
നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പംതന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകളും ലഭിക്കേണ്ടത് അത്യാവശ്യമാണ്. പ്രോട്ടീൻസമ്പന്നമായ ഷേക്കുകൾ കുടിക്കുന്നത് പേശികളുടെ വളർച്ച, അസ്ഥികളുടെ ആരോഗ്യം, ശരീരഭാരം കുറയ്ക്കൽ എന്നിവയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു എളുപ്പമാർഗം കൂടിയാണ്. എന്നാൽ പ്രോട്ടീനുകൾ എങ്ങനെ കഴിക്കണം എന്ന കാര്യവും നമ്മൾ അറിഞ്ഞിരിക്കണം. പാൽ അല്ലെങ്കിൽ വെള്ളം ഉപയോഗിച്ച് പ്രോട്ടീൻ ഷേക്കുകൾ ഉണ്ടാക്കാം. ഇത് അവയുടെ പ്രോട്ടീൻ ഉള്ളടക്കത്തെയും മൊത്തത്തിലുള്ള പോഷകമൂല്യത്തെയും ബാധിക്കുന്നു.
പാലോ വെള്ളമോ ഏതാണ് മികച്ചത്
പ്രോട്ടീൻ പൗഡർ പാലിലാണോ, വെള്ളത്തിലാണോ കലർത്തേണ്ടത് എന്നത് തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. ഇത് ഒരാളുടെ ആരോഗ്യലക്ഷ്യങ്ങളും വ്യക്തിഗത അഭിരുചികളും ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. പ്രോട്ടീൻ ഷേക്ക് കഴിയുന്നത്ര കുറഞ്ഞ കലോറിയായി നിലനിർത്താനാണ് ആഗ്രഹിക്കുന്നതെങ്കിൽ വെള്ളമാണ് നല്ലത്. കലോറി ഇല്ലാത്തതിനാൽ പാലിനെക്കാൾ മികച്ച ഓപ്ഷൻ വെള്ളമാണ്.
ഷെയ്ക്കിൽ കൂടുതൽ കലോറിയും പ്രോട്ടീനും വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പാലാണ് മികച്ച ഓപ്ഷൻ. പാലിൽ കലോറി, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുണ്ട്. ഒരു കപ്പ് മുഴുവൻ പാലിൽ 149 കലോറി, 11.3 ഗ്രാം കാർബോഹൈഡ്രേറ്റ്, 7.81 ഗ്രാം കൊഴുപ്പ്, 7.98 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ഷേക്കിൽ ചേർക്കാൻ കുറഞ്ഞ കൊഴുപ്പ് അല്ലെങ്കിൽ കൊഴുപ്പ് നീക്കം ചെയ്ത പാൽ തിരഞ്ഞെടുക്കാവുന്നതാണ്.
വെള്ളത്തോടൊപ്പം ചേർക്കുമ്പോഴുള്ള ഗുണം
വെള്ളത്തിൽ കലോറി അടങ്ങിയിട്ടില്ലാത്തതിനാൽതന്നെ പ്രോട്ടീൻ ഷേക്കുകളിൽ കഴിയുന്നത്ര കലോറി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വാട്ടർ ബേസ്ഡ് പ്രോട്ടീൻ ഷേക്കുകൾ മികച്ചതായിരിക്കും. വെള്ളവും 30 ഗ്രാം വേ പ്രോട്ടീൻ പൗഡറും ചേർത്തു നിർമ്മിച്ച ഒരു പ്രോട്ടീൻ ഷേക്കിൽ 100 കലോറിയും 25 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഒരു കപ്പ് പാലിൽ 249 കലോറിയും 32.98 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു.
യാത്രകളിൽ പ്രോട്ടീൻ ഷേക്കുകൾ ആസ്വദിക്കാൻ താൽപര്യമുള്ളവരും വെള്ളം ചേർക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം എവിടെ നിന്നും എളുപ്പത്തിൽ വെളളം ചേർത്ത് പ്രോട്ടീൻ ഷേക്കുകൾ ഉണ്ടാക്കാൻ സാധിക്കും. കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വാട്ടർ ബേസ്ഡ് പ്രോട്ടീൻ ഷേക്കുകൾ ആയിരിക്കും നല്ലത്.
പാലിനൊപ്പം ചേർക്കുമ്പോഴുള്ള ഗുണങ്ങൾ
ഒരു കപ്പ് പാലിൽ ഏകദേശം എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പാലിൽ പ്രോട്ടീൻ ചേർക്കുന്നതോടെ ഇത് അധികമാകുന്നു. പേശികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന വേ, കസീൻ പ്രോട്ടീനുകൾ എന്നിവ പാലിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് പേശികളെ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കിടയിൽ പാലും ചോക്ലേറ്റ് പാലും ജനപ്രിയമായത്. പാൽ കാർബോഹൈഡ്രേറ്റുകൾ നൽകുന്നതിനാൽ ഇത് പേശികളിലെ ഗ്ലൈക്കോജന്റെ സംഭരണം നിറയ്ക്കുന്നു. ഇത് തീവ്രമായ വ്യായാമങ്ങളിൽ നമ്മുടെ ശരീരം ഊർജമായി ഉപയോഗിക്കുന്ന ഗ്ലൂക്കോസിന്റെ രൂപമാണ്.