെ ഉത്ഥാനത്തെ സൂചിപ്പിച്ചുകൊണ്ടാണ് ദുഃഖശനിയാഴ്ച  പുത്തൻ തീ നൽകുന്നത്.

2. പുത്തൻ തിരി

മിശിഹായാകുന്ന പ്രകാശത്തെ സൂചിപ്പിക്കുകായാണ് പുത്തൻ ചിരിയിലൂടെ സഭ. പുത്തൻ തീ തെളിച്ച തിരി ഈസ്റ്റർ ദിവസം കത്തിച്ചുവയ്ക്കുന്നു.

3. ജ്ഞാനസ്‌നാന ജലം

മാമ്മോദീസായുടെ മൂന്നു പ്രതീകാത്മക തലങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് വെള്ളം ഉപയോഗിക്കുന്നത്. വെള്ളം അത് ശുദ്ധിയാക്കുകയും പഴയതിനെ ഇല്ലാതാക്കുകായും പുതിയ ജീവൻ നൽകുകയും ചെയ്യുന്നു. മാമ്മോദീസയിലൂടെയും സംഭവിക്കുന്നത് ഇത് തന്നെയാണ്. മാമ്മോദീസയിലൂടെ നാം ആദിപാപത്തിൽ നിന്ന് മോചനം നേടുന്നു. മാമ്മോദീസയിലൂടെ നാം ക്രിസ്തുവിൽ മരിക്കുന്നു. മാമ്മോദീസയിലൂടെ സഭയിലെ അംഗമായി പുതിയ ജീവിതത്തിലേയ്ക്ക് നയിക്കുന്നു. ദുഃഖശനിയാഴ്ച പാപങ്ങളാൽ കഴുകി വിശുദ്ധരായ നാം ക്രിസ്തുവിൽ പുതിയ വ്യക്തികളായി മാറുന്നതിനെ സൂചിപ്പിച്ചുകൊണ്ടാണ് പുത്തൻവെള്ളം നൽകുന്നത്.

4. വിശുദ്ധ തൈലം

ചർമ്മത്തിന് തിളക്കം പകരുന്നു എന്നത് തൈലത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്. ഈ അർത്ഥത്തിൽ വിശുദ്ധ തൈലം ഉപയോഗിക്കുന്നത് പ്രതീകാത്മകമായി ആണ്. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി നമ്മുടെ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുന്നു എന്ന അർത്ഥത്തിലാണ് വിശുദ്ധ തൈലം ഉപയോഗിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.