‘വി. ഫ്രാന്‍സിസിന്റെ മരുഭൂമി’ എന്നറിയപ്പെടുന്ന സ്ഥലം

ലോക്ക് ഡൗണിന്റെ കഴിഞ്ഞ നാളുകള്‍ പലര്‍ക്കും ദുഷ്ക്കരമായ സമയമായിരുന്നു. ചിലര്‍ ക്വാറന്റിനില്‍ ആയിക്കൊണ്ട്, സമൂഹത്തിൽ നിന്ന് നിർബന്ധിതമായി ഒറ്റപ്പെടുന്ന ഈ സാഹചര്യത്തെ ചിലവഴിക്കേണ്ടത് എങ്ങനെ എന്നറിയാതെ ബുദ്ധിമുട്ടി. ഇത്തരത്തിൽ ധ്യാനത്തിനും വിചിന്തനത്തിനുമായി സമൂഹത്തിന്റെ ശബ്ദമുഖരിതമായ സാഹചര്യങ്ങളിൽ നിന്ന് അകന്നുനിന്ന അനേകം വിശുദ്ധരുണ്ട്. അവരിൽ പ്രധാനിയാണ് ഫ്രാൻസിസ് അസീസി. അദ്ദേഹം തന്റെ ഏകാന്തതയെ അർത്ഥപൂർണ്ണമാക്കാൻ തിരഞ്ഞെടുത്ത സ്ഥലം ഇന്ന് അറിയപ്പെടുന്നത് ‘വി. ഫ്രാന്‍സിസിന്റെ മരുഭൂമി’ എന്നാണ്.

എല്ലാ തിരക്കുകളിൽ നിന്നും അകന്നിരിക്കുന്ന ഒരു സമയം. ശരിക്കും ഇത്തരമൊരു സാഹചര്യം നമ്മുടെ ജീവിതത്തിന് അത്യാവശ്യമാണ്. പല വിശുദ്ധരും തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ നിന്നും ദൈവത്തിലേക്ക് അടുക്കാന്‍ ലോകത്തില്‍ നിന്നും പിന്മാറി. അങ്ങനെ സ്വന്തം ജീവിതത്തിലേക്ക് കടന്നുവന്ന വിശുദ്ധനാണ് അസീസിയിലെ വി. ഫ്രാന്‍സിസ്.

1181-ൽ ഇറ്റലിയിൽ ജനിച്ച ഫ്രാൻസിസ്, എക്കാലത്തെയും പ്രിയപ്പെട്ട കത്തോലിക്കാ വിശുദ്ധരിൽ ഒരാളാണ്. എങ്കിലും തന്റെ ജീവിതത്തില്‍ ഒരു പ്രാസംഗികനെന്ന നിലയിൽ ഉയര്‍ന്നുവന്നപ്പോള്‍ അതില്‍ നിന്നും താൽക്കാലികമായി പിന്മാറുകയും ഏകാന്തത, പ്രാർത്ഥന, ആത്മശോധന എന്നിവക്കായി സമയം മാറ്റിവയ്ക്കുകയും ചെയ്തു.

1220-കളിൽ വി. ഫ്രാൻസിസ് വിശുദ്ധനാട്ടിലേക്ക് ഒരു യാത്ര നടത്തി. അവിടെ കുരിശുയുദ്ധക്കാർ മുസ്ലീം സൈനികരോട് യുദ്ധം ചെയ്യുകയായിരുന്നു. അവിടെ അദ്ദേഹം ഈജിപ്തിലെ സുൽത്താൻ മാലെക്-എൽ-കമലുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ച മാതാന്തര സംവാദത്തിന്റെ ഒരു മികച്ച ഉദാഹരണമാണ്. ഒരു പ്രാസംഗികനെന്ന നിലയിൽ അദ്ദേഹം പ്രശസ്തിയുടെ ഉന്നതിയിലെത്തിയ കാലഘട്ടത്തിൽ  ലൗകികസ്വത്തുക്കൾ ഉപേക്ഷിച്ച് തപസും സഹോദരസ്‌നേഹവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം ആയിരങ്ങൾക്ക് പ്രചോദനമായി.

ആ യാത്രക്കു ശേഷം വെനീസിലെത്തിയപ്പോൾ അദ്ദേഹത്തെ കാണാൻ നൂറുകണക്കിന് വിശ്വാസികൾ തടിച്ചുകൂടി. തന്റെ ലൗകികദൗത്യത്തിലേക്ക്  മടങ്ങുന്നതിനു മുമ്പ് തനിക്ക് ശാന്തമായ ഒരുക്കവും പ്രാർത്ഥനയും ആവശ്യമാണെന്ന് ഫ്രാൻസിസ് മനസിലാക്കി. അങ്ങനെ അദ്ദേഹം വെനീസിലെ ലഗൂണിനുള്ളിലെ ഒരു ചെറിയ ദ്വീപിലേക്കു പോയി. ബുറാനോ ദ്വീപുകൾക്കും സാന്റ് എറാമോ ദ്വീപുകൾക്കുമിടയിൽ സ്ഥിതിചെയ്യുന്ന ആ ദ്വീപില്‍ അദ്ദേഹം കുറച്ചു ദിവസം ചിലവഴിച്ചു. അവിടം ഇപ്പോള്‍ ‘വി. ഫ്രാന്‍സിസ്ന്റെ മരുഭൂമി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം അസീസിയിലേക്ക് തിരിച്ചുപോയി.

ആ സന്ദർശനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദ്വീപിന്റെ ഉടമ ജാക്കോപോ മിച്ചൽ ആ സ്ഥലം ഫ്രാന്‍സിസ്ക്കന്‍ മിഷനറിമാര്‍ക്ക് ദാനമായി നല്‍കി. അങ്ങനെ അവര്‍ അവിടെ ഒരു സമൂഹം ആരംഭിക്കുകയും ചെയ്തു. പതിനഞ്ചാം നൂറ്റാണ്ടിൽ മലേറിയ പടർന്നുപിടിച്ചപ്പോള്‍ അവര്‍ ഈ ദ്വീപ് ഉപേക്ഷിച്ചു പോവുകയും ചെയ്തു. 20 വർഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിസ്ക്കന്‍ സന്യാസിനിമാര്‍ വീണ്ടും അവിടേക്ക് വന്നു. ഈ സ്ഥലം ഇന്നൊരു തീര്‍ത്ഥാടനകേന്ദ്രമാണ്. ആത്മീയമായ പുതിയ ഉണര്‍വ്വിനായി ആളുകള്‍ ഇവിടെ വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.