ക്രൂശിതരൂപത്തിൽ നിന്ന് സംസാരിച്ച ഈശോ: വി. തോമസ് അക്വീനാസിന് ലഭിച്ച ദർശനം

ഡൊമിനിക്കൻ വൈദികനും ദൈവശാസ്ത്രജ്ഞനും സഭാപണ്ഡിതനുമായി അറിയപ്പെട്ടിരുന്ന വിശുദ്ധനാണ് വി. തോമസ് അക്വീനാസ്. ദൈവശാസ്ത്രപരമായ പല വിഷയങ്ങളിലും നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം വിദ്യാർത്ഥികളുടെ മദ്ധ്യസ്ഥനായിട്ടാണ് അറിയപ്പെടുന്നത്. വിശുദ്ധമായ ജീവിതം നയിച്ച അദ്ദേഹത്തിന് ദൈവീകമായ ഒരുപാട് വെളിപാടുകൾ ലഭിച്ചിരുന്നു. അതിൽ ഒരു ദർശനത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

അനേകം പുസ്തകങ്ങളും മറ്റും എഴുതിയ പണ്ഡിതനായിരുന്നല്ലോ വി. തോമസ് അക്വീനാസ്. ഒരു പുസ്തകം തയ്യാറാക്കുന്നതിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുകയായിരുന്നു അദ്ദേഹം. ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള ആ പുസ്തകം പൂർത്തിയായി, അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ സമയത്താണ് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനായി വിശുദ്ധൻ പോകുന്നത്. വിശുദ്ധ ബലിക്കിടയിൽ ക്രൂശിതരൂപത്തിൽ നിന്ന് ഈശോ തോമസിനോടു സംസാരിച്ചു.

“തോമസ്‌, നീ എന്നെ നന്നായി എഴുതിയിരിക്കുന്നു; നിനക്കെന്തു പ്രതിഫലം വേണം?” ക്രൂശിതരൂപത്തിൽ നിന്നും ഈശോ ചോദിച്ചത് ഇപ്രകാരമായിരുന്നു.

മറുപടിയായി അദ്ദേഹം പറഞ്ഞത്, “അങ്ങയെ അല്ലാതെ മറ്റൊന്നും എനിക്ക് വേണ്ട” എന്നായിരുന്നു.

ഈശോയുടെയും വിശുദ്ധന്റെയും സംഭാഷണത്തിന് സാക്ഷികളായി ഏതാനും വൈദികരും ഉണ്ടായിരുന്നു. ഈ അനുഭവത്തെ തുടർന്ന്, വി. തോമസ് തന്റെ കുമ്പസാരക്കാരനോട്, താൻ രചനകൾ പൂർത്തിയാക്കിയതായി പറഞ്ഞു. എങ്കിലും വീണ്ടും രചനകൾ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് കുമ്പസാരക്കാരൻ ചെയ്തതെങ്കിലും വിശുദ്ധൻ അത് നിരസിക്കുകയാണുണ്ടായത്. തനിക്ക് വെളിപ്പെട്ടവയെല്ലാം എഴുതിയാൽ അതിന്റെ മൂല്യം കുറഞ്ഞു പോകും എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സംഭവം നടന്ന് ഒരു വർഷത്തിനു ശേഷം വിശുദ്ധൻ മരണമടഞ്ഞു.

മരിയ ജോസ്

1 COMMENT

Leave a Reply to AnonymousCancel reply