പതിനായിരങ്ങൾക്ക് സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി തുറന്നുകൊടുത്ത വൈദികൻ

ദൈവത്തിന് വഴിയൊരുക്കുക, ആത്മാക്കളെ സ്വർഗ്ഗത്തിലേയ്ക്ക് നയിക്കുക – ഏതൊരു പുരോഹിതന്റെയും കർത്തവ്യമാണത്. പുരോഹിതന്റേത് എന്ന ഒരു വിഭാഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു കർത്തവ്യം എന്നുതന്നെ പറയാനാകില്ല. കാരണം, ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിനു സാക്ഷിയാവുക എന്ന വലിയ ഒരു ദൗത്യത്തിലേയ്ക്കു തന്നെയാണ്. എങ്കിൽക്കൂടിയും കൂദാശകളിലൂടെ ദൈവജനത്തിന് ദൈവത്തിലേയ്ക്ക് വഴിയൊരുക്കുക എന്ന പ്രത്യേക ദൗത്യം നി ക്ഷിപ്തമായിരിക്കുന്നത് വൈദികരിൽ തന്നെ.

അനേകം വിശുദ്ധ വൈദികജീവിതങ്ങൾ നമുക്ക് മുമ്പിലുണ്ട്. ഈ വൈദികർക്കിടയിൽ ലാളിത്യം കൊണ്ടും വിനയം കൊണ്ടും ഏറെ ശ്രദ്ദേയനായ ഒരു വിശുദ്ധനാണ് വി. ജോൺ മരിയ വിയാനി. തന്റെ കഴിവിനുമപ്പുറമായി, എല്ലാം ചെയ്യുവാൻ കഴിവുള്ള ദൈവത്തിൽ, തന്നെ പൂർണ്ണമായും സമർപ്പിച്ച ആ വൈദികൻ അറിയപ്പെടുന്നതു തന്നെ ‘പതിനായിരങ്ങൾക്ക് സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിലായ വൈദികൻ’ എന്നാണ്.

സെമിനാരിയിലെ മരമണ്ടൻ

ഒരു വൈദിക വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം നിരവധി കടമ്പകളുണ്ട്. അതിലൊന്നാണ് സെമിനാരി ജീവിതം. പരീക്ഷകളും പഠനങ്ങളും പരിശീലനങ്ങളും ഉൾപ്പെടുന്ന സെമിനാരി ജീവിതം. പഠിക്കുവാൻ അത്ര വലിയ മിടുക്കാനൊന്നും അല്ലാതിരുന്ന ജോണിനെ ഈ സെമിനാരിയുടെ പടിക്കലേയ്ക്ക് എത്തിച്ചത്, ഒരു വൈദികനാകണം എന്ന ആഴമായ ആഗ്രഹമായിരുന്നു. വെറും വൈദികൻ അല്ല വിശുദ്ധനായ വൈദികൻ! അത് കാലം തെളിയിക്കുക തന്നെ ചെയ്തു.

സെമിനാരിയിൽ എത്തിയ അദ്ദേഹത്തിന് പഠനവിഷയങ്ങൾ, പഠിച്ചെടുക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. പരീക്ഷയ്ക്ക് പൂജ്യം മാർക്ക് വാങ്ങിയ അദ്ദേഹം ഏറെ സങ്കടത്തോടെ വീട്ടിലേയ്ക്കു മടങ്ങുവാൻ പോവുകയാണ്. വൈദികനാകുക എന്ന തന്റെ സ്വപ്നം ഇല്ലാതായ സങ്കടത്താൽ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ രൂപതയിലെ ബിഷപ്പിന്റെ രൂപത്തിൽ ദൈവം ഇടപെടുന്നത്.

പഠനത്തിൽ തോറ്റുവെങ്കിലും ഏതു നിമിഷവും ദിവ്യകാരുണ്യനാഥന്റെ മുന്നിൽ തീക്ഷ്ണതയോടെ, വിശുദ്ധിയോടെ ആയിരിക്കുവാൻ വെമ്പൽ കൊള്ളുന്ന ആ സെമിനാരി വിദ്യാർത്ഥിയുടെ തീക്ഷ്ണതയെ കണ്ടില്ല എന്ന് നടിക്കുവാൻ ബിഷപ്പിന് കഴിഞ്ഞില്ല. അദ്ദേഹം ആ വൈദിക വിദ്യാർത്ഥിയെ പൗരോഹിത്യത്തിന്റെ പടവുകളിലേയ്ക്ക് നയിച്ചു. ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവരെ, താൻ വിളിച്ചവരെ ഒരിക്കലും കൈവിടുകയില്ല എന്ന് ലോകത്തിനു മുന്നിൽ ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട്, പരീക്ഷയിൽ പൂജ്യം മാർക്ക് വാങ്ങിയ ആ വൈദിക വിദ്യാർത്ഥി കർത്താവിന്റെ പൗരോഹിത്യത്തിലേയ്ക്ക് കടന്നുവന്നു.

സ്വർഗ്ഗത്തിലേയ്ക്കുള്ള വഴികാട്ടാൻ ആർസിലേയ്ക്ക്

പൗരോഹിത്യ സ്വീകരണത്തിനു ശേഷം അദ്ദേഹത്തിന്റെ അധികാരി, വിയാനിയച്ചനോട് ചോദിച്ചത്, ‘ആർസിലെ പൂട്ടിക്കിടക്കുന്ന ദേവാലയത്തിലേയ്ക്ക് മകനേ നിനക്ക് പോകാമോ’ എന്നായിരുന്നു. ആ ഇടവകയുടെ പശ്ചാത്തലം വച്ച്, വൈദികർ പോകാൻ ഭയക്കുന്ന ഒന്നായിരുന്നു അവിടം. വൈദികരെയും കർത്താവിന്റെ അഭിഷിക്തരെയും ഉപദ്രവിക്കുന്ന ആളുകളുടെ ഒരു സമൂഹം. വൈദികരെ തല്ലാനും ഉപദ്രവിക്കുവാനും കാത്തിരിക്കുന്ന ആ സമൂഹത്തിലേയ്ക്ക് ദൈവത്തിന്റെ സ്നേഹദൂതുമായി കടന്നുചെല്ലുവാനുള്ള വലിയ ഒരു ക്ഷണം. അക്ഷരാർത്ഥത്തിൽ അപകടസാധ്യത ഏറെയുള്ള ഒരു ഉത്തരവാദിത്വം.

താൻ കടന്നുചെല്ലുന്ന ഇടവകയുടെ പശ്ചാത്തലം നന്നായി അറിയാമായിരുന്ന ആ സാധുവൈദികൻ ആ വെല്ലുവിളി പൂർണ്ണമനസോടെ ഏറ്റെടുത്തു. അവിടേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പുകളൊക്കെയും ദൈവഹിതത്തിന് വിട്ടുകൊടുത്തു കൊണ്ട് പ്രാർത്ഥിച്ച് ഒരുങ്ങി. അങ്ങനെ ആർസിലേയ്ക്ക് അദ്ദേഹമെത്തി. പള്ളിയിലേയ്ക്കുള്ള വഴി അദ്ദേഹത്തിന് അറിയില്ല. സമീപത്ത് കളിച്ചുകൊണ്ടു നിന്ന ഒരു കുട്ടിയോട് അദ്ദേഹം പള്ളിയിലേയ്ക്കുള്ള വഴി ചോദിച്ചപ്പോൾ, എന്തു പ്രതിഫലം നൽകും എന്നായി അവൻ. ആ നിഷ്കളങ്ക ചോദ്യത്തിനു മുന്നിൽ ആ വൈദികൻ നൽകിയ മനോഹരമായ മറുപടി ഇതാണ്: “പള്ളിയിലേയ്ക്കുള്ള വഴി കാണിച്ചുതന്നാൽ ഞാൻ നിനക്ക് സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി കാണിച്ചുതരാം.”

ആ വാക്കുകൾ പിന്നീട് അന്വർത്ഥമാവുകയായിരുന്നു. ഇടവകയിൽ ആദ്യ ദിനം വിശുദ്ധ കുർബാന അർപ്പിച്ച അദ്ദേഹം പിന്നീട് ഭവനങ്ങളിലേയ്ക്കും അവർ ആയിരിക്കുന്ന ഇടങ്ങളിലേയ്ക്കും കടന്നുചെന്നു. അന്നുവരെ ദേവാലയത്തിൽ നിന്നു മാത്രം ഉപദേശങ്ങൾ നൽകുന്ന വൈദികരെ കണ്ടു പരിചയിച്ച ജനങ്ങൾക്ക്, തങ്ങളിലേയ്ക്ക് ഇറങ്ങിവന്ന ആ വൈദികൻ അത്ഭുതമായി അനുഭവപ്പെട്ടു. സ്വതസിദ്ധമായ ശൈലിയിൽ ജനങ്ങളുടെ മനസുകളെ നേടിയെടുക്കുവാൻ കഴിയുംവിധത്തിൽ അദ്ദേഹത്തിലൂടെ ദൈവം പ്രവർത്തിച്ചു. ആ വൈദികൻ കടന്നുപോയ വഴികളിലൊക്കെ വിശുദ്ധിയുടെ പരിമളം വീശുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.

തുടർന്ന് അദ്ദേഹം ചെയ്തത്, ദേവാലയത്തിലെത്തി സക്രാരിക്കു മുന്നിൽ മുട്ടുകുത്തി കൈവിരിച്ചു പ്രാർത്ഥിക്കുവാൻ തുടങ്ങി. ജപമാല പ്രാർത്ഥന തുടങ്ങി. “ഈ മണ്ടനായ എന്നെ ദൈവമേ, നീ എടുത്ത് ഉപയോഗിക്കണമേ…” എന്നുള്ള ആ പ്രാർത്ഥന പിറ്റേന്ന് രാവിലെ വരെ തുടർന്നു. പിറ്റേന്ന് രാവിലെ അദ്ദേഹത്തെപ്പോലും അതിശയിപ്പിച്ചു കൊണ്ട് പള്ളി നിറയെ ആളുകളെത്തി. അന്ന് അദ്ദേഹം വിശുദ്ധ കുർബാന മധ്യേ ബൈബിൾ നെഞ്ചോടു  ചേർത്തുവച്ചു കൊണ്ട് ഇടവക ജനത്തോടു പറഞ്ഞത് ഒരേയൊരു കാര്യമാണ്: “മക്കളേ, ദൈവം സ്നേഹമാണ്.” പിന്നീട് അവിടെ സംഭവിച്ചതൊക്കെയും അത്ഭുതമായിരുന്നു. പാപികളാണെന്ന ബോധ്യം ആ കുർബാന മധ്യേ അവർക്കു ലഭിച്ചു. അന്ന് വിശുദ്ധ കുർബാന അർപ്പിച്ചതിനു ശേഷം അദ്ദേഹം നേരെ പോയത് കുമ്പസാരക്കൂട്ടിലേയ്ക്കാണ്.

വിശുദ്ധ കുർബാനയിൽ തങ്ങൾ പാപികളാണെന്ന തിരിച്ചറിവ് ലഭിച്ച ആ ഇടവക ജനം, കുമ്പസാരക്കൂട്ടിലേയ്ക്ക് ഒഴുകിയെത്തി. ഈറനണിഞ്ഞ കണ്ണുകളോടെ കുമ്പസാരക്കൂട്ടിലേയ്ക്കണഞ്ഞ ആ ദേവാലയത്തിലെ മുഴുവൻ ആളുകളേയും കുമ്പസാരിപ്പിച്ച്‌ അദ്ദേഹം എഴുന്നേറ്റത് രാത്രിയിൽ. അതുവരെ വൈദികരെ ചീത്ത പറഞ്ഞ, തല്ലാൻ കൈ ഓങ്ങിയ ഒരു ഇടവക മുഴുവൻ മാനസാന്തരത്തിലേയ്ക്ക് കടന്നുവന്നു. അപ്പോഴും പൂജ്യം വാങ്ങിയ ഈ വൈദിക വിദ്യാർത്ഥി ദൈവത്തിന്റെ മുന്നിൽ എളിമയോടെ മുട്ടു കുത്തി നിന്നു. അദ്ദേഹം മരിച്ചപ്പോൾ ജനങ്ങൾ ഒന്നാകെ പൊട്ടിക്കരഞ്ഞു കൊണ്ട് വിളിച്ചുപറഞ്ഞു: “ഞങ്ങളുടെ വിശുദ്ധൻ മരിച്ചുപോയി…”

അങ്ങനെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് സ്വർഗത്തിലേയ്ക്കുള്ള വഴികാട്ടിയായി മാറുന്നതിന് ദൈവം ആ വൈദികനെ, വി. ജോൺ മരിയ വിയാനിയെ ഒരു ഉപകരണമാക്കി മാറ്റി.