വി. ആഗ്നസ്: ആധുനിക കാലഘട്ടം മാതൃകയാക്കേണ്ട വിശുദ്ധ

എ.ഡി. 291 -ൽ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു വി. ആഗ്നസ്. വെറും 13 വയസു വരെ മാത്രം ഈ ഭൂമിയിൽ ജീവിച്ച് കടന്നുപോയവൾ. ക്രിസ്തുവിനു വേണ്ടി ബാഹ്യമായതെല്ലാം ത്യജിക്കാൻ തയ്യാറായ ആഗ്നസ് അതീവസുന്ദരിയായിരുന്നു. ക്രിസ്തുവിനായി രക്തസാക്ഷിയായി മാറിയ ഈ കൊച്ചുവിശുദ്ധ ഇന്നത്തെ യുവതലമുറക്ക് വലിയ മാതൃകയാണ്.

റോമാ രാജ്യത്തെ ഒരു ക്രൈസ്തവ കുടുംബത്തിൽ എ.ഡി. 291 -ലാണ് ആഗ്നസ് ജനിച്ചത്. മതപീഡനങ്ങൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ റോമാസാമ്രാജ്യം ഭരിച്ചിരുന്നത് ഡയോക്ലീഷ്യൻ ചക്രവർത്തിയായിരുന്നു. കാഴ്ചയിൽ അതിസുന്ദരിയായിരുന്ന ആഗ്നസിനെ വിവാഹം ചെയ്യാൻ റോമിലെ നിരവധി യുവാക്കൾ ആഗ്രഹിച്ചു. ‘സ്വർഗ്ഗീയ മണവാളന് ഞാൻ എന്റെ കന്യാത്വം നേർന്നിരിക്കുകയാണ്’ എന്നായിരുന്നു അവരോടുള്ള ആഗ്നസിന്റെ മറുപടി. ഇതിൽ പ്രകോപിതരായ അവർ ആഗ്നസ് ഒരു ക്രിസ്ത്യാനിയാണെന്ന് റോമൻ ന്യായാധിപനെ അറിയിച്ചു.

ക്രിസ്ത്യാനികളെ നിർബന്ധിച്ച് മതം മാറ്റുന്ന സമയമായിരുന്നു അത്. അനേകം ക്രൈസ്തവർ പീഡനങ്ങളെ ഭയന്ന് മതം മാറിയിരുന്നു. ആഗ്നസ് ഒരു ക്രിസ്ത്യാനിയാണെന്നറിഞ്ഞ റോമൻ ന്യായാധിപൻ, വിശ്വാസം പരിത്യജിച്ച് ജൂപ്പിറ്റർ ദേവനെ ആരാധിക്കാൻ അവളോട് ആജ്ഞാപിച്ചു. എന്നാൽ ആഗ്നസ് അതിന് വഴങ്ങിയില്ല. ഇത് മനസിലാക്കിയ മർദ്ദകർ പീഡനോപകരണങ്ങൾ കാണിച്ച് അവളെ ഭീഷണിപ്പെടുത്തി. എന്നിട്ടും ജൂപ്പിറ്റർ ദേവനെ ആരാധിക്കാതെ ആഗ്നസ് തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു. ‘തനിക്ക് സ്വന്തമായവരെ ഈശോ സംരക്ഷിക്കും’ എന്നായിരുന്നു ആഗ്നസിന്റെ മറുപടി. എ.ഡി. 304 -ൽ പതിമൂന്നാം വയസ്സിൽ ശിരസ്സ് ഛേദിക്കപ്പെട്ട് ആഗ്നസ് രക്തസാക്ഷിയായി.

വി. ആഗ്നസ് കുട്ടികൾക്കു നൽകുന്ന പാഠം

ഇന്നത്തെ തലമുറ ഭൗതികമായിട്ടുള്ള സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ഓട്ടത്തിലാണ്. അവരുടെ ജീവിതത്തിൽ മൂല്യങ്ങളും ക്രിസ്തുവും രണ്ടാമതായി മാറുന്നു. വി. ആഗ്നസിന്റെ ജീവിതത്തിൽ നിന്ന് പുതുതലമുറ പഠിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

വി. ആഗ്നസിന് സ്വന്തം ജീവിതത്തെക്കുറിച്ച് നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിഞ്ഞു. ഒപ്പം മരണം വരെ തന്റെ നിലപാടുകൾക്കു വേണ്ടി നിൽക്കാനുള്ള ധൈര്യവും അവൾ കാണിച്ചു. അവളുടെ പ്രചോദനങ്ങൾ ശുദ്ധവും ബോധ്യങ്ങൾ വിട്ടുവീഴ്ചയില്ലാത്തതുമായിരുന്നു. ഇന്നത്തെ തലമുറയും വളർത്തേണ്ട ഒരു ജീവിതരീതിയാണിത്.

നമ്മുടെ നിലപാടുകൾ ഉറച്ചതും നല്ലതുമാകട്ടെ. അപ്പോൾ ക്രിസ്തുവിനു വേണ്ടി മരിക്കാൻ പോലുമുള്ള ധൈര്യം മക്കളിലും വളരും. ഉറച്ച തീരുമാനമെടുക്കാൻ നമ്മുടെ കുട്ടികളെ നമുക്കും പ്രാപ്തരാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.