
തിരുസഭയില്‍ മാര്‍പാപ്പമാരുടെ ചരിത്രം പഠിക്കുമ്പോള്‍ ഒരു വലിയ ജപമാലഭക്തനെ നമുക്ക് കാണാൻ കഴിയും. അദ്ദേഹം വൈദികവിദ്യാർഥി ആയിരിക്കുമ്പോള്‍ അദ്ദേഹത്തെ കഠിനമായ ഒരു രോഗം അലട്ടുകയും അത് പിന്നീട് ചുഴലി ആയി മാറുകയും ചെയ്തു. റെക്ടര്‍ അച്ചന്‍ പലവിധ ചികിത്സകള്‍ നടത്തിയെകിലും ആ രോഗം വിട്ടുപോയില്ല. അവസാനം റെക്ടര്‍ അച്ചന്‍ മനസ്സില്ലാമനസ്സോടെ പ്രിയപ്പെട്ട വിദ്യാര്‍ഥിയോട് വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെട്ടു.
പോകുന്നതിനു മുമ്പായി ആ വിദ്യാര്‍ഥിയുടെ തോളില്‍തട്ടി അദ്ദേഹം പറഞ്ഞു: “ആര്‍ക്കും നിന്നെ സുഖപ്പെടുത്താനായില്ലെങ്കിലും ഈ ജപമാല ഉപയോഗിച്ച് നീ എന്നും അമ്മയുടെ സഹായം തേടി യേശുവിനോട് പ്രാര്‍ഥിക്കണം” എന്ന്. അദ്ദേഹം അത് അനുസരിച്ചു. ഒന്നരവര്‍ഷത്തെ ജപമാലപ്രാര്‍ഥനയുടെ കാത്തിരിപ്പിനൊടുവില്‍ അദ്ദേഹത്തിന്റെ രോഗം പൂര്‍ണ്ണമായി മാറി എന്ന സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ നല്‍കുകയും അദ്ദേഹം പിന്നീട് സെമിനാരിയില്‍ തിരിച്ചുവരികയും വൈദികനാകുകയും ചെയ്തു.
ആ വൈദികന്‍ പിന്നീട് സഭയെ ദീര്‍ഘനാള്‍ നയിച്ചു. പ്രശ്‌നകാലത്ത് സഭയുടെ അമരത്തു നിന്ന് സഭയെ നയിച്ച ഒൻപതാം പിയൂസ് മാര്‍പാപ്പയാണത്. അദ്ദേഹം ജപമാലയെക്കുറിച്ചു പറയുന്നത്, “ജപമാല ചൊല്ലിക്കൊണ്ടിരിക്കുന്ന ഒരു ജനത്തെ എനിക്ക് തരൂ; ഈ ലോകത്തെ എനിക്ക് തോൽപിക്കാനാകും” എന്നാണ്.
മാര്‍പാപ്പയോട് ചേര്‍ന്നുനിന്ന് നമുക്കും മാതാവിന്റെ വലിയ പ്രാര്‍ഥനയായ ‘ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്.’ ‘ഇതാ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഇഷ്ടം എന്നില്‍ നിറവേറട്ടെ’ എന്നു പറയാം. വിനയത്തിന്റെ – സ്‌നേഹത്തിന്റെ മാതൃക പകര്‍ന്നുനല്‍കുന്ന ഈ പ്രാര്‍ഥനകളോട് ചേര്‍ന്നുനിന്നുകൊണ്ട് നമുക്കും അമ്മയുടെ മാധ്യസ്ഥ്യം തേടി യേശുവിനോട് പ്രാർഥിക്കാം.




