ജപമാല കണ്ട് തിരിച്ചുനടന്ന കൊലയാളി

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ അമേരിക്കയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ഒരു സീരിയൽ കൊലയാളി ആയിരുന്നു തിയോഡോർ റോബർട്ട് ബണ്ടി എന്ന ടെഡ്‌ ബണ്ടി. 1974-നും 1978-നുമിടയിൽ നിരവധി യുവതികളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊന്നതായി 1989-ൽ വധിക്കപ്പെടുന്നതിനു മുമ്പ് ടെഡ് ഏറ്റുപറഞ്ഞിട്ടുണ്ട്. ഈ ടെഡുമായി ബന്ധപ്പെട്ട  ജപമാലയുടെ ഒരു അത്ഭുതകഥയാണിത്.

1978 ജനുവരി 15-ന് രാത്രിയിൽ അമേരിക്കയിലെ ഫ്ലോറിഡയിലുള്ള സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ചി ഒമേഗ സോറിറ്റി (Chi Omega) ഹോസ്റ്റലിൽ ടെഡ്‌ ബണ്ടി അതിക്രമിച്ചു കടന്നു. വെളിപ്പിന് മൂന്നു മണിക്ക് രണ്ടു പെൺകുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം അടുത്ത മുറിയിലെ ആളെ കൊല്ലാനായി ഇറങ്ങി. കൈയിലുള്ള ബാറ്റുമായി പെൺകുട്ടിയുടെ അടുത്തേക്ക് പാഞ്ഞടത്തെങ്കിലും പെൺകുട്ടിയുടെ കൈയ്യിൽ തൂങ്ങിക്കിടന്നിരുന്ന ജപമാല കണ്ട് ബാറ്റ് താഴെയിട്ട് ഒരു പൂച്ചക്കുട്ടിയെപ്പോലെ ടെഡ്‌ ബണ്ടി അവിടുന്ന് ഇറങ്ങിപ്പോയി.

മരണം മുന്നിൽക്കണ്ട പെൺകുട്ടിക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. പോലീസുകാർ സംഭവസ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ഭയന്നുവിറച്ചിരുന്ന പെൺകുട്ടിക്ക് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സ്ഥലത്തെ വികാരിയച്ചനായിരുന്ന മോൺസിഞ്ഞോർ വില്യം കേറിനോട് പെൺകുട്ടി നടന്ന സംഭവങ്ങൾ വിവരിച്ചു.

യൂണിവേഴ്സിറ്റി പഠനത്തിനായി പുറപ്പെടുമ്പോൾ പെൺകുട്ടിയോട് ഒരു കാര്യം മാത്രമേ അവളുടെ വല്യമ്മ ആവശ്യപ്പെട്ടിരുന്നുള്ളൂ. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിനു മുമ്പ് ജപമാല ചെല്ലി പ്രാർത്ഥിക്കുക. എല്ലാ ദിവസവും അവൾ ഈ വാഗ്ദാനം പാലിച്ചുപോന്നു. ആ രാത്രിയിൽ ജപമാല പ്രാർത്ഥന ചെല്ലുന്നതിനിടയിൽ അവൾ ഉറങ്ങിപ്പോയി. ബണ്ടി മുറിയിൽ അതിക്രമിച്ചു കടന്നപ്പോൾ പെൺകുട്ടിയുടെ  കൈയ്യിൽ ജപമാല തൂങ്ങിക്കിടക്കുന്നതു കണ്ടാണ് അയാള്‍ ഇറങ്ങിപ്പോയത്.

വർഷങ്ങൾ കടന്നുപോയി. വധശിക്ഷ കാത്തു ജയിലിൽ കിടന്ന ടെഡ് ബണ്ടി  ആത്മീയ ഉപദേശത്തിനായി ജയിലധികൃതരോട് ഒരു വൈദികനെ ആവശ്യപ്പെട്ടു. അത്ഭുതമെന്നു പറയട്ടെ, ജയിലിൽ ബണ്ടിനോടു സംസാരിക്കാൻ അന്നു വന്ന വൈദികൻ മോൺസിഞ്ഞോർ വില്യം കേർ തന്നെയായിരുന്നു. സംസാരത്തിനിടയിൽ ഫ്ലോറിഡയിലെ സോറിറ്റി ഹൗസിൽ നടന്ന സംഭവം ബണ്ടി വിവരിച്ചു. “കൊല്ലുക എന്ന ഒറ്റ ഉദ്ദേശ്യവുമായിട്ടായിരുന്നു അന്നു രാത്രി പെൺകുട്ടിയുടെ മുറിയിൽ പ്രവേശിച്ചത്. പക്ഷേ, ആ മുറിയിൽ കാൽ വച്ചതേ ഒരു അജ്ഞാതശക്തി എന്നെ  പിറകോട്ടു വലിച്ചു. ആയുധം വലിച്ചെറിഞ്ഞു അവിടുന്ന് രക്ഷപെടുകയല്ലാതെ എനിക്കു മറ്റൊരു നിവൃത്തിയും ഇല്ലായിരുന്നു.”

ജപമാല പ്രാർത്ഥന പതിവായി ചൊല്ലിയിരുന്ന ആ പെൺകുട്ടിയെ അന്ന് മരണത്തിൽ നിന്നു രക്ഷിച്ചത് പരിശുദ്ധ കന്യകാമറിയമാണ്. ജപമാല പ്രാർത്ഥന അനുദിനം ചൊല്ലുന്ന കുടുംബങ്ങൾക്ക് പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണം ഉണ്ടായിരിക്കും.

ജപമാല പ്രാർത്ഥന ചെല്ലുന്നതിൽ നിങ്ങൾ ഉദാസീനരാണോ? എങ്കിൽ, ജപമാല കൈയ്യിലെടുക്കൂ. ദൈവീകമായ സംരക്ഷണം നിങ്ങൾ അനുഭവിക്കും. ജപമാലയ്ക്ക്  വി. പാദ്രേ പീയോ രണ്ടു വിശേഷണങ്ങൾ നൽകിയിട്ടുണ്ട്: “ഒറ്റ ചരടിലെ സുവിശേഷം,” “എല്ലാ പോരാട്ടങ്ങളിലും വിജയം സമ്മാനിക്കുന്ന ആയുധം.”

ദൈവമാതാവിനു പ്രത്യേകം സമർപ്പിക്കപ്പെട്ട ഈ മെയ് മാസത്തിൽ ജപമാല കൈകളിലേന്തി സംരക്ഷണകവചം നമുക്കു തീർക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

1 COMMENT

Leave a Reply to Sr. Tesmy S. HCancel reply