ജപമാല പ്രാർത്ഥന അനുദിന ജീവിതത്തിന്റെ ഭാഗമാക്കാൻ പത്ത് മാർഗ്ഗങ്ങൾ

ഒക്ടോബർ മാസം ജപമാല മാസമാണ്. പരിശുദ്ധ അമ്മയോട് ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ട് ക്രിസ്തുവിലേക്ക് നടന്നടുക്കുന്ന സമയം. ഒട്ടുമിക്ക കത്തോലിക്കരും ഈ ജപമാല മാസം വളരെ ഭക്തിപൂർവ്വം ആചരിക്കാറുണ്ട്. എന്നാൽ ചിലർക്കെങ്കിലും തിരക്കുകൾ കാരണം ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സമയം കിട്ടുന്നില്ലല്ലോ എന്ന സങ്കടമുണ്ട്. ഇത്തരം ആളുകൾക്കായി ജപമാല പ്രാർത്ഥനയെ എങ്ങനെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറ്റാം. അതിനായി പത്ത് കുറുക്കുവഴികളാണ് ചുവടെ ചേർക്കുന്നത്.

1. ജപമാല പോക്കറ്റിൽ കരുതാം

ഈ ജപമാല മാസത്തിൽ നമുക്ക് നമ്മുടെ പോക്കറ്റിൽ അല്ലെങ്കിൽ സ്ഥിരം ഉപയോഗിക്കുന്ന പേഴ്സിൽ ഒരു ജപമാല കരുതാം. പത്തുമണി കൊന്ത ആണെങ്കിൽ അത് കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും കൂടുതൽ സൗകര്യമാകും. ഈ ജപമാല കാണുമ്പോളൊക്കെയും ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലാം. കൂടാതെ ജപമാല നമ്മുടെ കയ്യിലുള്ളപ്പോൾ പരിശുദ്ധ അമ്മയെക്കുറിച്ചും ഈശോയെക്കുറിച്ചുമുള്ള ചിന്തകൾ നമ്മിൽ നിറയും.

2. വെറുതെ കളയുന്ന സമയം പ്രാർത്ഥനക്കായി ഉപയോഗപ്പെടുത്താം

‘തിരക്കാണ്’ എന്ന് പറയുമ്പോഴും നമ്മുടെ ജീവിതത്തിലെ ഒരു ദിവസത്തിൽ ഒരുപാട് സമയം നാം വെറുതെ കളയുന്നുണ്ട്. ഫോണിൽ നോക്കാനും തമാശകൾ കാണാനും ടിവി കാണാനും ഒക്കെ നാം മാറ്റിവയ്ക്കുന്ന സമയം ജപമാല പ്രാർത്ഥനക്കായി മാറ്റിവയ്ക്കാം. പ്രത്യേകിച്ചും ഈ ജപമാല മാസത്തിൽ. നമ്മുടെ ഇഷ്ടങ്ങൾ മാറ്റിവച്ച് പ്രാർത്ഥനക്കായി ഇടം നൽകുമ്പോൾ അവിടെ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലും സമാശ്വാസവും കടന്നുവരുന്നത് അനുഭവിച്ചറിയാവാൻ നമുക്ക് കഴിയും.

3. ജോലികളും കായികവിനോദങ്ങളും ചെയ്യുമ്പോൾ പ്രാർത്ഥിക്കുക

അനുദിന ജീവിതത്തിൽ നമുക്ക് നമ്മുടേതായ ഒരുപാട് ജോലികളും ഉത്തരവാദിത്വങ്ങളും ചെയ്യാനുണ്ട്. ഈ ജോലികൾക്കിടയിലും പ്രാർത്ഥനയോടെ ആയിരിക്കാനും ജപമാല രഹസ്യം ധ്യാനിക്കാനും നമുക്ക് കഴിയും. ഓഫീസിലെയോ, വീട്ടിലെയോ ജോലികൾ ചെയ്യുമ്പോൾ ഇടയ്ക്ക് ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലുന്നത് ജപമാല മാസത്തിന്റെ ചൈതന്യത്തിൽ വളരാൻ നമ്മെ സഹായിക്കും.

4. ചിത്രങ്ങളും സംഗീതവും സഹായിക്കും

ധ്യാനാത്മകമായ പ്രാർത്ഥനയാണ് ജപമാല. നമ്മൾ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ പ്രധാനമാണ് ഓരോ നിഗൂഢതകളെയും കുറിച്ച് ചിന്തിക്കാനുള്ള നമ്മുടെ ഹൃദയത്തിന്റെ മുൻകരുതൽ. ഇതിനായി ക്രിസ്തുവിന്റെയും മറിയത്തിന്റെയും ജീവിതത്തിന്റെ ഓരോ ഭാഗവും ധ്യാനിക്കാൻ നമ്മെ സഹായിക്കുന്നതിന് അഞ്ച് ചിത്രങ്ങൾ ഇന്റർനെറ്റിൽ തിരയാൻ കഴിയും. ഒപ്പം ഭക്തിനിർഭരമായ ഗാനങ്ങളും നമ്മെ കൂടുതൽ പ്രാർത്ഥനാമയമായ അനുഭവങ്ങളിൽ നിലനിർത്താൻ സഹായിക്കും.

5. പ്രാർത്ഥിക്കാനായി ശ്രദ്ധിക്കാം 

ശ്രദ്ധ വ്യതിചലിക്കാതെ പ്രാർത്ഥിക്കുന്നത് ബുദ്ധിമുട്ടാണ്. വീണ്ടും വീണ്ടും ചിന്തകൾ മനസിലേക്ക് വരുന്നു: ഷോപ്പിംഗ് ലിസ്റ്റ്, ഒരു സുഹൃത്തിന്റെ ജന്മദിനം, ഒരു അസുഖം അല്ലെങ്കിൽ ആശങ്ക അങ്ങനെ പലതും. ഈ ചിന്തകളിലിരുന്നുകൊണ്ടാണ് പ്രാർത്ഥിക്കുന്നതെങ്കിൽ പ്രാർത്ഥനയുടെ ഫലം ലഭിക്കില്ല. ഇത്തരം സന്ദർഭത്തിൽ നമ്മുടെ ചിന്തയിലേക്ക് കടന്നുവരുന്ന കാര്യങ്ങളെല്ലാം ചേർത്തുവച്ച അതിനായി നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ചൊല്ലാം.

6. യാത്രയിലായിരിക്കുമ്പോൾ പരസ്പരം പ്രാർത്ഥിക്കുക

നാം യാത്ര ചെയ്യുന്ന ഒരു സന്ദർഭത്തിലാണെങ്കിൽ നമ്മുടെ ഒപ്പം യാത്ര ചെയ്യുന്ന ആളുകളെയും അവരുടെ സാഹചര്യങ്ങളെയും സമർപ്പിച്ചു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാർത്ഥിക്കാം. ജോലിസ്ഥലത്തേക്കോ, സ്കൂളിലേക്കോ പോകുന്ന വഴിയിൽ കാറിലോ, ബസിലോ, ട്രെയിനിലോ നടക്കുമ്പോഴോ, തല താഴ്ത്തിയും കണ്ണടച്ചും ജപമാല ചൊല്ലാം. യാത്രാമധ്യേ പ്രാർത്ഥിക്കുക എന്നതിനർത്ഥം, പകൽ സമയത്ത് നമ്മൾ സമ്പർക്കം പുലർത്തുന്നവരോ, കണ്ടവരോ ആയ ആളുകൾക്കായി പ്രാർത്ഥിക്കുക എന്നതാണ്.

7. തീർത്ഥാടനം നടത്താം

ഈ ജപമാല മാസത്തിൽ കുടുംബാംഗങ്ങളെ കൂട്ടി മാതാവിന്റെ നാമത്തിലുള്ള ദൈവാലയങ്ങൾ സന്ദർശിക്കുന്നത് ഉചിതമാണ്. ഇത്തരം സന്ദർശനങ്ങൾ ഒരു വിനോദസഞ്ചാരത്തിന്റെ ലാഘവത്തോടെ ആകാതിരിക്കാൻ ശ്രദ്ധിക്കാം. പൂർണ്ണമായ ശ്രദ്ധയോടെ ദൈവാലയങ്ങളിൽ ആയിരിന്നുകൊണ്ട് പ്രാർത്ഥിക്കാനും ശ്രമിക്കാം.

8. നിയോഗങ്ങൾ വച്ച് പ്രാർത്ഥിക്കാം

നാം ജപമാല പ്രാർത്ഥിക്കുമ്പോൾ ഇപ്പോഴും ഒരു നിയോഗം വച്ച് പ്രാർത്ഥിക്കാൻ ശ്രമിക്കാം. അത് നമ്മുടെ പ്രാർത്ഥനകൾ കൂടുതൽ ശ്രദ്ധയോടെ ആയിരിക്കാൻ സഹായിക്കും. ഓരോ രഹസ്യത്തിനും ഒരു നിയോഗം സമർപ്പിക്കാം. ഓരോ രഹസ്യം ചൊല്ലുമ്പോഴും ആ നിയോഗം ദൈവതിരുമുമ്പിൽ സമർപ്പിക്കപ്പെടുന്നതിനായി പ്രത്യേകം പ്രാർത്ഥിക്കാം.

9. ആത്മീയ വരൾച്ചയുടെ സമയങ്ങളിൽ ജപമാല പ്രാർത്ഥിക്കുക

നമ്മുടെ ആത്മീയജീവിതത്തിൽ ഉയർച്ച-താഴ്ചകൾ ഉണ്ടാവുക സാധാരണമാണ്. ആത്മീയമായ വരൾച്ചയുടെ സമയത്തും പ്രാർത്ഥിക്കാൻ മടുപ്പുള്ളപ്പോഴും എന്ത് പ്രാർത്ഥിക്കണം ഇന്ന് സംശയിക്കുമ്പോഴും ജപമാല കൈയ്യിലെടുക്കാം. ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാർത്ഥിക്കുമ്പോൾ അത് നമുക്ക് ആത്മീയമായ ഒരു അനുഭൂതി പകരും.

10. ജപമാല ചൊല്ലി ഉറങ്ങാം

പലപ്പോഴും പലർക്കും പാട്ടുകേട്ട് ഉറങ്ങുന്ന ഒരു ശീലമുണ്ട്. എന്നാൽ ഈ ജപമാല മാസത്തിൽ ആ പതിവൊന്നു മാറ്റാം. ജപമാല ചൊല്ലി ഉറങ്ങാൻ കിടക്കാം. പലപ്പോഴും പകുതിയാകുമ്പോൾ നാം ഉറങ്ങിപ്പോകുമായിരിക്കാം. എങ്കിലും ആ പ്രാർത്ഥനയുടെ അരൂപി നമ്മിൽ ചുറ്റപ്പെട്ടുകിടക്കുകയും നമുക്കായി മാലാഖമാർ അത് പൂർത്തിയാക്കുകയും ചെയ്യും. ഈ ഒരു ശീലം ശാന്തമായി ദൈവകരങ്ങളിൽ കിടന്നുറങ്ങുന്നതിനു നമ്മെ സഹായിക്കും.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.