കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം

ജിന്‍സി സന്തോഷ്‌

“എന്തെന്നാൽ, കർത്താവ് ആറു ദിവസം കൊണ്ട് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സമസ്തവും സൃഷ്ടിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. അങ്ങനെ അവിടുന്ന് സാബത്തു ദിനത്തെ  അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു” (പുറ. 20:11).

ആറു ദിവസത്തെ അദ്ധ്വാനത്തിനു ശേഷം എല്ലാം  നന്നായിരിക്കുന്നു എന്നുപറഞ്ഞ് ദൈവം ഏഴാം ദിവസം വിശ്രമിച്ചു. ആ ദൈവത്തിന്റെ പുത്രൻ, ലോകത്തിൽ മനുഷ്യാവതാരമെടുത്ത ശേഷം തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ അവൻ ചുറ്റും നോക്കിയിട്ട് പറഞ്ഞു “എല്ലാം നന്നല്ല. മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.” അതുകൊണ്ട് ഏഴാം ദിവസം വിശ്രമിക്കാനുള്ളതല്ല; എല്ലാം നന്നാക്കാനുള്ളതാണ്.

ഞായറാഴ്ച്ച, ആറു ദിവസത്തെ ജോലിഭാരങ്ങൾ ഇറക്കിവച്ച് പേരിനൊരു  കുർബാനയും ‘കണ്ട്’ മൃഷ്ടാനഭോജനം നടത്തി, ഉല്ലാസാഘോഷങ്ങളും സംഘടനാ പ്രവർത്തനങ്ങളും കഴിഞ്ഞ് ആലസ്യത്തോടെ ഉറങ്ങിത്തീർക്കേണ്ട ദിവസമല്ല. ആറു ദിവസം കൊണ്ട് നിന്റെ നാവിന്റെ ദുരുപയോഗം മൂലം അറുത്തുമാറ്റിയ ബന്ധങ്ങളെ കോർത്തിണക്കേണ്ട ദിവസമാണ് ഞായറാഴ്ച്ച. ആറു ദിവസം കൊണ്ട് നിന്റെ നോട്ടത്താൽ വരുത്തിയ അശുദ്ധിയുടെ കറകളെ നീക്കം ചെയ്യാനുള്ള ദിവസമാണ്  ഞായറാഴ്ച്ച. ആറു ദിവസം കൊണ്ട് നിന്റെ പ്രവൃത്തികളുടെ പോരായ്മകൾ മൂലം വേദനിച്ചു പടിയിറങ്ങിയവരെ ചേർത്തുപിടിക്കേണ്ട ദിവസമാണ് ഞായറാഴ്ച്ച. ആറു ദിവസം നീ രുചിയോടെ ഭക്ഷിച്ചത് വച്ചുവിളമ്പിയവരോട്, അത് രുചിച്ച അതേ നാവു കൊണ്ട് ശപിച്ചു വിളമ്പിയതാണെന്നു നീ പറഞ്ഞ നിന്റെ നാവിനെ ശുദ്ധീകരിക്കേണ്ട ദിവസമാണ് ഞായറാഴ്ച്ച. നിന്റെ മക്കളെ ചങ്കോട് ചേർത്തവരോട്, ശപിച്ചുതള്ളുന്നു നീ എന്റെ മക്കളെ എന്ന് ആക്രോശിച്ച നിന്റെ അധരങ്ങളെ വിശുദ്ധീകരിക്കണ്ട ദിവസമാണ് ഞായറാഴ്ച്ച.

നിന്നെ ഭരമേല്പിച്ച ബന്ധങ്ങളെ, വിശ്രമമില്ലാതെ  വീണ്ടെടുക്കുന്ന ശുദ്ധതയുടെ നല്ല ഞായറാഴ്ച്ചകളെ വാർത്തെടുക്കുക. ആയുസ്സെത്തും മുമ്പെങ്കിലും എല്ലാം നന്നായി എന്ന് സ്വന്തം ജീവിതത്തെ നോക്കിപ്പറയാൻ ഈ പുതുഞായറാഴ്ച്ച നിനക്ക് ഇടയാകട്ടെ.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.