
റോമിലെ സ്പാനിഷ് പടികളിലേക്ക് എല്ലാ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്താറുണ്ട്. എന്നാൽ ഈ പടികൾക്ക് മുകളിൽ വി. കൊച്ചുത്രേസ്യയുമായി പ്രത്യേക ബന്ധമുള്ള ഒരു ചാപ്പൽ ഉണ്ടെന്ന് ചുരുക്കം ചിലർക്ക് മാത്രമേ അറിയാവൂ. ‘മാത്തർ അഡ്മിറാബിലിസ്’ – ഏറ്റവും പ്രശംസനീയമായ അമ്മ – എന്ന ഈ ചാപ്പലിനെക്കുറിച്ച് കൂടുതൽ അറിയാം.
1887-ൽ, റോമിലേക്കുള്ള ഒരു തീർഥാടനവേളയിൽ, കൊച്ചുത്രേസ്യ സ്പാനിഷ് പടികൾക്ക് മുകളിലുള്ള ഒരു കോൺവെന്റിനുള്ളിൽ ഉണ്ടായിരുന്ന ‘മാത്തർ അഡ്മിറാബിലിസ്’ എന്ന ചാപ്പൽ സന്ദർശിച്ചിരുന്നു. അവിടെ, പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു പെയിന്റിംഗിന് മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ചു. 15 വയസ്സുള്ളപ്പോൾ കാർമെലൈറ്റ് കോൺവെന്റിൽ പ്രവേശിക്കാനുള്ള കൃപയ്ക്കായിട്ടായിരുന്നു അവളുടെ പ്രാർഥന. വത്തിക്കാനിൽ ലെയോ പതിമൂന്നാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ വേളയിലും തന്റെ ദൈവവിളിയെക്കുറിച്ച് കൊച്ചുത്രേസ്യാ ധൈര്യത്തോടെ അഭ്യർത്ഥിച്ചു.
വി. കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ 100-ാം വാർഷികമാണ് ഈ വർഷം. 1925 മെയ് 17 ന് ആയിരുന്നു കൊച്ചുത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്. 1997 ൽ സഭയുടെ വേദപാരംഗതയായി പ്രഖ്യാപിക്കപ്പെട്ട കൊച്ചുത്രേസ്യ ഏറ്റവും പ്രിയപ്പെട്ട കത്തോലിക്കാ വിശുദ്ധരിൽ ഒരാളാണ്. ശിശുസമാന വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആത്മീയതയിലൂടെ പേരുകേട്ടവളാണ് ഈ വിശുദ്ധ.
‘മാത്തർ അഡ്മിറാബിലിസ്’ – ഏറ്റവും പ്രശംസനീയമായ അമ്മ – ചാപ്പൽ
‘മാത്തർ അഡ്മിറാബിലിസ്’ ചാപ്പൽ ഇന്ന് വളരെക്കുറച്ചേ അറിയൂവെങ്കിലും, 19-ാം നൂറ്റാണ്ടിലെ റോമിലേക്കുള്ള കത്തോലിക്കാ തീർഥാടകർക്ക് ഈ ചാപ്പൽ വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. വി. ഡോൺ ബോസ്കോ ഈ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിച്ചിട്ടുണ്ട്. പയസ് പന്ത്രണ്ടാമൻ മാർപാപ്പയും ഈ ചാപ്പലിലുള്ള പരിശുദ്ധ അമ്മയുടെ ചിത്രം സന്ദർശിക്കുകയും ചിത്രത്തിന് ‘മാത്തർ അഡ്മിറാബിലിസ്’ അല്ലെങ്കിൽ ‘ഏറ്റവും പ്രശംസനീയമായ അമ്മ’ എന്ന പദവി നൽകുകയും ചെയ്തു.
1844-ൽ, സൊസൈറ്റി ഓഫ് സേക്രഡ് ഹാർട്ടിലെ പോസ്റ്റുലന്റായ പോളിൻ പെർഡ്രോവിനോട് സിസ്റ്റേഴ്‌സ് സ്കൂളിന്റെ വിനോദ മുറിയുടെ ചുവരിൽ കന്യകാമറിയത്തിന്റെ ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. അവൾ മുമ്പ് വരച്ചിട്ടിട്ടുണ്ടെങ്കിലും, ഫ്രെസ്കോ (ചുവർ പൂശിയ ഉടനെ നനവോടെ വരയ്ക്കുന്ന ചുവർചിത്രം) രീതിയിൽ വരയ്ക്കുന്നത് പ്രതീക്ഷിച്ചതിലും കൂടുതൽ ബുദ്ധിമുട്ടാണെന്ന് അവൾ മനസിലാക്കി.
റോസ് നിറമുള്ള വസ്ത്രം ധരിച്ച ഒരു യുവതിയായി അവൾ പരിശുദ്ധ അമ്മയെ ചിത്രീകരിച്ചു. ആദ്യം ചിത്രം പൂർത്തിയായപ്പോൾ പലരും ഇഷ്ടക്കേട് പ്രകടിപ്പിച്ചെങ്കിലും ആഴ്ചകൾക്കുശേഷം, നിരവധിപ്പേർ ആ ചിത്രം കണ്ട് ആകൃഷ്ടരായി. സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നിട്ടും അത് മനോഹരമാണെന്ന് പറഞ്ഞു.
1846 ഒക്ടോബർ 20-ന്, പയസ് ഒൻപതാമൻ മാർപാപ്പ കോൺവെന്റ് സന്ദർശിക്കുകയും അപ്പോൾ ഈ ചുവർചിത്രം കാണുകയും അതിന് ‘മാത്തർ അഡ്മിറാബിലിസ്’ എന്ന പേര് നൽകുകയും ചെയ്തു. ആ ചിത്രം ഉണ്ടായിരുന്ന ഇടനാഴി ഒരു ചാപ്പലാക്കി മാറ്റാൻ ആഹ്വാനംനൽകുകയും ചെയ്തു.
പിന്നീട് നിരവധി അത്ഭുതകരമായ രോഗശാന്തികളും ആത്മീയ കൃപകളും ഈ ചാപ്പലുമായി ബന്ധപ്പെട്ട് ഉണ്ടായി. ‘മാത്തർ അഡ്മിറാബിലിസ്’ എന്ന പേരിൽ അറിയപ്പെടുന്ന പരിശുദ്ധ അമ്മയുടെ ഈ ചാപ്പൽ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുന്നു.