വി. യൗസേപ്പ് എന്ന നല്ല പിതാവ്

വി. യൗസേപ്പ് പിതാവ് കുടുംബനാഥന്മാര്‍ക്ക് മാതൃക ആകുന്നതെങ്ങനെ? വിശുദ്ധന്റെ ജീവിതത്തിലൂടെയുള്ള ഒരു സമകാലിക നിരൂപണം.

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

ബെത്‌ലഹേമില്‍ ധനുമാസരാവിന്റെ കുളിരു പെയ്ത ഒരു രാവില്‍ ഉള്ളിലെരിയുന്ന നെരിപ്പോടുമായി ഒരു ആശാരിച്ചെറുക്കനും കുടുംബത്തിനും ഈജിപ്തിലേക്ക് നാടുവിട്ടോടേണ്ടി വന്നു. കുടുംബനാഥന്റെ പേര് ജോസഫ്, ഭാര്യ മറിയം, മകന്റെ പേര് യേശു. തന്റെ ഭാര്യയ്ക്ക് പ്രസവിക്കാന്‍ പോലും ഇടമൊരുക്കാനാകാതായ ആ കുടുംബനാഥന്റെ കണ്ണീരും നൊമ്പരവും പിന്നീട് രക്ഷാകരചരിത്രത്തിലെ വലിയ അധ്യായമാവുകയായിരുന്നു. ഇന്നത്തെ മനുഷ്യര്‍ തങ്ങളുടെ ആയുസ്സ് മുഴുവന്‍ അദ്ധ്വാനിച്ച് മാളികകള്‍ പോലെ ഭവനം നിര്‍മ്മിച്ചിട്ടും അവിടെയൊന്നും ബെത്‌ലഹേമിലെ ആ കാലിത്തൊഴുത്തില്‍ അവരനുഭവിച്ച സമാധാനം ലഭിക്കുന്നില്ലല്ലോ എന്ന് നാം മനസ്സിലാക്കുമ്പോള്‍ അവിടേക്ക് വിസ്മയത്തോടെ നാം തിരിഞ്ഞ് നോക്കേണ്ടി വരുന്നു. എന്തായിരുന്നു യൗസേപ്പ് എന്ന കുടുംബനാഥന്‍ ആ കുടുംബത്തില്‍ ചെയ്ത അത്ഭുതം, കാലിത്തൊഴുത്തിനെ മാളികയേക്കാള്‍ സമാധാനവും ഐശ്വര്യവും നിറഞ്ഞതാക്കാന്‍ ആ സാധാരണക്കാരനായ അസാധാരണമനുഷ്യന്‍ ചെയ്ത കാര്യങ്ങള്‍ എന്തൊക്കെയായിരിക്കണം.

ഈ ലേഖനം വി. യൗസേപ്പിന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. പ്രത്യേകിച്ചും യൗസേപ്പ് എന്ന കുടുംബനാഥനിലൂടെയുള്ള അന്വേഷണം. വി. യൗസേപ്പിനെ പിതാവ് എന്നു നാം വിളിക്കണമെങ്കില്‍ ആ സ്ഥാനം നേടാന്‍ തക്കവിധം അദ്ദേഹത്തിനുണ്ടായിരുന്ന യോഗ്യതകളെക്കുറിച്ചും, അദ്ദേഹത്തില്‍ നിന്ന് നമ്മുടെ കുടുംബനാഥന്മാര്‍ പഠിക്കേണ്ട പാഠങ്ങളെക്കുറിച്ചും പരിഗണിക്കുകയാണിവിടെ.

ഉത്തിരിപ്പുകടമുള്ള ഉത്തരവാദിത്വം

കുടുംബനാഥന്‍ അല്ലെങ്കില്‍ വീട്ടുകാരണവര്‍ എന്ന സ്ഥാനം സ്വയം അലങ്കാരമായി കൊണ്ടു നടക്കാനുള്ള പദവിയല്ല, ഉത്തരിപ്പുകടം പേറുന്ന ഒരു ഉത്തരവാദിത്വമാണ്. കുടുംബാംഗങ്ങള്‍ക്കും മക്കള്‍ക്കും ജീവിതം കൊണ്ടും മാതൃകയാവുകയും കുടുംബമെന്ന ചട്ടക്കൂടിനെ താങ്ങിനിര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നത് ഈ സ്ഥാനം വഹിക്കുന്നവരെ സംബന്ധിച്ച് പരമപ്രധാനമാണ്. വി. യൗസേപ്പിനെ വി. ഗ്രന്ഥം നീതിമാന്‍ എന്നു നിര്‍വചനം നല്‍കി ആദരിക്കുന്നതു തന്നെ ഈ ഒരു നിലപാടിന്റെ പേരിലാണ്. നാടും സമൂഹവും നിയമഗ്രന്ഥങ്ങളും ഒന്നു ചേര്‍ന്ന് തന്റെ ഭാര്യ തെറ്റുകാരിയാണെന്ന് വിളിച്ചു പറയുമ്പോഴും, മറിയത്തെ തനിക്കും ദൈവത്തിനും അറിയുന്നതു പോലെ മറ്റാര്‍ക്കും അറിയില്ല എന്ന നിലപാടാണ് യൗസേപ്പ് സ്വീകരിക്കുന്നത്. മറിയം എന്ന സാധുവായ പെണ്‍കുട്ടിയെ മരണമുഖത്തു നിന്ന് യൗസേപ്പ് കൈപിടിച്ചു വലിച്ചു മാറ്റിയത് സ്വന്തം ജീവിതത്തിലേക്ക് കൂടിയായിരുന്നു. വ്യഭിചാരിണിയെന്ന് വിളിക്കപ്പെട്ട് പരസ്യമായി വിചാരണചെയ്യപ്പെട്ട്, കല്ലെറിഞ്ഞ് ചിതറിക്കപ്പൈട്ട് നഗരവാതില്‍ക്കല്‍ അവസാനിക്കപ്പെടുമായിരുന്ന മറിയത്തെ അവളുടെ നന്മ തിരിച്ചറിഞ്ഞ് കൈപിടിച്ച് കൊണ്ടു വന്നത് യൗസേപ്പാണ്. മറിയം നന്മയുള്ളവളാണെന്ന് യൗസേപ്പിന് അറിയാമായിരുന്നു, ആ അറിവു മതിയായിരുന്നു ആ കുടുംബത്തെ താങ്ങിനിര്‍ത്താനും.

ദൈവപുത്രന് ജന്മം നല്‍കാന്‍ ഇടമില്ലാതിരിക്കെ, ഭാര്യയുടെ പ്രസവവേദനയും നിലവിളിയും എല്ലാം ഉള്ളിലൊതുക്കി ഒരു മേല്‍ക്കൂര തേടി അലഞ്ഞ് അവസാനം കാലിത്തൊഴുത്തില്‍ എത്തിയ ആ മനുഷ്യന്‍ ഒന്നുമില്ലായ്മയെ രാജകൊട്ടാരമാക്കുന്ന വിസ്മയങ്ങള്‍ അറിയുന്നവനായിരുന്നു. കുടുംബനാഥനെന്ന സ്ഥാനം മഹനീയമാണെന്ന് ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം എന്ന വ്യക്തം. മദ്യത്തിനും താല്‍ക്കാലിക സന്തോഷങ്ങള്‍ക്കും നാം സമയം ചിലവഴിക്കാതെ കുടുംബത്തിന്റെ സന്തോഷത്തിന് വേണ്ടി നാം അധ്വാനിക്കുമെങ്കില്‍ അത് ശാശ്വതമായിത്തീരും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

ഫാ. ജെസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.