വാഴ്ത്തപ്പെട്ട കാർലോ അക്യൂത്തിസിനെപ്പോലെ ജീവിതം നയിച്ച മലയാളി യുവതിയുടെ ജീവിതം ശ്രദ്ധേയമാകുന്നു

കാൻസർ എന്ന രോഗത്തിന്റെ വേദനകളെ ഈശോയുടെ കുരിശിനോട്‌ ചേർത്ത്  വിശുദ്ധജീവിതം നയിച്ച പെണ്‍കുട്ടിയായിരുന്നു അജ്ന ജോർജ് എന്ന ജീസസ് യൂത്ത് പ്രവർത്തക.

ഏറെ പ്രത്യേകതകള്‍ ഉള്ളവളായിരുന്നു അവള്‍. ഓർമ്മ വച്ച നാൾ മുതൽ ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിച്ചവൾ. കാൻസർ രോഗം തന്റെ ശരീരത്തെ കാർന്നു തിന്നുമ്പോൾ പോലും ദിവ്യകരുണ്യനാഥനെ കാണാൻ അതിയായി ആഗ്രഹിച്ചവൾ. അജ്ന ജോർജ് എന്ന 27 വയസുകാരിയുടെ ജീവിതവിശുദ്ധിയെക്കുറിച്ച് അവളുടെ ആത്മീയപിതാവായ യുവവൈദികൻ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്…

വരാപ്പുഴ അതിരൂപതയിലെ വൈറ്റില സെന്റ് പാട്രിക് ഇടവകയിലെ മുട്ടുങ്കൽ ജോർജ് – അച്ചാമ്മ ദമ്പതികളുടെ മകളാണ് അജ്ന ജോർജ്. കാൻസർ രോഗത്തോട് പോരാടുമ്പോൾ പോലും ഈശോയെ ചേർത്തുപിടിച്ചു ജീവിച്ച അജ്ന, 2022 ജനുവരി 22 -നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. കാൻസർ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പോലും ദേവാലയത്തിലേക്ക് പോകാൻ അവൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ദിവ്യകാരുണ്യനാഥനോട് അതിയായ ഭക്തി പുലർത്തിയിരുന്ന അജ്ന, തന്റെ കോളേജ് പഠനകാലത്ത് ജീസസ് യൂത്തിൽ ചേർന്നത് അവളുടെ ആത്മീയജീവിതത്തിനു വലിയ പോഷണമാണ് നൽകിയത്. തന്നോട് സംസാരിക്കുന്നവർക്കു പോലും ഈശോയെ പങ്കുവയ്ക്കുക എന്ന ആഗ്രഹമാണ് അവളിൽ അതിയായി ജ്വലിച്ചിരുന്നത്.

സകലരെയും അത്ഭുതപ്പെടുത്തി ജീവിച്ച അവൾക്ക് ഏറ്റവും ചേരുന്നത്, ‘വാഴ്ത്തപ്പെട്ട കാർലോയുടെ സഹോദരി’ എന്ന പേരാണ് എന്ന് അവളുടെ ആത്മീയപിതാവ് പറയുന്നു. ബിരുദവും ബിരുദാനന്തരബിരുദവും മികച്ച മർക്കോടെ പാസായി തേവര എസ് എച്ച് കോളേജിലെ കൊമേഴ്‌സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഉദ്യോഗം ലഭിച്ച നാളുകളിലാണ് അവളിൽ അർബുദരോഗം ഒരു വില്ലനായി എത്തിയത്. അടിയന്തര ശാസ്ത്രക്രിയകളും ചികിത്സകളും നടത്തിയെങ്കിലും അർബുദം അവളുടെ ശരീരത്തെ മുഴുവൻ ബാധിച്ചിരുന്നു. അവൾ ഈശോയോട് കൂടുതൽ സഹനങ്ങൾ ചോദിച്ചുവാങ്ങി. ലോക്ക് ഡൗൺ ദിനങ്ങളിൽ വിശുദ്ധ കുർബാനയുമായി ദിവസവും അവളുടെ ഭവനത്തിലേക്ക് പോയിരുന്ന ദിവസങ്ങൾ അവളുടെ ആത്മീയപിതാവിന് ഇന്നും മറക്കാനാവുന്നതല്ല. ആശുപത്രിയിൽ അവൾ കിടന്നിരുന്ന മുറി ഒരു ചെറുചാപ്പലായി അവൾ മാറ്റി.

2022 ജനുവരി 22 -ന് രോഗിലേപനം സ്വീകരിച്ചതിനു ശേഷം അവൾ വിശുദ്ധ കുർബാന സ്വീകരിച്ചു. തുടർന്ന് ശാന്തമായി ‘ഈശോ മറിയം ഔസേപ്പേ’ എന്ന സുകൃതജപം ചൊല്ലി അവൾ ഈശോയോട് ചേർന്നു.

വി. അൽഫോൻസാമ്മയുടെ സംസ്കാരവേളയിൽ വിശുദ്ധയുടെ ആത്മീയപിതാവ് പറഞ്ഞ അതേ വാക്കുകൾ തന്നെ അജ്നനയുടെ ശവസംസ്കാര ശുശ്രൂഷയിലും ആവർത്തിക്കപ്പെട്ടു. “നമ്മൾ പങ്കുചേരുന്നത് ഒരു വിശുദ്ധയുടെ ശവസംസ്കാര ശുശ്രൂഷയിലാണ്.”

സഹനങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തിയവളെ ദൈവം കൂടുതല്‍ ഉയര്‍ത്തട്ടെ. സ്വർഗ്ഗത്തിൽ നമുക്കായി പ്രാർത്ഥിക്കാനായി ഒരാള്‍ കൂടി ഉണ്ടായി എന്ന് നമുക്ക് വിശ്വസിക്കാം.

രഞ്ജിൻ ജെ. തരകൻ

കടപ്പാട്: ഫാ. ജീൻ ഫെലിക്‌സ് കാട്ടാശേരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.