
മാർപാപ്പയുടെ വെള്ളനിറമുള്ള വസ്ത്രം വി. പയസ് അഞ്ചാമന്റേതാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും ചില മാർപാപ്പമാർ അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിനു മുൻപ് വെള്ളവസ്ത്രം ധരിച്ചിരുന്നു എന്നതിന് തെളിവുകളുണ്ട്. സമീപകാല ചരിത്രത്തിൽ മാർപാപ്പമാർ വെള്ളനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതായാണ് ലോകം കണ്ടിരിക്കുന്നത്. ഇതൊരു പാരമ്പര്യമാണെങ്കിലും, മാർപാപ്പമാർ എല്ലായ്‌പ്പോഴും വെള്ളവസ്ത്രം ധരിച്ചിരുന്നില്ല.
വാസ്തവത്തിൽ, നിരവധി നൂറ്റാണ്ടുകളായി മാർപാപ്പയുടെ വസ്ത്രത്തിന്റെ നിറം ചുവപ്പായിരുന്നെന്ന് എൽ’ഒസ്സർവറ്റോർ റൊമാനോയുടെ ലേഖനം ചൂണ്ടിക്കാണിക്കുന്നു. സ്രോതസ്സുകളിൽ പരാമർശിച്ചിരിക്കുന്ന, ആദ്യത്തെ ‘മാർപാപ്പയുടെ വസ്ത്രത്തെക്കുറിച്ചുള്ള ലേഖനം’ ചുവന്ന ‘ആവരണം’ ആണെന്നതിൽ അതിശയിക്കാനില്ല.
ഡാന്റേ നിക്കോളാസ് മൂന്നാമൻ മാർപാപ്പ പറയുന്ന ഒരു വാക്ക്, സ്വയം പരിചയപ്പെടുത്താൻ അദ്ദേഹത്തെ അനുവദിക്കുന്നു. “ഞാൻ വലിയ ആവരണം ധരിച്ചിരുന്നുവെന്ന് അറിയുക” (ഇൻഫെർണോ , XIX 69). ഡാന്റെയെ സംബന്ധിച്ചിടത്തോളം ചുവന്ന ആവരണം മറ്റേതൊരു വസ്ത്രത്തെക്കാളും മാർപാപ്പയുടെ ഓഫീസിനെ വ്യത്യസ്തമാക്കിയ വസ്ത്രമായിരുന്നുവെന്ന് ഇത് സ്ഥിരീകരിക്കുന്നു. യേശുവിനെ ചാട്ടവാറടിക്കുശേഷം ധരിപ്പിച്ച മേലങ്കിയുടെ ഓർമ്മപ്പെടുത്തലായി, നൂറ്റാണ്ടുകളായി മാർപാപ്പമാർ ചുവപ്പും രാജകീയ പർപ്പിളും ധരിച്ചിരുന്നു. യേശുവിന്റെ പീഡാസഹനങ്ങളും ക്രൂശിലെ അവിടുത്തെ ആത്യന്തിക ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തലായിരുന്നു അത്.
വെളുത്ത വസ്ത്രം
പതിമൂന്നാം നൂറ്റാണ്ടു വരെ മാർപാപ്പമാർ വെള്ളനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് പ്രചാരത്തിലായിരുന്നില്ല. ഗ്രിഗറി പത്താമൻ മാർപാപ്പ (1272-1273) ആണ്, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പാപ്പ വെളുത്ത വസ്ത്രം ധരിക്കുന്ന ഒരു ആചാരം സ്ഥാപിച്ചത്. പതിനാറാം നൂറ്റാണ്ടിൽ വി. പത്രോസിന്റെ പിൻഗാമിയായി പയസ് അഞ്ചാമൻ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോഴേക്കും വെള്ളവസ്ത്രം ധരിക്കുന്ന മാർപാപ്പമാർക്കു പിന്നിൽ മൂന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടായിരുന്നു.
പയസ് അഞ്ചാമൻ മാർപാപ്പ ഒരു ഡൊമിനിക്കൻ ആയിരുന്നു എന്നതും അദ്ദേഹത്തിന്റെ സന്യാസ സമൂഹത്തിന്റെ വസ്ത്രത്തിന്റെ നിറവും വെള്ള ആയിരുന്നു എന്നതും ഒരു യാദൃശ്ചികതയായി. മാർപാപ്പ എന്ന നിലയിൽ അദ്ദേഹം വെളുത്ത വസ്ത്രം തന്നെയാണ് ധരിച്ചുകൊണ്ടിരുന്നത്. അങ്ങനെ വെളുത്ത വസ്ത്രവും പാപ്പയുടെ ഓഫീസും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു.
പതിമൂന്നാം നൂറ്റാണ്ടിലെ വില്യം ഡുറാന്റി വെളുത്ത കാസോക്കിന്റെ പ്രതീകാത്മകത നമുക്കു നൽകുന്നു. മാർപാപ്പ എപ്പോഴും ചുവന്ന മേലങ്കി ധരിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. എന്നിരുന്നാലും, അതിനടിയിൽ അദ്ദേഹം ഒരു വെളുത്ത വസ്ത്രം ധരിക്കുന്നു. കാരണം വെള്ളനിറം നിഷ്കളങ്കതയെയും ദാനധർമ്മത്തെയും സൂചിപ്പിക്കുന്നു. ബാഹ്യ ചുവപ്പ് അനുകമ്പയെ പ്രതീകപ്പെടുത്തുന്നു. വാസ്തവത്തിൽ മാർപാപ്പ പ്രതിനിധീകരിക്കുന്നത് നമുക്കുവേണ്ടി തന്റെ വസ്ത്രത്തിൽ ചുവപ്പുനിറം പൂശിയവന്റെ വ്യക്തിത്വമാണ്.
സമീപകാല മാർപാപ്പമാർ ഈ പാരമ്പര്യം നിലനിർത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിലെ ഏതൊരു മാർപാപ്പയും ഈ പാരമ്പര്യം തന്നെ പിന്തുടരുമെന്നു നമുക്കു പ്രതീക്ഷിക്കാം.