
നമ്മുടെ കുട്ടികളും കൊച്ചുമക്കളും ലക്ഷ്യബോധമില്ലാതെ ലോകത്തിൽ അലഞ്ഞുതിരിയാതിരിക്കാൻ അവർക്ക് കൃത്യമായ ഒരു വഴികാട്ടി ആവശ്യമാണ്. സദ്ഗുണങ്ങൾ പകർന്നുനൽകുന്ന സ്ഥിരതയും സ്വാതന്ത്ര്യവുമാണ് ആ വഴികാട്ടി. യേശുക്രിസ്തുവിന്റെ യഥാർഥ ശിഷ്യന്മാരായി അവരെ വളർത്തിയെടുക്കുക എന്നത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രവർത്തിയാണ്. ഇതിന്റെ തുടക്കം കുട്ടിക്കാലത്ത് തന്നെയാകണം.
1. കുട്ടിക്കാലത്തെ ശീലങ്ങൾ മാറ്റം വരുത്താൻ എളുപ്പമാണ്
ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ മോശം ശീലങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഒരു മോശം ശീലം എത്രത്തോളം കാലം തുടരുന്നുവോ അത്രത്തോളം അത് മുതിർന്നുകഴിയുമ്പോൾ മാറ്റിയെടുക്കാൻ പ്രയാസമായിരിക്കും. എന്നാൽ സദ്ഗുണങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ചെറുപ്പത്തിലേ നല്ല ശീലങ്ങൾ പരിശീലിക്കുന്ന കുട്ടി വളരുമ്പോഴും അത് മുറുകെ പിടിക്കാൻ സാധ്യത കൂടുതലാണ്.
2. പരിശീലനത്തിലൂടെ വളരുന്ന ഗുണങ്ങൾ
സദ്ഗുണങ്ങൾ എന്നത് വെറുതെ പഠിക്കേണ്ട ഒന്നല്ല മറിച്ച് നിരന്തരം പരിശീലിക്കേണ്ട ഒന്നാണ്. ഓരോ തവണ ഒരു കുട്ടി ഒരു നന്മ ചെയ്യുമ്പോഴും അത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി മാറുന്നു. കുട്ടിക്കാലത്തെ ഈ പരിശീലനം അവരെ ഉത്തമരായ മനുഷ്യരായി വളർത്തുന്നു.
3. വിശുദ്ധരുടെ മാതൃക പിന്തുടരാം
സദ്ഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമാണ്. എന്നാൽ അവ പ്രാവർത്തികമാക്കാൻ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇവിടെയാണ് വിശുദ്ധരുടെ ജീവിതം നമുക്ക് മാതൃകയാകുന്നത്. സ്വന്തം ജീവിതത്തിലെ പ്രതിസന്ധികളെ സദ്ഗുണങ്ങളിലൂടെ നേരിട്ടവരാണ് വിശുദ്ധർ.
പരിശുദ്ധ മറിയം, വി. യൗസേപ്പിതാവ്, വി. ജോവാൻ ഓഫ് ആർക്ക്, വി. കാർലോ അക്യൂത്തിസ് തുടങ്ങിയവരുടെ ജീവിതം നമുക്ക് സദ്ഗുണങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാം എന്ന് കാണിച്ചുതരുന്നു.
കുട്ടികൾ എത്ര നേരത്തെ സദ്ഗുണങ്ങൾ പരിശീലിച്ചു തുടങ്ങുന്നുവോ അത്രത്തോളം അവരുടെ ഭാവി സുരക്ഷിതമായിരിക്കും. ഇത് അവരെ യേശുവിനോട് ചേർത്തുനിർത്തുകയും ജീവിതത്തിന് വ്യക്തമായ അർഥവും ലക്ഷ്യവും നൽകുകയും ചെയ്യും.




