സഭയുടെ വലിയ ഇടയൻ: മാർപാപ്പമാരുടെ ചരിത്രവും തിരഞ്ഞെടുപ്പും

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ആമുഖം

ഇന്ന് ലോകത്തിൽ കാണപ്പെടുന്ന അധികാരസ്ഥാനങ്ങളിൽ (institutions) മാർപാപ്പ സ്ഥാനത്തോളം ചരിത്രപരമായി സ്വാധീനവും ആത്മീയ പ്രാധാന്യവുമുള്ള വേറൊന്നില്ല. നൂറ്റിനാല്പത് കോടിയോളം അംഗസംഖ്യയുള്ള ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ആചാര്യൻ മാത്രമല്ല, ലോകത്തിന്റെ ധാർമ്മിക ശബ്ദവും ഐക്യത്തിന്റെ അടയാളവുമായി മാർപാപ്പ അനേകരാൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തു പത്രോസ് ശ്ലീഹായെ ഭരമേല്പിച്ച അജപാലന ദൗത്യം പത്രോസിൽ ആരംഭിച്ചു പീഡനവും, അധികാര സ്ഥാനങ്ങളും, നവീകരണവുമൊക്കെ സംഭവിച്ചു ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയിൽ എത്തി നില്ക്കുന്നു. പുരാതന റോമായിലെ കാറ്റക്കോമ്പുകളിൽ നിന്നും പത്രോസിന്റെ ബസിലിക്കയിലെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്ന ഈ സ്ഥാനം ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും രണ്ടു സഹസ്രാബ്ദ നാൾവഴികൾ താണ്ടി നമ്മുടെ മുമ്പിൽ സജീവമായി നിലനിൽക്കുന്നു.

മാർപാപ്പയുടെ ആത്മീയ അധികാരങ്ങളെക്കുറിച്ചു മിക്കവർക്കും അറിവുള്ളപ്പോഴും ആ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നിഗൂഢതകളോടെ കാണപ്പെടുന്നതിന് കാരണം ഇതിൽ അടങ്ങിയിരിക്കുന്ന അടയാളങ്ങളും പാരമ്പര്യങ്ങളും ആഘോഷങ്ങളും കൃത്യമായി മനസ്സിലാകാത്തതുകൊണ്ടാണ്. ഒരു മാർപാപ്പ കാലം ചെയ്യുമ്പോൾ ലോകത്തിന്റെ നയനങ്ങൾ വത്തിക്കാനിലേക്ക് തിരിയുകയും അവിടെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചില പ്രക്രിയകൾക്ക് ആരംഭം കുറിക്കുകയും ചെയ്യുന്നു. ലോകമാസകലമുള്ള കർദിനാളന്മാർ പുതിയൊരു പാപ്പയെ തിരഞ്ഞെടുക്കാനായി മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ അന്ത്യവിധിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന സിസ്റ്റീൻ ചാപ്പലിൽ പ്രാർത്ഥനയോടെ ഒത്തുചേരുന്നു. ഇവിടെ അധികാരത്തിനായുള്ള മാനുഷിക ബലഹീനതകളെ അതിലംഘിക്കുന്ന ദൈവീക നടത്തിപ്പുകൾ അരങ്ങേറുന്നു. ആഗോളതലത്തിൽ അതിവേഗത്തിലുള്ള ആശയവിനിമയങ്ങളും വിവിധ തരത്തിലുള്ള വാർത്തകളും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുമ്പോഴും മാർപാപ്പ തിരഞ്ഞെടുപ്പ് കത്തോലിക്കാ വിശ്വാസികളുടെ ജീവിതത്തിലെ ഏറ്റവും ഗൗരവമേറിയതും പ്രാർത്ഥനാപൂർവ്വവുമായ പ്രവൃത്തികളിൽ ഒന്നാണ് – പാരമ്പര്യത്തിന്റെ മനോഹാരിതയും പരിശുദ്ധാത്മാവിന്റെ നിവേശനവും സംഗമിക്കുന്ന ഒരു പവിത്രകർമ്മ വേദി. ഈ ലേഖനത്തിൽ മാർപാപ്പ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ചില വിവരങ്ങൾ വായനക്കാരുമായി പങ്കു വയ്ക്കാനാണ് ശ്രമിയ്ക്കുന്നത്.

അണമുറിയാത്ത നേതൃത്വം

കത്തോലിക്കാ സഭയുടെ ചരിത്രം രണ്ടു സഹസ്രാബ്ദത്തോളം അണമുറിയാതെ സഭയെ നയിച്ച മാർപാപ്പമാരുടെ ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അപ്പസ്തോലസംഘത്തിന്റെ തലവനെന്ന നിലയിൽ പത്രോസ് ശ്ലീഹായ്ക്ക് ലഭിച്ച അധികാരവകാശങ്ങൾ മാർപാപ്പമാരിലൂടെ ഇന്നും സഭയിൽ തുടരുന്നു. സഭയിലെ ആദ്യ നൂറ്റാണ്ടുകളിലെ മാർപാപ്പമാരുടെ ജീവിതത്തെക്കുറിച്ചു വിരളമായ ചരിത്ര രേഖകൾ മാത്രമേ പിൻതലമുറയ്ക്ക് ലഭ്യമായിട്ടുള്ളൂ. അതിന്റെ പ്രധാന കാരണം റോമൻ സാമ്രാജ്യത്തിലെ നിയമവിരുദ്ധ മതമായി ക്രിസ്തീയ വിശ്വാസത്തെ കണ്ടിരുന്നുവെന്നതിനാൽ സഭയ്ക്ക് നേതൃത്വം നൽകിയവരുടെ ചരിത്രപരമായ രേഖകൾ സൂക്ഷിക്കുന്നതുപോലും അസാധ്യമായിരുന്നു.

‘പോപ്പ്’ എന്ന ആംഗലേയ പദം ‘പാപ്പ’ എന്ന ലത്തീൻ വാക്കിൽനിന്നും ഉത്ഭവിച്ചിരിക്കുന്നു. അതിന്റെ അർത്ഥം പിതാവ് എന്നാണ്. കത്തോലിക്കാ സഭാ തലവനായ മാർപാപ്പയെക്കൂടാതെ അലക്‌സാൻഡ്രിയായിലെ ഓർത്തഡോക്സ് പാത്രിയർക്കീസും ഈ ശീർഷകം ഉപയോഗിക്കുന്നുണ്ട്. മാർപാപ്പയുടെ വിവിധ കര്‍ത്തവ്യങ്ങൾക്കനുസരിച്ചു നിരവധി ശീര്‍ഷകങ്ങളും നല്കപ്പെട്ടിട്ടുണ്ട്. റോമിലെ ബിഷപ്പ്, ക്രിസ്തുവിന്റെ വികാരി, പ്രധാനാചാര്യൻ, ദൈവത്തിന്റെ ദാസന്മാരുടെ ദാസൻ തുടങ്ങിയവ വളരെ പ്രസിദ്ധങ്ങളാണ്. ഇത് കൂടാതെ വത്തിക്കാൻ എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചില വിശേഷ അധികാരങ്ങളും ശീർഷകങ്ങളും മാർപാപ്പയ്ക്കുണ്ട്.

റോമിന്റെ പ്രാമുഖ്യവും മാർപാപ്പ സ്ഥാനവും

സഭയുടെ അദ്ധ്യക്ഷനായ മാർപാപ്പയ്ക്ക് ക്രിസ്തീയ വിശ്വാസത്തിന്റെ ആരംഭ കാലം മുതൽ തന്നെ പ്രത്യേക സ്ഥാനമാണ് ഉണ്ടായിരുന്നത്. അന്ത്യോഖ്യായിലെ വി. ഇഗ്‌നേഷ്യസ് (+108) റോമൻ സഭയുടെ പ്രത്യേക സ്ഥാനത്തെക്കുറിച്ചു സഭയുടെ ആരംഭ കാലത്തു തന്നെ എഴുതിയിട്ടുണ്ട്. റോമിലെ സഭക്കെഴുതിയ ലേഖനത്തിൽ ‘റോമിന്റെ പ്രദേശങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള സഭ’ എന്നാണ് അദ്ദേഹം റോമൻ സഭയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. പത്രോസിന്റെയും പൗലോസിന്റെയും പാദസ്പർശത്താൽ പാവനമാക്കപ്പെട്ട പ്രദേശമെന്നതുപോലെ ക്രിസ്തീയ വിശ്വാസത്തിലെ ആദ്യനൂറ്റാണ്ടുകളിലെ അനേകം രക്തസാക്ഷികളുടെ ചുടുനിണം വീണ പുണ്യഭൂമിയുമാണ് റോമാ നഗരം. കൂടാതെ റോമൻ സാമ്രാജ്യത്തിന്റെ സിരാകേന്ദ്രമെന്ന നിലയിൽ വലിയ രാഷ്ട്രീയ പ്രാധ്യാന്യം ഉണ്ടായിരുന്ന നഗരം കൂടിയായിരുന്നു ഇത്.

സഭയുടെ ആരംഭ നൂറ്റാണ്ടുകളിൽ വിശ്വാസപരവും ഭരണപരവുമായ തർക്കങ്ങൾ ഉണ്ടായപ്പോൾ അത് പരിഹരിക്കുന്നതിനുള്ള അവസാന വാക്കായിരുന്നു മാർപാപ്പ. ജ്ഞാനവാദം (Gnosticism) ക്രിസ്തുവിന്റെ മനുഷ്വത്വത്തെ നിഷേധിച്ചുകൊണ്ട് അപ്പസ്തോലിക കാലഘട്ടത്തിൽ തന്നെ ഉദയം ചെയ്തപ്പോൾ അതിന് അന്തിമ അഭിപ്രായം രേഖപ്പെടുത്തി അതിനെ തള്ളിക്കളഞ്ഞത് റോമൻ സഭയാണ്. മഹാനായ ലിയോ മാർപാപ്പയുടെ ഭരണകാലമായപ്പോഴേക്കും (440–61) മാർപാപ്പമാരുടെ സഭയിലെ പ്രഥമസ്ഥാനം കൂടുതൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. വി. പത്രോസ് തന്റെ പിൻഗാമികളായ മാർപാപ്പമാരിലൂടെ ഇന്നും സംസാരിക്കുന്നു എന്ന് പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ലിയോ മാർപാപ്പ മറ്റുള്ളവരെ ഓർമ്മിപ്പിച്ചിരുന്നു.

എ.ഡി. 1054-ലെ കിഴക്ക്-പടിഞ്ഞാറ് ശീശ്മയ്ക്ക് ശേഷം പേപ്പസിക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ (1962–65) മാർപാപ്പയുടെ അധികാരാവകാശങ്ങൾ ബിഷപ്പുമാരുമായി യോജിച്ചു നടപ്പാക്കുന്ന രീതിയിലാണ് നിർവചിച്ചിരിക്കുന്നത്. സഭയുടെ ഐക്യത്തിന്റെ അടയാളമായിട്ടാണ് മാർപാപ്പ സ്ഥാനവും മാർപാപ്പയുടെ ദൗത്യവും കൗൺസിൽ വിശദീകരിക്കുന്നത്. മാർപാപ്പയുടെ സര്‍വപ്രമുഖത ഐക്യത്തിനുവേണ്ടിയുള്ള വിളിയാണ്. സഭയുടെ ആരംഭ ദശകങ്ങളിൽ റോമിലെ വൈദികരും വിശ്വാസികളും ചേർന്നാണ് മാർപാപ്പമാരെ തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ട് ഇന്നും മാർപാപ്പയുടെ പ്രധാന ഉത്തരവാദിത്വങ്ങളിൽ പെടുന്നതാണ് റോമൻ രൂപതയുടെ ഭരണം.

മാർപാപ്പയുടെ തിരഞ്ഞെടുപ്പ്

രണ്ടു സഹസ്രാബ്ദങ്ങളായി വലിയ മാറ്റങ്ങൾക്ക് വിധേയമായി ഇന്നും സജീവമായി നിലനിൽക്കുന്ന ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയാണ് മാർപാപ്പമാരുടേത്. ഇന്ന് മാർപാപ്പമാരെ തിരഞ്ഞെടുക്കുന്നത് കർദിനാളന്മാർ ഒരുമിച്ചുകൂടി നടത്തുന്ന പേപ്പൽ കോൺക്ലേവിലൂടെ ആണ്. ഇത്തരത്തിലുള്ള ഒരു നാമം ലഭിക്കുന്നത് എ.ഡി. 1274-ൽ ഗ്രിഗറി പത്താമൻ മാർപാപ്പ രണ്ടാം ലിയോൺസ് കൗൺസിലിൽ കർദിനാളന്മാർ ഒരുമിച്ചു കൂടി തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ പുറത്തുപോകാതെ അടച്ചിട്ട സ്ഥലത്തു ആയിരിക്കണമെന്ന് നിയമം ഉണ്ടാക്കുന്നതോടെയാണ്. ‘കും ക്ലാവേ’ (with a key) എന്ന പ്രയോഗത്തിൽ നിന്നുമാണ് പിന്നീട് ‘കോൺക്ലേവ്’ എന്ന വാക്കിന്റെ ഉത്ഭവം. വത്തിക്കാൻ കൊട്ടാരത്തിനുള്ളിലെ സിസ്റ്റീൻ ചാപ്പലിൽ വച്ചാണ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.

മാർപാപ്പ തിരഞ്ഞെടുപ്പ് ചരിത്രം നമ്മോട് പറയുന്നത് കാലാനുസൃത മാറ്റങ്ങൾക്ക് വിധേയമായി നടത്തിയ വിവിധ നിയമ നിർമ്മാണങ്ങളെക്കുറിച്ചാണ്. ഗ്രിഗറി പതിനഞ്ചാമൻ മാർപാപ്പ എ.ഡി. 1621-ൽ മാർപാപ്പയെ തിരഞ്ഞെടുക്കാൻ യോഗ്യതയുള്ള കർദിനാളന്മാരുടെ മൂന്നിൽ രണ്ടു വോട്ട് ലഭിക്കണമെന്ന നിയമംകൊണ്ടുവന്നു. ഇത് രഹസ്യബാലറ്റ് മുഖാന്തിരം നടത്തണമെന്ന നിയമവും ഈ അവസരത്തിൽ നിലവിൽ വന്നു.

വിവിധ കാലങ്ങളിൽ ഉണ്ടായ നിയമങ്ങൾ

എ.ഡി. 1899 വരെ മിക്കപ്പോഴും കർദിനാൾ സംഘത്തിൽ പ്രഭുക്കന്മാരും വൈദികരല്ലാത്ത സന്യാസികളും ഉൾപ്പെട്ടിരുന്നു. 1917-ലെ കാനൻ നിയമത്തിൽ എല്ലാ കർദിനാളന്മാരും വൈദികരായിരിക്കണമെന്ന് പറഞ്ഞിരിക്കുന്നു. 1962-മുതൽ ഇവരെല്ലാം തന്നെ ബിഷപ്പുമാരായിരുന്നു. എന്നാൽ 1975 മുതൽ ചില പ്രത്യേക കാരണങ്ങളാൽ വൈദികരെയും കർദിനാൾ സംഘത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. ഇതോടൊപ്പം വി. പോൾ ആറാമൻ മാർപാപ്പ എൺപത് വയസ്സ് പൂർത്തിയായ കർദിനാളന്മാർക്ക് മാർപാപ്പ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല എന്ന നിയമവും കൊണ്ടുവന്നു. സിക്റ്റസ് ആറാമൻ മാർപാപ്പയാണ് 1587-ൽ കർദിനാളന്മാരുടെ എണ്ണം എഴുപതായി നിജപ്പെടുത്തിയത്. പിന്നീട് ഈ നിയമത്തിൽ പല മാറ്റങ്ങളും വന്നു. കർദിനാളന്മാരുടെ സംഖ്യ നൂറ്റിയിരുപതായി പോൾ ആറാമൻ മാർപാപ്പ ഉയർത്തി. ഇത് ഇന്നും താത്വികമായി നിലനിൽക്കുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിൻഗാമികൾ ചെറിയ വ്യത്യാസങ്ങൾ ഒക്കെ വരുത്തിയിട്ടുണ്ട്.

വളരെ അപരിചിതം എന്ന് ഇന്ന് തോന്നാവുന്ന പല നിയമങ്ങളും മാർപാപ്പാമാരുടെ തിരഞ്ഞെടുപ്പിന് പഴയ കാലങ്ങളിൽ നിലനിന്നിരുന്നു. അതിലൊന്നായിരുന്നു 769-ൽ സ്റ്റീഫൻ മൂന്നാമൻ മാർപാപ്പ ഒരു സിനഡിൽ പാസ്സാക്കിയ നിയമം. പുരോഹിതനോ, ഡീക്കനോ ആയ കർദിനാളിനെ മാത്രമേ മാർപാപ്പയായി തിരഞ്ഞെടുക്കാവൂ എന്നതായിരുന്നു അത്. ബിഷപ്പുമാർ ജീവിതകാലം മുഴുവൻ ഒരു രൂപതയുടെ അധ്യക്ഷനായിരിക്കണം എന്ന മറ്റൊരു പാരമ്പര്യത്തോട് ചേർന്ന് പോകുന്ന നിയമം നിലവിലുണ്ടായിരുന്നതിനാൽ റോമൻ രൂപതയുടെ ബിഷപ്പായി വരുന്നത് മറ്റൊരു രൂപതയുടെ ബിഷപ്പായിരിക്കരുത് എന്നതായിരുന്നു ഈ നിയമ നിർമ്മാണത്തിന്റെ പിന്നിലുണ്ടായിരുന്നത്. ഇക്കാരണത്താൽ കുറെ കാലത്തേയ്ക്ക് മാർപാപ്പ ആയവർ എല്ലാം തന്നെ ഡീക്കന്മാർ ആയിരുന്നു. എന്നാൽ വളരെ വിരളമായി ഇക്കാലത്തു ബിഷപ്പുമാർ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

1378-ൽ മാർപാപ്പ ആയ ഉർബൻ ആറാമൻ മാർപാപ്പയാണ് കർദിനാൾ സംഘത്തിന് പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ മാർപാപ്പ. 1513-ൽ മാർപാപ്പ ആയ ലിയോ പത്താമനാണ് അവസാനമായി ഈ സ്ഥാനത്തേയ്ക്ക് വരുന്ന ഡീക്കൻ മാത്രമായിരുന്ന കർദിനാൾ. അദ്ദേഹത്തിന്റെ പിൻഗാമി അഡ്രിയൻ ആറാമൻ കോൺക്ലേവിൽ സംബന്ധിക്കാതെ തിരഞ്ഞെടുക്കപ്പെട്ട അവസാനത്തെ മാർപ്പാപ്പയും.

സാധാരണയായി കേവല ഭൂരിപക്ഷം ലഭിക്കുന്നയാൾ മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ എ.ഡി. 1179-ൽ മൂന്നാം ലാറ്ററൻ കൗൺസിലിൽ വച്ചാണ് മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്ന നിയമം വരുന്നത്. 1621-ന് ശേഷം കോൺക്ലേവിൽ സംബന്ധിക്കുന്ന കർദിനാളിനു തനിക്ക് തന്നെ മാർപാപ്പ ആകുന്നതിന് വേണ്ടി വോട്ട് ചെയ്യാൻ സാധിക്കില്ല എന്ന നിയമം വന്നു. 1945-ൽ പിയൂസ് പന്ത്രണ്ടാം മാർപാപ്പ നിയമത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തുകയും മാർപാപ്പ ആകുന്നതിന് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിനൊപ്പം ഒരു വോട്ട് കൂടി വേണമെന്ന് നിഷ്കർഷിക്കുകയും ചെയ്തു. എ.ഡി. 1996-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മുന്നിൽ രണ്ടു ഭൂരിപക്ഷം വേണമെന്ന നിയമത്തിൽ വീണ്ടും ചെറിയ ഭേദഗതികൾ വരുത്തി. മുപ്പത്തിമൂന്ന്-മുപ്പത്തിനാല് ബാലറ്റിന് ശേഷവും പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതിന് സാധിക്കാതെ വരുന്ന അവസ്ഥയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള ആളിനെ മാർപാപ്പ ആക്കാം എന്ന നിയമം വന്നു. 2007-ൽ ബെനഡിക്ക്റ്റ് പതിനാറാമൻ മാർപാപ്പ മുന്നിൽ രണ്ടു ഭൂരിപക്ഷം എന്ന നിയമം വീണ്ടും പുനഃസ്ഥാപിച്ചു.

ഇന്നത്തെ മാർപാപ്പ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമായിരിക്കുന്നത് 1996-ൽ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിളംബരം ചെയ്ത ‘ഊണിവേർസി ദോമിനിച്ചി ഗ്രേജിസ്’ എന്ന അപ്പസ്തോലിക രേഖയാണ്. ഇതിൽ ചെറിയ ചില മാറ്റങ്ങൾ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ചു മാർപാപ്പ തിരഞ്ഞെടുപ്പിനുള്ള കോൺക്ലേവ് കാലയളവിൽ വത്തിക്കാൻ നഗരത്തിനുള്ളിലുള്ള സാന്താ മാർത്ത ഭനത്തിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കർദിനാളന്മാർ താമസിക്കണമെന്നതാണ്. എന്നാൽ വോട്ടെടുപ്പ് നടക്കുന്നത് സിസ്റ്റീൻ ചാപ്പലിൽ ആയിരിക്കും.

കർദിനാളന്മാരുടെ ഡീനിന് നിർണ്ണയായകമായ സ്ഥാനം മാർപാപ്പ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഉണ്ട്. എൺപത് വയസ്സ് അദ്ദേഹത്തിന് പൂർത്തിയായി കോൺക്ലേവിൽ സംബന്ധിക്കാൻ സാധിക്കില്ലെങ്കിൽ വൈസ് ഡീൻ ചുമതലകൾ നിർവ്വഹിക്കും. അദ്ദേഹത്തിനും സമാന അവസ്ഥ ഉണ്ടാകുമ്പോൾ കർദിനാൾ ബിഷപ്പുമാരിൽ കോൺക്ലേവിൽ സംബന്ധിക്കുന്ന ഏറ്റം സീനിയറായ കർദിനാളിനായിരിക്കും ഈ ചുമതലകൾ. ഇപ്പോൾ കർദിനാൾ സംഘത്തിന്റെ ഡീനായിരിക്കുന്ന ഇറ്റാലിയൻ കർദിനാൾ ജൊവാന്നി ബാറ്റിസ്റ്റ റേയും, വൈസ് ഡീനായിരിക്കുന്ന അർജന്റീനയിൽ നിന്നുള്ള കർദിനാൾ ലിയനാർഡോ സാന്ദ്രിയും എൺപത് വയസ്സ് കഴിഞ്ഞവരായതിനാൽ കർദിനാൾ ബിഷപ്പുമാരിൽ ഏറ്റവും സീനിയറായ ഇപ്പോഴത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായ കർദിനാൾ പിയെത്രോ പരോളിനാണ് കോൺക്ലേവിൽ അധ്യക്ഷത വഹിക്കുന്നത്.

തിരഞ്ഞെടുപ്പ് രീതികൾ

മാർപാപ്പമാരെ തിരഞ്ഞെടുക്കുന്നതിന് കാലാകാലങ്ങളിൽ പല രീതികൾ നിലനിന്നിരുന്നതായി കാണാം. അഭിഗമ്യത (Accessus) എന്ന മാർഗ്ഗം കർദിനാളന്മാർക്ക് തങ്ങളുടെ അവസാനത്തെ വോട്ട് മൂന്നിൽ രണ്ടു ഭൂരിപക്ഷം കിട്ടുന്നതിന് വേണ്ടി ഏറ്റം കൂടുതൽ വോട്ട് കിട്ടിയ ആളിന് വേണ്ടി മാറ്റി കൊടുക്കുന്നതായിരുന്നു. പൊതുവായി എല്ലാവരും ‘പരിശുദ്ധാത്മാവിൽ പ്രേരിതരായി’ ഒരു സ്ഥാനാർത്ഥിയെ കൈയ്യടിച്ചു അംഗീകരിക്കുന്ന രീതിയും (Acclamation) നിലവിലുണ്ടായിരുന്നു. ഇത് ഒരു ബാലറ്റിലൂടെ അല്ലാതെ സംഭവിക്കുന്നതിനെ ‘ആരാധന’ (Adoration) എന്നും പറഞ്ഞിരുന്നു. 1621-ൽ മുകളിൽ പറഞ്ഞ എല്ലാ രീതികളും ഗ്രിഗറി പതിനഞ്ചാമൻ മാർപാപ്പ നിർത്തലാക്കി. അനുരജ്ഞനത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് (Compromise) നടന്നിരുന്നത് ഒരു സ്ഥാനാർഥിയെയും സാധാരണ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാൻ പറ്റാത്ത അവസ്ഥ സംജാതമാകുമ്പോൾ കർദിനാളന്മാർ ഏകകണ്ഠമായി ഒരു കമ്മറ്റിയെ തിരഞ്ഞെടുക്കുകയും അവരുടെ തീരുമാനം അംഗീകരിക്കുകയും ചെയ്യുന്ന രീതി ആയിരുന്നു. സൂക്ഷ്‌മപരിശോധന (Scrutiny) എന്ന് വിളിച്ചിരുന്നത് ബാലറ്റ് പേപ്പർ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനായിരുന്നു.

അനുരജ്ഞനത്തിലൂടെയുള്ള അവസാന തിരഞ്ഞെടുപ്പ് 1316-ൽ നടന്ന ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയുടേത് ആയിരുന്നു. പൊതുസമ്മതത്തോടെ കൈയ്യടിച്ചു പാസ്സാക്കിയ അവസാന തിരഞ്ഞെടുപ്പ് 1676-ൽ നടന്ന ഇന്നസെന്റ് പതിനൊന്നാമൻ മാർപാപ്പയുടേത് ആണ്. 1996-ലെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ തിരുവെഴുത്ത് വഴി രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പ് മാത്രം ഇന്ന് അവശേഷിക്കുന്നു.

മാർപാപ്പയുടെ മരണം

ഒരു മാർപാപ്പയുടെ മരണം ഔദ്യോഗികമായി സാക്ഷിക്കുന്നത് കർദിനാൾ കാമർലിംഗോ ആണ്. (പരിശുദ്ധ സിംഹാസനത്തിന്റെ വസ്തുവകകളുടെയും വരുമാനത്തിന്റെയും നിയന്ത്രണം ഉള്ള കർദിനാളാണ് കാമർലിംഗോ). മാർപാപ്പയുടെ മരണവിവരം അറിയുന്ന കാമർലിംഗോ അവിടെയെത്തി കാലം ചെയ്ത മാർപാപ്പയുടെ മാമോദീസ നാമം മൂന്ന് പ്രാവശ്യം വിളിക്കും. ഇക്കാര്യം നടക്കുമ്പോൾ മാർപാപ്പയുടെ ആരാധനാ കാര്യാലയ ചുമതലയുള്ള പ്രീഫെക്റ്റും, മാർപാപ്പയുടെ കിടപ്പുമുറിയുടെ ചുമതലയുള്ള ചാൻസലറും, മാർപാപ്പയുടെ സെക്രട്ടറിയും സന്നിഹിതരായിരിക്കണം. മരിച്ചെന്ന് ബോധ്യപ്പെട്ടതിനു ശേഷം കാമർലിംഗോ മാർപാപ്പയുടെ കൈയ്യിൽ നിന്നും ‘മുക്കുവന്റെ മോതിരം’ ഊരുന്നു. ഇതും മാർപാപ്പയുടെ ഔദ്യോഗിക മുദ്രയും (seal) പിന്നീട് കർദിനാളന്മാരുടെ സാന്നിധ്യത്തിൽ നശിപ്പിക്കുന്നു. ഇത് ചെയ്തിരുന്നത് മാർപാപ്പയുടെ മരണശേഷം ആരും ഇത് ഉപയോഗിച്ച് കള്ളത്തരങ്ങൾ കാണിക്കാതിരിക്കാൻ വേണ്ടി ആയിരുന്നു. ഇന്ന് ഈ പ്രവൃത്തി ഒരു മാർപാപ്പ ഭരണത്തിന്റെ അവസാനം കുറിക്കുന്ന പ്രതീകം മാത്രമാണ്. (ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തപ്പോൾ ഈ ചുമതല നിർവഹിക്കുന്നത് അയർലണ്ടിൽ ജനിച്ച അമേരിക്കൻ ബിഷപ്പും പിന്നീട് റോമൻ കൂരിയായിൽ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന കർദിനാൾ കെവിൻ ഫാരലാണ്.)

മാർപാപ്പ കാലം ചെയ്ത് നാല് മുതൽ ആറ് ദിവസത്തിനകം കബറടക്കം നടത്താനുള്ള ക്രമീകരണവും നടത്തണം. ഇത്രയും ദിവസം മാറ്റിവച്ചിരിക്കുന്നത് വിശ്വാസികൾക്കും മറ്റുള്ളവർക്കും ഭൗതീക ശരീരം കാണുന്നതിന് അവസരം ഒരുക്കുന്നതിനാണ്. അതുപോലെതന്നെ അടുത്ത മാർപാപ്പയുടെ തിരഞ്ഞെടുപ്പിനായുള്ള കർദിനാളന്മാരുടെ കോൺക്ലേവ് വിളിച്ചു കൂട്ടുന്ന തീയതി നിശ്ചയിക്കുന്ന പ്രക്രിയയും ഈ അവസരത്തിൽ നടക്കുന്നു. സാധാരണ ഗതിയിൽ മാർപാപ്പ കാലം ചെയ്തു പതിനഞ്ചു ദിവസത്തിനകം വിളിച്ചുകൂട്ടണം എന്നാണ് നിയമം. എന്നാൽ ദൂര പ്രദേശങ്ങളിൽ നിന്നും വത്തിക്കാനിൽ കർദിനാളന്മാർ എത്തിച്ചേരുന്നതിനായി ഇത് ഇരുപത് ദിവസം വരെ ആക്കാവുന്നതാണ്.

മാർപാപ്പ ഇല്ലാതിരിക്കുന്ന കാലത്ത് (sede vacante) കർദിനാൾ സംഘത്തിന് ചില അധികാരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. കർദിനാളന്മാരുടെ ഡീനാണ് ഈ സമയത്തെ കാര്യവിചാരിപ്പുകാരൻ. ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത എല്ലാ കർദിനാളന്മാരും മാർപാപ്പ തിരഞ്ഞെടുപ്പിന് മുൻപായി വത്തിക്കാനിൽ നടക്കുന്ന പൊതുവായ സമ്മേളനങ്ങളിൽ സംബന്ധിക്കാൻ ബാധ്യസ്ഥരാണ്. എന്നാൽ എൺപത് വയസ്സ് പൂർത്തിയായവർക്ക്, തീരുമാനങ്ങൾ എടുക്കുന്നതിനായി എന്തെങ്കിലും വോട്ടെടുപ്പ് വേണ്ടി വരികയാണെങ്കിൽ, അതിൽ സംബന്ധിക്കുന്നതിന് സാധിക്കില്ല. സഭയുടെ ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പ് കർദിനാൾ കാമർലിംഗോയും അദ്ദേഹത്തെ സഹായിക്കുന്ന മൂന്ന് കർദിനാളന്മാരും ചേർന്നാണ് നടത്തുന്നത്. ഈ മൂന്നംഗ കർദിനാളന്മാരിൽ ഒരാൾ ഒരു കർദിനാൾ ബിഷപ്പും, മറ്റെയാൾ കർദിനാൾ പുരോഹിതനും, മൂന്നാമത്തെയാൾ കർദിനാൾ ഡീക്കനും (ഇവരെല്ലാം തന്നെ ബിഷപ്പുമാരാണ്) ആയിരിക്കണം. ഈ മൂന്നു പേരെയും നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. മാർപാപ്പ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും ഇങ്ങനെ പുതിയൊരു സംഘത്തെ തിരഞ്ഞെടുക്കുകയും അവർ കോൺക്ലേവിന്റെ നടത്തിപ്പ് ഉറപ്പുവരുത്തുകയും വേണം.

മാർപാപ്പയുടെ സ്ഥാനത്യാഗം

ചരിത്രത്തിൽ വളരെ വിരളമായി സംഭവിക്കുന്ന കാര്യമാണ് ഒരു മാർപാപ്പയുടെ രാജി. 2013 ഫെബ്രുവരി 28-ന് ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ രാജി വച്ചപ്പോൾ അതിശയത്തോടെയാണ് ആ വാർത്ത ലോകം ശ്രവിച്ചത്. 1415-ൽ ഗ്രിഗറി പതിനാലാമൻ മാർപാപ്പയുടെ രാജിയാണ് ഇതിനു തൊട്ടു മുമ്പായി നടന്നിട്ടുള്ളത്. 1996-ലെ പ്രമാണ രേഖയിൽ ജോൺ പോൾ രണ്ടാമൻ മർപാപ്പ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. മാർപാപ്പയുടെ അധികാരത്തിന്റെ അടയാളങ്ങളിലൊന്നായ മുക്കുവന്റെ മോതിരം മറ്റ് കർദിനാളന്മാരുടെ സാന്നിധ്യത്തിൽ കർദിനാൾ കാമർലിംഗോയെ ഏൽപ്പിക്കുകയും അതിലെ കുരിശിന്റെ സ്ഥാനത്ത് ഒരു വെള്ളി ചുറ്റിക കൊണ്ട് X എന്ന് രേഖപ്പെടുത്തുകയും വേണം. അതിന് രൂപമാറ്റം വരുത്തുന്നത് അതിന്റെ ദുരുപയോഗം തടയുന്നതിന് വേണ്ടിയാണ്.

കർദിനാളന്മാരുടെ സമ്മേളനം

സാധാരണയായി മാർപാപ്പ തിരഞ്ഞെടുപ്പിന് ഒത്തു കൂടുന്ന കർദിനാളന്മാർക്ക് തങ്ങളെ ഭരമേല്പിച്ചിരിക്കുന്ന ഗൗരവമേറിയ ദൗത്യത്തെക്കുറിച്ചു ആഴത്തിൽ മനനം ചെയ്യുന്നതിനായി രണ്ടു പ്രബോധനങ്ങൾ കേൾക്കാൻ അവസരമുണ്ടാകും. ഒന്ന് കോൺക്ലേവ് തുടങ്ങുന്നതിന് മുൻപായും രണ്ടാമത്തേത് സിസ്റ്റീൻ ചാപ്പലിൽ ഒത്തുകൂടിയതിന് ശേഷവും. കോൺക്ലേവിൽ പ്രവേശിക്കുന്നതിന് മുൻപായി കർദിനാളന്മാർ പത്രോസിന്റെ ബസിലിക്കയിൽ ഒത്തു ചേർന്ന് വി. കുർബാന അർപ്പിക്കുന്നു. പിന്നീട് അപ്പസ്തോലിക കൊട്ടാരത്തിലെ പൗലോസിന്റെ ചാപ്പലിൽ ഒത്തുകൂടി അവിടെ നിന്നും സിസ്റ്റീൻ ചാപ്പലിലേക്ക് വിശുദ്ധന്മാരുടെ ലുത്തിനിയ ആലപിച്ചുകൊണ്ട് പ്രദക്ഷിണമായി പോകുന്നു. ‘വേനി ക്രയാത്തോർ സ്പിരിത്തൂസ്’ എന്ന പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയും എല്ലാവരും ഒത്തുചേർന്ന് ആലപിക്കുന്നു. അതിന് ശേഷം മാർപാപ്പ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും അനുസരിക്കുന്നതാണെന്ന് കർദിനാളന്മാർ പ്രതിജ്ഞ ചെയ്യുന്നു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടാൽ തിരുസിംഹാസനത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും രഹസ്യാത്മകത കാത്തുസൂക്ഷിക്കുമെന്നും ഏതെങ്കിലും ഭൗതിക അധികാരികളുടെ നിർദേശമുണ്ടെങ്കിൽ അത് അവഗണിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു.

സിസ്റ്റീൻ ചാപ്പലിൽ സന്നിഹിതരായിരിക്കുന്നവരിൽ ഏറ്റം പ്രായം കൂടിയ കർദിനാൾ ആദ്യം പ്രതിജ്ഞ മുഴുവനായി ഉറക്കെ ചൊല്ലുന്നു. പിന്നീട് സുവിശേഷഗ്രന്ഥത്തിൽ തൊട്ടുകൊണ്ട് പ്രായത്തിലുള്ള മൂപ്പുമുറ അനുസരിച്ചു ഓരോരുത്തരും പ്രതിജ്ഞ എടുക്കുന്നു. ലത്തീൻ ഭാഷയിൽ ചൊല്ലുന്ന പ്രതിജ്ഞ ഇപ്രകാരമാണ്: “ഞാൻ …. (ഒന്നാം പേര്) കർദിനാൾ … (വീട്ടുപേര്) വാഗ്ദാനവും, പ്രതിജ്ഞയും, ശപഥവും ചെയ്യുന്നു. അതിനാൽ ദൈവമേ, അങ്ങും, ഞാനിപ്പോൾ എന്റെ കരങ്ങളാൽ സ്പർശിച്ചിരിക്കുന്ന അങ്ങയുടെ വി. സുവിശേഷ ഗ്രന്ഥവും, എന്നെ സഹായിക്കട്ടെ”. (Et ego [given name] Cardinalis [surname] spondeo, voveo ac iuro. Sic me Deus adiuvet et haec Sancta Dei Evangelia, quae manu mea tango).

എല്ലാ കർദിനാളന്മാരും പ്രതിജ്ഞ എടുത്തു കഴിയുമ്പോൾ തിരുസിംഹാസനത്തിന്റെ ആരാധനാക്രമ കാര്യാലയ ചുമതലക്കാരൻ കോൺക്ലേവിൽ സംബന്ധിക്കാൻ അനുവാദമുള്ള കർദിനാളന്മാരൊഴികെ ബാക്കിയുള്ളവരെല്ലാം പുറത്തുപോകാൻ ആവശ്യപ്പെടുന്നു. സിസ്റ്റീൻ ചാപ്പലിന്റെ വാതിൽക്കൽ നിന്നുകൊണ്ട് അദ്ദേഹം വിളിച്ചുപറയും “എല്ലാവരും പുറത്തുപോവുക” (Extra omnes!) അതിന് ശേഷം കതക് അടക്കുന്നു. (ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്ത ശേഷമുള്ള കോൺക്ലേവിൽ സിസ്റ്റീൻ ചാപ്പലിന്റെ അൾത്താരയുടെ മുൻപിൽ നിന്നുകൊണ്ട് തിരുസിംഹാസനത്തിന്റെ ആരാധനാക്രമ കാര്യാലയ നടത്തിപ്പിന്റെ ചുമതലക്കാരൻ കർദിനാൾ ആർതർ റോഷർ ഈ വാക്കുകൾ ഉച്ചരിക്കുകയും അതിന് ശേഷം കതകടക്കുകയും ചെയ്യും).

തിരുസിംഹാസനത്തിന്റെ ആരാധനാക്രമ കാര്യാലയ ചുമതലക്കാരനും, കർദിനാളന്മാർക്ക് തിരഞ്ഞെടുപ്പിന് മുൻപുള്ള ധ്യാന ചിന്തകൾ നല്കുന്ന കർദിനാൾ സംഘം ചുമതലപ്പെടുത്തിയ വ്യക്തിയും, പിന്നെയും അവിടെ തുടരുന്നു. പ്രസംഗ ശേഷം അദ്ദേഹവും സിസ്റ്റീൻ ചാപ്പലിൽ നിന്നും പുറത്തുപോകുന്നു. പ്രാർത്ഥന കഴിഞ്ഞതിന് ശേഷം ആർക്കെങ്കിലും മാർപാപ്പ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ടോ ഏറ്റം മുതിർന്ന കർദിനാൾ ആരായുന്നു. സംശയങ്ങൾ ഉണ്ടെങ്കിൽ അത് നിവർത്തീകരിക്കപ്പെട്ടതിന് ശേഷം തിരഞ്ഞെടുപ്പ് ആരംഭിക്കുന്നു.

ഈ പ്രക്രിയ തുടങ്ങി കഴിഞ്ഞു ഏതെങ്കിലും കർദിനാൾ വന്നാൽ അദ്ദേഹത്തെയും കോൺക്ലേവിൽ സംബന്ധിക്കാൻ അനുവദിക്കാമെന്നാണ് നിയമം. അതുപോലെ രോഗിയോ, ശുചിമുറിയോ ഉപയോഗിക്കേണ്ടി വരികയോ ചെയ്യുന്ന കർദിനാളന്മാർക്ക് പുറത്തുപോയി തിരികെ വരാൻ അനുവാദമുണ്ട്. ഇക്കാരണത്താലല്ലാതെ വാതിലിന് പുറത്തുപോകുന്ന ഒരു കർദിനാളിനും വീണ്ടും കോൺക്ലേവിൽ സംബന്ധിക്കാൻ സാധിക്കില്ല. കർദിനാൾ സംഘത്തിന്റെ സെക്രട്ടറിക്കും, തിരുസിംഹാസനത്തിന്റെ ആരാധനക്രമ കാര്യാലയ ചുമതലക്കാരനും, പേപ്പൽ സാക്രിസ്റ്റിയുടെ രണ്ടു ഉദ്യോഗസ്ഥർക്കും, കർദിനാൾ ഡീനിന്റെ ഒരു സഹായിക്കും, ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട ആളുകൾക്കും അവശ്യപ്പെടുന്നതനുസരിച്ചു ഇവിടേയ്ക്ക് സഹായിക്കാനായി വരുന്നതിന് അനുവാദം ഉണ്ട്. അതുപോലെതന്നെ വിവിധ ഭാഷകളിൽ കുമ്പസാരം കേൾക്കുന്നതിനുള്ള പുരോഹിതന്മാരും, രണ്ടു ഡോക്ടർമാരും ഇവരുടെ സേവനത്തിനായി ഉണ്ടാവും. എന്നാൽ സിസ്റ്റീൻ ചാപ്പലിൽ ഇവർക്കും പ്രവേശിക്കാൻ അനുവാദം ഇല്ല.

മാർപാപ്പ തിരഞ്ഞെടുപ്പിന്റെ ഏറ്റം വലിയ പ്രത്യേകത അതിന്റെ രഹസ്യാത്മകതയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട ഏതു കാര്യങ്ങളും മറ്റുള്ളവരോട് വെളിപ്പെടുത്തുന്നത് വിലക്കപ്പെട്ട കാര്യമാണ്. എഴുത്തിലൂടെയോ, റേഡിയോ, ഫോൺ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെയോ, സംസാരത്തിലൂടെയോ മാർപാപ്പ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത് സ്വാഭാവിക പുറത്താക്കൽ വിളിച്ചുവരുത്തും (latae sententiae). എന്തെങ്കിലും കാര്യങ്ങൾ പുറം ലോകത്തോട് അത്യാവശ്യമായി വെളിപ്പെടുത്താനുണ്ടെങ്കിൽ മൂന്ന് പേർക്ക് കർദിനാൾ സംഘത്തിന്റെ അനുവാദത്തോടെ അത് ചെയ്യുന്നതിന് സാധിക്കും. വത്തിക്കാന്റെ മേജർ പെനിറ്റെൻഷ്യറി, റോമൻ രൂപതയുടെ കർദിനാൾ വികാരി, വത്തിക്കാൻ രാജ്യത്തിന്റെ വികാരി ജനറൽ എന്നിവരാണ് ഇങ്ങനെ അധികാരപ്പെടുത്തപ്പെട്ടവർ.

ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിലും ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ, മറ്റു ഉപാധികളോ ഉണ്ടോയെന്ന് സിസ്റ്റീൻ ചാപ്പലിൽ സമ്പൂര്‍ണ്ണ പരിശോധന നടത്തും. മുൻകാലങ്ങളിൽ വത്തിക്കാനിലെ ജോലിക്കാരുടെ വേഷത്തിൽ നുഴഞ്ഞു കയറാൻ പരിശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്. കൂടാതെ വയർലസ് ജാമറുകൾ സിസ്റ്റീൻ ചാപ്പലിൽ ഈ സമയത്ത് സ്ഥാപിക്കുകയും ചെയ്യാറുണ്ട്.

കോൺക്ലേവിലെ വേട്ടെടുപ്പ് രീതി

കോൺക്ലേവ് കൂടി ഒന്നാം ദിവസം ഉച്ചകഴിഞ്ഞു ആദ്യത്തെ വേട്ടെടുപ്പ് നടത്താം. എന്നാൽ അങ്ങനെ ആകണമെന്ന് നിർബന്ധവുമില്ല. ആദ്യദിവസത്തെ വോട്ടെടുപ്പിൽ ആരും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അടുത്തു വരുന്ന ദിവസങ്ങളിൽ ഒരു മാർപാപ്പയെ തിരഞ്ഞെടുക്കുന്നവരെ നാല് വോട്ടെടുപ്പുകൾ നടത്താം. രണ്ടെണ്ണം രാവിലെയും രണ്ടെണ്ണം ഉച്ചകഴിഞ്ഞും. രാവിലെയും ഉച്ചകഴിഞ്ഞും ഓരോ പ്രാവശ്യവും കോൺക്ലേവിന്റെ നിയമങ്ങൾ അനുസരിച്ചുകൊള്ളാമെന്നു കർദിനാളന്മാർ പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു. മൂന്ന് ദിവസത്തെ വോട്ടിങ്ങിന് ശേഷവും മാർപാപ്പയെ തിരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ ഒരു ദിവസം വോട്ടിങ്ങില്ലാതെ കർദിനാളന്മാർ പ്രാർത്ഥനയിൽ ചിലവഴിക്കുന്നു. ഈ സമയത് ഏറ്റവും മുതിർന്ന കർദിനാൾ ഡീക്കൻ ഒരു പ്രസംഗം നടത്തുന്നു. ഏഴ് ദിവസത്തിന് ശേഷവും ഒരാളെ തിരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും ഒരു ദിവസം പ്രാർത്ഥനയിൽ ചിലവഴിക്കുകയും തലമുതിർന്ന കർദിനാൾ ബിഷപ്പ് കോൺക്ലേവിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യും. പിന്നീട് നടക്കുന്ന ഏഴു വോട്ടെടുപ്പിന് ശേഷവും മാർപാപ്പയെ തിരഞ്ഞെടുക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ഒരു ദിവസത്തെ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ശേഷം ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച രണ്ടു പേരിൽ ഒരാൾക്ക് വോട്ടു ചെയ്യുകയും അതിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാൾ അടുത്ത മാർപാപ്പ ആവുകയും ചെയ്യും. എന്നാൽ ഇവർക്ക് രണ്ടിനും ഈ ഘട്ടത്തിൽ വോട്ട് ചെയ്യുന്നതിന് സാധിക്കില്ല.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ മാർപാപ്പയുടെ ആരാധനക്രമകാര്യാലയ ചുമതലക്കാരൻ ബാലറ്റ് പേപ്പറുകൾ തയ്യാറാക്കുകയും കർദിനാളന്മാർക്ക് നൽകുകയും ചെയ്യുന്നു. അതിൽ ലത്തീൻ ഭാഷയിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്: “ഞാൻ, മാർപാപ്പയായി …. തിരഞ്ഞെടുക്കുന്നു” (Eligo in Summum Pontificem). ഈ സമയത്ത് ആരാധനക്രമകാര്യാലയ ചുമതലക്കാരനും, കർദിനാൾ സംഘത്തിന്റെ സെക്രട്ടറിയും, ബാക്കി വോട്ടവകാശമുള്ള കർദിനാളന്മാരല്ലാതെ മറ്റാരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അവരും പുറത്തുപോകുന്നു. ഏറ്റം ചെറുപ്പമായ കർദിനാൾ ഡീക്കൻ സിസ്റ്റീൻ ചാപ്പലിന്റെ കതകുകൾ അടയ്ക്കുന്നു. തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിലേക്കായി നറുക്കെടുപ്പിലൂടെ ഒൻപതുപേരെ നിയോഗിക്കുന്നു. രാവിടെ രണ്ടു വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ ഇവർ തന്നെ അതിന്റെ നടത്തിപ്പുകാർ ആയിരിക്കും. ഉച്ചകഴിഞ്ഞു വീണ്ടും വോട്ടെടുപ്പ് വേണ്ടി വരുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മറ്റ് ഒൻപത് പേർക്കായിരിക്കും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതല. കർദിനാളന്മാർ തിരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ചുകൊള്ളാമെന്നു വീണ്ടും പ്രതിജ്ഞ എടുക്കുകയും വേണം.

കർദിനാളന്മാർ മുൻഗണനാക്രമത്തിൽ തങ്ങൾ എഴുതിയ പേരുമായി സിസ്റ്റീൻ ചാപ്പലിലെ അൾത്താരയുടെ മുൻപിൽ ചെന്ന് ലത്തീൻ ഭാഷയിൽ ഇപ്രകാരം പറയുന്നു. “എന്റെ വിധികർത്താവായ ക്രിസ്തുവിനെ ഞാൻ സാക്ഷ്യപ്പെടുത്തിക്കൊണ്ടു എന്റെ വോട്ട് ദൈവതിരുമുമ്പിൽ തിരഞ്ഞെടുക്കപ്പെടണം എന്ന് ഞാൻ ചിന്തിക്കുന്ന ആളിന് നൽകിയിരിക്കുന്നു”. (Testor Christum Dominum, qui me iudicaturus est, me eum eligere, quem secundum Deum iudico eligi debere).

ഇനിയും അവിടെയുള്ള ഒരു കർദിനാളിനു രോഗം കാരണം അൽത്താരയുടെ അടുത്തേയ്ക്ക് നടന്നു പോകാൻ സാധിക്കില്ല എങ്കിൽ അവസാനത്തെ ആൾ അൾത്താരയുടെ മുൻപിൽ അദ്ദേഹത്തിന് വേണ്ടി ഈ പ്രതിജ്ഞ ചെയ്തു വോട്ടു ചെയ്ത ബാലറ്റ് പേപ്പർ വാങ്ങേണ്ടതാണ്.

വെളുത്ത പുകയും കറുത്ത പുകയും

ആയിരത്തി എണ്ണൂറുകളിലാണ് കർദിനാളന്മാർക്ക് ഒരു മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിന് സാധിച്ചില്ല എന്ന് കാണിക്കുന്നതിനായി ഓരോ വോട്ടിങ്ങിനു ശേഷവും ബാലറ്റ് പേപ്പർ കത്തിച്ചു ചിമ്മിനിയിലൂടെ പുക പുറത്തേയ്ക്ക് വിടുന്ന പതിവ് ആരംഭിച്ചത്. ആദ്യകാലങ്ങളിൽ ഒരുതിരഞ്ഞെടുപ്പിന് ശേഷം പുക വന്നില്ലായെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്ന് അറിയാമായിരുന്നു. 1914-നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ സിസ്റ്റീൻ ചാപ്പലിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചിമ്മിനിയിലൂടെ വെളുത്തതോ കറുത്തതോ ആയ പുക തിരഞ്ഞെടുപ്പിന്റെ അടയാളമായി പുറത്തു വിടുന്ന പതിവ് ആരംഭിച്ചു. വെള്ള പുക പുതിയൊരു മാർപാപ്പയെ തിരഞ്ഞെടുത്തു എന്നും കറുത്ത പുക മാർപാപ്പയാകാനുള്ള മൂന്നിൽ രണ്ടു ഭൂരിപക്ഷം ആർക്കും കിട്ടിയിട്ടില്ലെങ്ങും കാണിക്കുന്നു. ആദ്യകാലങ്ങളിൽ ചില തിരഞ്ഞെടുപ്പിലെങ്കിലും പുറത്തു വരുന്ന പുകയുടെ നിറത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു.

എ.ഡി. 1963 മുതൽ ബാലറ്റ് പേപ്പറുകളോടൊപ്പം രാസവസ്തുക്കളും ചേർത്ത് കത്തിക്കാൻ തുടങ്ങി. 2005 മുതൽ വെളുത്ത പുകയോടൊപ്പം വി. പത്രോസിന്റെ ബസിലിക്കയിൽ മണികളും മുഴക്കുന്നതുകൊണ്ട് ഇപ്പോൾ ഒരു മാർപാപ്പയെ തിരഞ്ഞെടുത്തു എന്ന് അറിയുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. 2013-ലെ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച രാസവസ്തുക്കളുടെ പേര് വിവരം വരെ വത്തിക്കാൻ പ്രസിദ്ധമാക്കുകയുണ്ടായി.

സമ്മതവും പ്രഖ്യാപനവും

തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞാൽ കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ സംഘത്തിന്റെ സെക്രട്ടറിയെയും മാർപാപ്പയുടെ ആരാധനക്രമകാര്യാലയ ചുമതലക്കാരനെയും സിസ്റ്റീൻ ചാപ്പലിലേക്ക് വിളിച്ചു വരുത്തുന്നു. അതിന് ശേഷം ഡീൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആളിനോട് തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നുവോ എന്ന് ആരായുന്നു. ഇത് ലത്തീൻ ഭാഷയിലാണ് ചോദിക്കുന്നത് “അങ്ങയെ മാർപാപ്പയായി തിരഞ്ഞെടുത്തത് സ്വീകരിക്കുന്നുവോ?” (Acceptasne electionem de te canonice factam in Summum Pontificem?) അദ്ദേഹം ഈ ചോദ്യത്തിന് അതേയെന്ന് ഉത്തരം പറയണമെന്ന് നിർബന്ധമില്ല. ഇനിയും തിരഞ്ഞെടുപ്പ് അംഗീകരിക്കുകയും ആ സമയത്ത് ഒരു ബിഷപ്പായിരിക്കുകയും ചെയ്യുന്നെങ്കിൽ ആ നിമിഷം മുതൽ മാർപാപ്പയുടെ അധികാരം കൈവരുന്നു. ബിഷപ്പല്ലായെങ്കിൽ ഈ സ്ഥാനം മെത്രാഭിഷേകത്തിന് ശേഷം മാത്രമേ ഏറ്റെടുക്കാൻ സാധിക്കൂ.

ഒരു പുരോഹിതനായിരിക്കുന്ന ആൾ ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ കർദിനാളന്മാരുടെ ഡീൻ അദ്ദേഹത്തെ ബിഷപ്പായി വാഴിക്കുന്നു. ഒരു അല്മായനാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ ശെമ്മാശനായും പുരോഹിതനായും ബിഷപ്പായും അദ്ദേഹത്തെ വാഴിക്കണം. ഡീൻ, വൈസ് ഡീൻ എന്നിവർക്ക് ഇതിന് സാധിക്കാതെ വരികയാണെങ്കിൽ ഏറ്റം മുതിർന്ന കർദിനാൾ ബിഷപ്പാണ് ഇത് ചെയ്യേണ്ടത്. 2005-ലെ കോൺക്ലേവിൽ കർദിനാളന്മാരുടെ ഡീൻ ആയിരുന്ന ജോസഫ് റാറ്റ്‌സിംഗർ തന്നെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2013-ലെ തിരഞ്ഞെടുപ്പിൽ എൺപത് വയസ്സ് പൂർത്തിയായിരുന്നതിനാൽ ഡീനിനും വൈസ് ഡീനിനും കോൺക്ലേവിൽ സംബന്ധിക്കാൻ സാധിക്കാഞ്ഞതിനാൽ മുതിർന്ന കർദിനാൾ ബിഷപ്പായിരുന്ന ജൊവാന്നി ബാത്തിസ്ത റേയാണ് ഡീനിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയത്. അന്ന് ഈ ദൗത്യം നിർവഹിച്ച കർദിനാൾ റേ ഇന്ന് കർദിനാൾ സംഘത്തിന്റെ ഡീനാണെങ്കിലും അദ്ദേഹത്തിനും വൈസ് ഡീനിനും എൺപത് വയസ്സ് കഴിഞ്ഞിരിക്കുന്നതിനാൽ മുതിർന്ന കർദിനാൾ ബിഷപ്പ് പിയെത്രോ പരോളിനോ അതുപോലെ ഉത്തരവാദിത്വമുള്ള മറ്റൊരു കർദിനാളോ ലിഖിത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഈ ദൗത്യം നിർവഹിക്കും.

എ.ഡി. 533 മുതൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ പുതിയൊരു പേര് സ്വീകരിക്കുന്ന പാരമ്പര്യം നിലവിൽ വന്നു. ജോൺ രണ്ടാമൻ മാർപാപ്പയാണ് അങ്ങനെ ആദ്യമായി പുതിയ പേര് സ്വീകരിച്ചത്. മെർക്കൂറിയസ് എന്ന തന്റെ പേര് ഒരു റോമൻ ദൈവത്തിന്റെ പേരായിരുന്നതിനാൽ മാർപാപ്പയ്ക്ക് അത് അനുചിതമായിരിക്കും എന്നതിനാലാണ് അദ്ദേഹം ഇപ്രകാരം ചെയ്തത്. സ്വന്തം പേര് മാറ്റാതെ തന്നെ മാർപാപ്പ ആയ അവസാനത്തെ ആളാണ് മാർസെല്ലൂസ് രണ്ടാമൻ.

തിരഞ്ഞെടുപ്പ് അംഗീകരിച്ചു കഴിഞ്ഞാൽ കർദിനാൾ ഡീൻ “ഏത് പേരിലാണ് അങ്ങ് അറിയപ്പെടാൻ ആഗ്രഹിക്കുന്നത്?” (Quo nomine vis vocari?) എന്ന് പുതിയ മാർപാപ്പയോട് ആരായുന്നു. അതിന് ഉത്തരം ലഭിച്ചു കഴിയുമ്പോൾ കോൺക്ലേവുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കും. മാർപാപ്പയുടെ ആരാധനാ കാര്യാലയ ചുമതലക്കാരൻ ഈ തിരഞ്ഞെടുപ്പും പുതിയ പേരും സംബന്ധിച്ച ഒരു ഡോക്യുമെന്റ് തയ്യാറാക്കുന്നു. കോൺക്ലേവ് അവസാനിക്കുമ്പോൾ പുതിയ മാർപാപ്പ തന്റെ കർദിനാളിന്റെ തൊപ്പി (zucchetto) കോൺക്ലേവിന്റെ സെക്രട്ടറിയുടെ തലയിൽ വച്ചുകൊടുക്കുന്ന പാരമ്പര്യവും ഉണ്ട്. അദ്ദേഹത്തെ അടുത്ത കൺസിസ്റ്ററിയിൽ കർദിനാൾ ആക്കും എന്നതിന്റെ അടയാളമായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. അടുത്ത കാലത്തെ മാർപാപ്പാമാരുടെയെല്ലാം തിരഞ്ഞെടുപ്പിനു ശേഷം ഈ പാരമ്പര്യം നടപ്പാക്കിയിരുന്നു.

ഇത്രയും കാര്യങ്ങൾ കഴിയുമ്പോൾ പുതിയ മാർപാപ്പ സിസ്റ്റീൻ ചാപ്പലിനോട് ചേർന്നുള്ള ‘വിലാപത്തിന്റെ മുറി’യിൽ പോയി പ്രാർത്ഥിക്കുന്നു. ഈ പേര് ഈ മുറിക്ക് വന്നതിന് കാരണം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തി വലിയ വികാരവിക്ഷോഭത്തിലൂടെ ഇവിടെവച്ചു കടന്നുപോകുന്നതിനാലാണ്. ഇവിടുത്തെ പ്രാർത്ഥനയ്ക്ക് ശേഷം മാർപാപ്പയുടെ പുതിയ കുപ്പായം അണിയുന്നു. ഇതിനായി മൂന്ന് അളവിലുള്ള കുപ്പായവും, തൊപ്പിയും, ഇടക്കെട്ടും മറ്റും തയ്യാറാക്കി വച്ചിട്ടുണ്ടാകും. (2013-ൽ ഫ്രാൻസിസ് മാർപാപ്പ വസ്ത്രധാരണത്തിലും മറ്റും ചില പാരമ്പര്യങ്ങൾ ഒഴിവാക്കുകയുണ്ടായി. സ്വർണ്ണ കുരിശുമാലയ്ക്കു പകരം താൻ ഉപയോഗിച്ചുകൊണ്ടിരുന്ന കുരിശുമാലയും മാർപാപ്പയുടെ പുതിയ വെള്ള വസ്ത്രവും ധരിച്ചാണ് വത്തിക്കാനിലെ വി. പത്രോസിന്റെ ബസിലിക്കയിൽ ബാൽക്കണിയിൽ ഫ്രാൻസിസ് മാർപാപ്പ പ്രത്യക്ഷപ്പെട്ടത്).

ഈ കർമ്മങ്ങൾ സിസ്റ്റീൻ ചാപ്പലിൽ പൂർത്തിയായതിന് ശേഷം കർദിനാളന്മാരുടെ സംഘത്തിലെ പ്രോട്ടോ ഡീക്കൻ (ഏറ്റവും മുതിർന്ന കർദിനാൾ ഡീക്കൻ) പത്രോസിന്റെ ബസിലിക്കയിലെ ബാൽക്കണിയിൽ പുതിയ മാർപാപ്പ ലഭിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം നടത്തുന്നു. അദ്ദേഹം ലത്തീൻ ഭാഷയിൽ നടത്തുന്ന പ്രഖ്യാപനം ഇപ്രകാരമാണ്.

വലിയ സന്തോഷത്തോടെ ഞാൻ നിങ്ങളോട് പ്രഖ്യാപിക്കുന്നു;
നമുക്ക് ഒരു മാർപാപ്പയെ ലഭിച്ചിരിക്കുന്നു:
അത്യുന്നത കർദിനാൾ പെരിയ ബഹുമാനപ്പെട്ട
(പേര്)
പരിശുദ്ധ കത്തോലിക്കാ സഭയിലെ
(വീട്ടുപേര്)
അദ്ദേഹം തന്റെ മാർപാപ്പ നാമമായി (പുതിയ പേര്) സ്വീകരിച്ചിരിക്കുന്നു.

Annuntio vobis gaudium magnum;
habemus Papam:
Eminentissimum ac Reverendissimum Dominum,
Dominum [given name]
Sanctae Romanae Ecclesiae Cardinalem [surname]
qui sibi nomen imposuit [papal name].

ഇനിയും പ്രോട്ടോഡീക്കൻ തന്നെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഈ പ്രഖ്യാപനം നടത്തേണ്ടത് രണ്ടാമത്തെ മുതിർന്ന കർദിനാൾ ഡീക്കനാണ്. ഇത് അവസാനമായി സംഭവിച്ചത് 1513-ൽ ജൊവാന്നി ദേ മെഡിച്ചി ലിയോ പത്താമൻ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. ഈ പ്രഖ്യാപനത്തിനു ശേഷം ബസിലിക്കയുടെ ബാൽക്കണിയിലെ അഴിക്കു മുകളിലായി ഒരു നീണ്ട കൊടി തൂക്കിയിടുന്നു. അതിന് ശേഷം പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആൾ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്നു. ഈ സമയത്ത് താഴെ നിന്ന് പേപ്പൽ ബാൻഡ് പാപ്പാഗാനം ആലപിക്കുന്നു. കോൺക്ലേവിൽ സംബന്ധിച്ച കർദിനാളന്മാരും ഈ സമയത്ത് ബാൽക്കണിയുടെ വശങ്ങളിലായി നിലയുറപ്പിച്ചിട്ടുണ്ടാവും. പുതിയ മാർപാപ്പ “ഊർബി എത് ഓർബി” (നഗരത്തിനും ലോകത്തിനും) തന്റെ ആദ്യ ആശീർവാദം നൽകുന്നു. ജോൺ പോൾ രണ്ടാമൻ, ബെനഡിക്റ്റ് പതിനാറാമൻ, ഫ്രാൻസിസ് മാർപാപ്പാമാർ ഈ ആശീർവാദം നൽകുന്നതിന് മുൻപായി ഏതാനും ചുരുങ്ങിയ വാക്കുകളിലൂടെ വത്തിക്കാൻ ചത്വരത്തിൽ കൂടിയവരോടു സംസാരിക്കുകയുണ്ടായി. ഫ്രാൻസിസ് മാർപാപ്പ തന്റെ മുൻഗാമിയായ ബെനഡിക്റ്റ് മാർപാപ്പയ്ക്കും തനിക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനയും നടത്തി. പിന്നീട് സൗകര്യപ്രദമായ ഒരു ദിവസം സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുന്നതോടെ പുതിയ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമാവുന്നു.

ഉപസംഹാരം

മാർപാപ്പ സ്ഥാനം ഒരു നേതൃപദവി എന്നതുപോലെതന്നെ സേവനത്തിലും ത്യാഗത്തിലും വിശുദ്ധിയിലും അധിഷ്ഠിതമായ ദൈവവിളിയാണ്. മാർപാപ്പമാരുടെ നീണ്ട ചരിത്രം സഭയുടെയും ലോകത്തിന്റെയും മാറിമറിയുന്ന മുഖങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര കണ്ണാടി കൂടിയാണ്. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യം, സമാധാനം തുടങ്ങിയ ആഗോള വിഷയങ്ങളിൽ ആധുനിക പാപ്പാമാരുടെ ശക്തമായ നേതൃത്വം മുൻകാലങ്ങളിലെ പ്രശ്നങ്ങളിൽ നിന്നും വ്യത്യസ്തമാണ്. അതിനാൽ തന്നെ മാർപാപ്പ തിരഞ്ഞെടുപ്പ് വെറുമൊരു മാറ്റത്തിന്റെ പ്രതീകം മാത്രമല്ല, സഭയുടെ ഐക്യത്തിന്റെയും പരിശുദ്ധാത്മാവിലുള്ള ആഴമായ വിശ്വാസത്തെ പുല്കുന്നതിന്റെയും ലക്ഷണം കൂടിയാണ്. സിസ്റ്റീൻ ചാപ്പലിൽ നിന്ന് ഉയരുന്ന വെളുത്ത പുക ഒരു പുതിയ മാർപാപ്പ വന്നു എന്നതിന്റെ അടയാളം മാത്രമല്ല, രണ്ടായിരം വർഷത്തോളം നീണ്ട ഒരു ദൗത്യത്തിന്റെ പിന്തുടർച്ചയുടെ പ്രതീകവുമാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയും, മതനിരപേക്ഷതയും, സാംസ്കാരിക വ്യതിയാനങ്ങളും നമ്മുടെ കാലത്തെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമാക്കുമ്പോഴും മാർപാപ്പസ്ഥാനം ഭൂതകാലത്തെയും പാരമ്പര്യങ്ങളെയും ഭാവികാലവുമായി ബന്ധിപ്പിക്കുന്ന നിർണ്ണായക കണ്ണിയായി ഇന്നും വർത്തിക്കുന്നു. ഒരു വ്യക്തിയെ എന്നതിലുപരി വലിയൊരു പ്രതീകത്തെ ഈ വ്യക്തിയിലൂടെ കാണാൻ മാർപാപ്പസ്ഥാനം നമ്മെ സഹായിക്കുന്നു.

പുതിയ വെല്ലുവിളികളെ സഭ എങ്ങനെ നേരിടും? എന്തൊക്കെ മാറ്റങ്ങൾക്ക് സഭ ഇനിയും വിധേയമാകും? ആധുനിക വിശ്വാസ വെല്ലുവിളികളെ സഭയൊന്നാകെ എങ്ങനെ നേരിടും? സഭയെ സുവിശേഷ സാക്ഷ്യത്തിനായി ആധുനിക ലോകത്തിൽ എങ്ങനെ സജ്ജമാക്കും? അടുത്ത ദിനങ്ങളിൽ ഇതിനുള്ള ഉത്തരം നമുക്ക് ലഭിക്കും. മാർപാപ്പ പദവിയുടെ ആത്യന്തിക ശക്തി സിംഹാസനങ്ങളിലോ സ്ഥാനമാനങ്ങളിലോ അല്ല, ലോക മനസാക്ഷിയെ – കരുണ, സത്യം, നീതി, ദൈവസാന്നിധ്യം – തുടങ്ങിയ ശാശ്വത മൂല്യങ്ങളിലേക്ക് നയിക്കുന്നതിനുള്ള അനന്യമായ കഴിവിലാണ് അടങ്ങിയിരിക്കുന്നത്. ഭൂതകാലത്തിന്റെ ഒരു തിരുശേഷിപ്പല്ല നമ്മുടെ പുതിയ മാർപാപ്പ പിന്നയോ കാലത്തിന്റെ വെല്ലുവിളികളെ വിശ്വാസത്തിന്റെ ജീവനുള്ള ശക്തിയാൽ നയിക്കാൻ കഴിവുള്ള ദൈവത്തിന്റെ പ്രതിപുരുഷനാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.