ബൈബിളിലെ അഭിഭാഷകൻ

ഒരു അഭിഭാഷകന്റെ ചുമതല നമ്മുടെ കേസ് നിയമത്തിനും കോടതിക്കും മുന്നിൽ വാദിക്കുക എന്നതാണ്. രണ്ടു വിഭാഗത്തിനുമിടയിലെ ഒരു വക്താവാണ് അഭിഭാഷകർ. ബൈബിളിൽ, പ്രത്യേകിച്ച് പുതിയ നിയമത്തിൽ യേശു ഒരു ‘അഭിഭാഷകനെ’ കുറിച്ച് സംസാരിക്കുന്നുണ്ട്. പരിശുദ്ധാത്മാവാണ് ഈ അഭിഭാഷകൻ. എന്നാൽ വി. യോഹന്നാന്റെ ലേഖനത്തിൽ ഒരു അഭിഭാഷകനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. യേശുവാണ് നമ്മുടെ ആദ്യ അഭിഭാഷകൻ എന്നാണു അദ്ദേഹം അവകാശപ്പെടുന്നത്.

‘എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപം ചെയ്യാതിരിക്കേണ്ടതിനാണ് ഞാൻ ഇവ നിങ്ങൾക്കെഴുതുന്നത്. എന്നാൽ, ആരെങ്കിലും പാപം ചെയ്യാനിടയായാൽത്തന്നെ പിതാവിന്റെ സന്നിധിയിൽ നമുക്ക് ഒരു മധ്യസ്ഥനുണ്ട്, നീതിമാനായ യേശുക്രിസ്തു’ (1 യോഹ. 2:1).

തന്റെ കേസ് വാദിക്കാൻ തനിക്ക് സ്വർഗത്തിൽ ഒരു അഭിഭാഷകനുണ്ടെന്ന് ജോബ് സമാനമായി പരാമർശിക്കുന്നു.

‘ഭൂമി എന്റെ രക്തം മറച്ചുകളയാതിരിക്കട്ടെ! എന്റെ വിലാപം അവസാനിക്കാതിരിക്കട്ടെ!
ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ ജാമ്യക്കാരൻ ഉന്നതത്തിലും ഇരിക്കുന്നു’ (ജോബ് 16:18-19).

അതേ സമയം, പിതാവിന്റെ മുമ്പാകെ നമ്മുടെ അഭിഭാഷകനായി പരിശുദ്ധാത്മാവിനെ യേശു ചൂണ്ടിക്കാണിക്കുന്നു.

‘എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തുതരും. നിങ്ങൾ എന്നെ സ്‌നേഹിക്കുന്നുവെങ്കിൽ എന്റെ കൽപന പാലിക്കും’

‘നിങ്ങളോടുകൂടെ ആയിരിക്കുമ്പോൾത്തന്നെ ഇതു ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു. എന്നാൽ, എന്റെ നാമത്തിൽ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും’ (യോഹ.14:14-16, 25-26).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.