കുരിശ് സഹനത്തിന്റെ പാഠശാല

ജിന്‍സി സന്തോഷ്‌

കുരിശ് സ്നേഹത്തിന്റെ പാഠശാലയാണെന്നു പറഞ്ഞത് വി. മാക്സ്മില്യൻ കോൾബെയാണ്. ഒരു മനുഷ്യൻ തന്റെ ജീവിതത്തിൽ പഠിക്കേണ്ട എല്ലാ പാഠങ്ങളും ഉൾക്കൊണ്ട പാഠശാല തന്നെയാണ് കാൽവരിയിലെ ക്രിസ്തുവിന്റെ കുരിശ്. അതിർവരമ്പുകളില്ലാത്ത സ്നേഹത്തിന്റെ പര്യായമാണ് കുരിശ്. സ്നേഹം എന്നാൽ സ്വന്തമായതെല്ലാം അപരനു വേണ്ടി ത്യജിക്കലാണന്നും ക്രിസ്തുവിന്റെ കുരിശ് മനുഷ്യനെ പഠിപ്പിക്കുന്നു.

ജീവിതയാത്രയിൽ സഹനദുരിതങ്ങളുടെ കാൽവരി കയറുമ്പോൾ നീ ക്രിസ്തുവിന്റെ കുരിശിലേക്കു നോക്കുക. അവൻ നിന്നേക്കാൾ നീതിമാനായിരുന്നിട്ടും  പീഡനങ്ങൾക്കും സഹനങ്ങൾക്കും കുറവൊന്നുമില്ല. ജീവിതഗത്സമെനിയിൽ നീ ഒറ്റപ്പെടുമ്പോഴും തെരുവീഥികളിലും സൗഹൃദകൂട്ടുകളിലും നീ അപഹാസ്യനാവുമ്പോഴും ക്രിസ്തുവിന്റെ കുരിശിലേക്കു നോക്കുക. അവനാൽ സൗഖ്യപ്പെട്ടവരുടെയും പരിപോഷിക്കപ്പെട്ടവരുടെയും തിരസ്ക്കരണവും ഓശാന പാടിയവരുടെ അധരങ്ങളിൽ നിന്ന് തുപ്പലും ആക്ഷേപവും നിശബ്ദനായി ഏറ്റുവാങ്ങിയവനാണ് അവിടുന്ന്.

ജീവിതഗാഗുൽത്തായിൽ നീ തനിച്ചാണന്നു തോന്നുമ്പോഴും കൂട്ടിപ്പിടിച്ചതൊക്കെ നഷ്ടപ്പെടുമ്പോഴും കുരിശിലേക്കു നോക്കുക. നിന്റെ രക്ഷകനായി ക്രിസ്തുവും അവിടെ തനിച്ചാണ്. തുറന്നുപിടിച്ച അവന്റെ കരങ്ങളിൽ ചേർത്തുപിടിക്കാൻ  ബാക്കിയുണ്ടായിരുന്നത് തുളച്ചുകയറിയ ആണികൾ മാത്രമായിരുന്നു. തനിക്ക് സ്വന്തമായുണ്ടായിരുന്ന അമ്മയെപ്പോലും അവസാനതുള്ളി ചോരയിൽ മുക്കി ഒരു തിരുവോസ്തി കണക്ക് മാനവരാശിക്കു സമ്മാനമായി നൽകിയ പങ്കുവയ്ക്കലിന്റെ അവസാനവാക്കും പഠിപ്പിച്ചതാണ് ക്രിസ്തുവിന്റെ കുരിശ്.

ജീവിതത്തിൽ നീ പഠിക്കേണ്ട എല്ലാ പാഠങ്ങളും പഠിപ്പിക്കുന്ന പാഠശാലയാണ് അവന്റെ കുരിശ്. മനുഷ്യന് ഊഹിക്കാവുന്നതിലും പ്രാപിക്കാവുന്നതിലുമധികം രഹസ്യങ്ങൾ കുടികൊള്ളുന്ന നൊമ്പരത്തിന്റെ ചഷകവും നിനക്ക് ദൈവത്തിൽ താൽപര്യമില്ലെങ്കിലും ദൈവത്തിന് നിന്നിൽ താൽപര്യമുണ്ടെന്നതിന്റെ തെളിവുമാണ് കാൽവരിയിലെ ക്രിസ്തുവിന്റെ കുരിശ്. കുരിശിന്റെ മുൻപിൽ നീ കരഞ്ഞാൽ ക്രൂശിതൻ ഇറങ്ങിവരും. നമ്മൾ ഇപ്പോഴും കണക്കെടുപ്പിലാണ്. ഞാൻ സ്നേഹിച്ചവർ, എന്നെ സ്നേഹിച്ചവർ, കൂട്ടിയും കുറച്ചും ഞാൻ തളരുമ്പോഴും അവൻ തളരാതെ എന്റെ പാപത്തെപ്രതി മൂന്നാണികളിൽ തൂങ്ങി…

“വിദൂര കാഴ്ച കാണാൻ ദൈവമേ, ഞാൻ ആഗ്രഹിക്കുന്നില്ല.
ഒരു പടി മാത്രം മതി എനിക്ക്. ‘ഇന്ന്’ എന്ന പടി കടന്ന് അങ്ങിൽ എത്തുവോളം എന്റെ സഹനവേളകളിൽ എന്റെ കുരിശിന്റെ പിന്നാമ്പുറത്ത് നീയുണ്ടെന്നും എന്നെ ഓർമ്മിപ്പിക്കണമേ. നിന്റെ ആശ്വാസം എത്തുംവരെ നിന്റെ കണ്ണുകളിലേക്കു മാത്രം നോക്കി, നിന്റെ വഴികളിൽ മാത്രം സഞ്ചരിച്ചു ജീവിക്കാൻ എന്നെ  അനുഗ്രഹിച്ചാലും” (കർദ്ദിനാൾ ന്യൂമാൻ).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.