വി. പിയൂസ് അഞ്ചാമൻ പാപ്പ

ക്രിസ്തുവർഷം 1566 ജനുവരി 8 മുതൽ 1572 മെയ് ഒന്നു വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. പിയൂസ് അഞ്ചാമൻ. പിയൂസ് അഞ്ചാമൻ പാപ്പയുടെ തിരുനാൾ ദിനമാണ് ഏപ്രിൽ 30. സഭയെ നവീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

വടക്കൻ ഇറ്റലിയിലെ പീഡ്മോണ്ട് പ്രദേശത്തെ ബോസ്കോ എന്ന സ്ഥലത്ത് എ.ഡി. 1504 ജനുവരി 17 -ന് അന്തോണിയോ ഗിസ്‌ലിയേരി ജനിച്ചു. പതിനാലാമത്തെ വയസ്സിൽ ഡൊമിനിക്കൻ സന്യാസ സഭയിൽ ചേർന്ന് മിക്കേലെ എന്ന നാമം സ്വീകരിച്ച്, ജെനോവയിൽ വച്ച് 1528 -ൽ വൈദികപട്ടം സ്വീകരിച്ചു. പല ആശ്രമങ്ങളുടെയും അധിപനായി നിയമിതനായ മിക്കേലെ, സന്യാസചൈതന്യം നിഷ്ഠയോടെ പാലിച്ചു. രാത്രിയുടെ നീണ്ട യാമങ്ങൾ പ്രാർഥനയിൽ ചിലവഴിക്കുകയും സ്ഥിരമായി ഉപവസിക്കുകയും ദൈവീക കാര്യങ്ങളെക്കുറിച്ചു മാത്രം സംസാരിക്കാൻ ഇഷ്ടപ്പെടുകയും ചെയ്ത ആളായിരുന്നു മിക്കേലെ. എന്നാൽ ഇദ്ദേഹത്തിന്റെ കർക്കശ ജീവിതശൈലി കൂടെയുള്ളവരുടെ ശത്രുത സമ്പാദിക്കുകയും അവർ അദ്ദേഹത്തെ റോമിലേക്ക് സ്ഥലം മാറ്റുന്നതിൽ വിജയിക്കുകയും ചെയ്തു.

റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്ന കാലത്ത് അദ്ദേഹത്തെ സുത്രി രൂപതയുടെ ബിഷപ്പും സഭയുടെ മതവിചാരണ കോടതിയുടെ ചുമതലക്കാരനുമായി പോൾ നാലാമൻ മാർപാപ്പ നിയമിച്ചു. പതിമൂന്നു വയസ്സുള്ള ബന്ധു ഫെർഡിനാന്റിനെ പിയൂസ് നാലാമൻ കർദിനാളാക്കിയത് എതിർത്തപ്പോൾ മാർപാപ്പ അദ്ദേഹത്തെ റോമിൽ നിന്നും പുറത്താക്കി. എന്നാൽ മാർപാപ്പ കാലം ചെയ്തപ്പോൾ വി. ചാൾസ് ബോറമേയോ ഉൾപ്പെടെയുള്ളവർ കർദിനാൾ മിക്കേലെ ഈ സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിച്ചത്തിന്റെ ഫലമായി അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.

സഭയെ സമൂലം നവീകരിക്കാൻ പരിശ്രമിച്ച് അതിൽ വിജയിച്ച മാർപാപ്പയാണ് പിയൂസ് അഞ്ചാമൻ. അതിനായി തെന്ത്രോസ് സുന്നഹദോസിന്റെ തീരുമാനങ്ങൾ അക്ഷരംപ്രതി സഭയിലുടനീളം നടപ്പാക്കാൻ തീരുമാനിച്ചു. ആരാധനക്രമം സമൂലം പരിഷ്കരിച്ച് “റോമൻ മിസ്സൽ” എല്ലായിടത്തും നടപ്പാക്കി. നാനൂറു വർഷങ്ങൾക്കു ശേഷം 1969–70 -ൽ പോൾ ആറാമൻ മാർപാപ്പയാണ് പിന്നീട് “റോമൻ മിസ്സൽ” പരിഷ്‌ക്കരിച്ചത്. വി. തോമസ് അക്വീനാസിനെ പാശ്ചാത്യസഭയിലെ അഞ്ചാമത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചു. കൂടാതെ, യൂറോപ്പിലെ കത്തോലിക്കാ രാജാക്കന്മാരെ ഏകോപിപ്പിച്ചു കൊണ്ട് ഓട്ടോമൻ സാമ്രാജ്യത്വത്തിനെതിരെ “വിശുദ്ധ സംഖ്യം” രൂപീകരിക്കുകയും “ലപ്പാന്തോ യുദ്ധത്തിൽ” അവരെ പരാജയപ്പെടുത്തുകയും ചെയ്തു. എ.ഡി. 1572 മെയ് 1 -ന് കാലം ചെയ്ത പിയൂസ് അഞ്ചാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് സാന്ത മരിയ മജോറെ ബസിലിക്കയിലാണ്. പിയൂസ് അഞ്ചാമൻ മാർപാപ്പയെ ക്ലമന്റ് പത്താമൻ 1672 -ൽ വാഴ്ത്തപ്പെട്ടവനായും ക്ലമന്റ് പതിനൊന്നാമൻ 1712 -ൽ വിശുദ്ധനായും പ്രഖ്യാപിച്ചു. വി. പിയൂസ് അഞ്ചാം മാർപാപ്പയുടെ തിരുനാൾ ഏപ്രിൽ 30 -ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.