
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ഡൊമിനിക് സാവിയോയുടെ ജീവിതത്തിലെ ഏറ്റവും പ്രചോദനാത്മകമായ ഒരു സംഭവമാണ് രണ്ടു സുഹൃത്തുക്കൾക്കിടയിലെ വലിയൊരു വഴക്ക് അദ്ദേഹം ശാന്തമായി പരിഹരിച്ചത്.
ഒരിക്കൽ രണ്ട് ആൺകുട്ടികൾ തമ്മിൽ വലിയ തർക്കമുണ്ടാവുകയും അത് പരസ്പരം കല്ലെറിയുന്നതിലേക്ക് നീങ്ങുകയും ചെയ്തു. പരസ്പരം കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ആരെങ്കിലും ഒരാൾ തോൽവി സമ്മതിക്കുന്നത് വരെ ഈ അപകടകരമായ പോരാട്ടം തുടരുമായിരുന്നു. മറ്റുള്ളവർ ഭയന്ന് മാറിനിന്നപ്പോൾ ഡൊമിനിക് മാത്രം ആ പിഞ്ചുഹൃദയത്തിലെ സ്നേഹവുമായി അവർക്കിടയിലേക്ക് കടന്നുചെന്നു. “നിങ്ങൾ ഇത് അവസാനിപ്പിക്കണം” എന്ന് ഡൊമിനിക് അവരോട് അപേക്ഷിച്ചെങ്കിലും കോപാകുലരായ ആ കുട്ടികൾ വഴങ്ങിയില്ല.
കുട്ടികൾ വഴങ്ങില്ലെന്ന് കണ്ടപ്പോൾ ഡൊമിനിക് തന്റെ കഴുത്തിൽ കിടന്ന കുരിശുരൂപം കയ്യിലെടുത്തു. എന്നിട്ട് ആ പോരാളികൾക്കിടയിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: നിങ്ങൾ ഈ യുദ്ധം തുടങ്ങുന്നതിന് മുൻപ് ഈ കുരിശിലേക്ക് നോക്കണം. എന്നിട്ട് ആദ്യത്തെ കല്ല് എന്റെ നേരെ എറിയണം.” ഈ വാക്കുകൾ ആ കുട്ടികളെ ഞെട്ടിച്ചു കളഞ്ഞു.
തങ്ങളെ സ്നേഹിക്കുന്ന ഒരു നല്ല സുഹൃത്തിനെ മുറിപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. ഡൊമിനിക്കിന്റെ ആത്മത്യാഗപരമായ ഈ പ്രവർത്തി അവരുടെ ഉള്ളിലെ ദേഷ്യം അലിയിച്ചു കളഞ്ഞു. ആ കുട്ടികളിൽ ഒരാൾ പിന്നീട് പറഞ്ഞു. “ആ നിമിഷം എന്റെ ദേഷ്യം മുഴുവൻ തണുത്തുപോയി. ഡൊമിനിക്കിനെപ്പോലൊരു നല്ല സുഹൃത്തിനെ ഇത്രയധികം കഷ്ടപ്പെടുത്തിയതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.”
സ്വന്തം ജീവൻ പണയപ്പെടുത്തിയും മറ്റുള്ളവരെ പാപത്തിൽ നിന്ന് രക്ഷിക്കുക എന്നതായിരുന്നു ഡൊമിനിക്കിന്റെ ലക്ഷ്യം. പലപ്പോഴും വഴക്കുകൾക്കിടയിൽ ഇടപെടാൻ നാം ഭയപ്പെടാറുണ്ട്. എന്നാൽ ദൈവത്തിലുള്ള വിശ്വാസവും ആത്മാർത്ഥമായ സ്നേഹവും ഉണ്ടെങ്കിൽ നമുക്കും സമാധാനത്തിന്റെ വക്താക്കളാകാൻ സാധിക്കും. മറ്റുള്ളവരുടെ നന്മയ്ക്കായി സ്വയം വിട്ടുകൊടുക്കാൻ തയ്യാറായ ഡൊമിനിക് സാവിയോ ഇന്നും ലോകത്തിന് വലിയൊരു മാതൃകയാണ്.
സീനിയ എൽസ ഇഗ്‌നേഷ്യസ്




