മക്കളെ ആത്മീയജീവിതത്തോട് താത്പര്യമുള്ളവരായി വളർത്താൻ അഞ്ചു നിർദ്ദേശങ്ങൾ

ഈ ജീവിതം ഒരു സമ്മാനമാണെന്നും എന്നാൽ നിത്യജീവനാണ് നമ്മുടെ ലക്ഷ്യമെന്നും ചെറുപ്പത്തിൽ തന്നെ മക്കൾക്ക് മനസിലാക്കിക്കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചെറിയ പ്രായത്തിൽ തന്നെ, ഉദാഹരണങ്ങളിലൂടെയും നല്ല ശീലങ്ങളിലൂടെയും മക്കൾക്ക് ഇക്കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ മാതാപിതാക്കൾക്കു സാധിക്കും. ഈ ലോകത്തിന്റെ ഭൗതികമായ ആകർഷണങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി മക്കൾ വളരാനുള്ള ഒരു സാഹചര്യം ഉണ്ടാകരുത്. ചെറിയ പ്രായത്തിൽ തന്നെ നമ്മുടെ ലക്ഷ്യം നിത്യജീവനാണെന്നും ആ ഒരു ലക്ഷ്യത്തോടെ ആയിരിക്കണം ജീവിതമെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. അതിന് സഹായിക്കുന്ന അഞ്ചു വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ഗുഡ് മോർണിംഗ്, ജീസസ്

എല്ലാ ദിവസവും രാവിലെ മുറിയിലുള്ള ഈശോയുടെ രൂപത്തിലോ, ചിത്രത്തിലോ നോക്കി ‘ഗുഡ് മോർണിംഗ്, ജീസസ്’ എന്നുപറയുക. പതിയെ മനസിൽ പറയുകയല്ല വേണ്ടത്, ഉച്ചത്തിൽ തന്നെ എല്ലാ ദിവസവും രാവിലെ ഈശോയ്ക്ക് ‘ഗുഡ് മോർണിംഗ്’ പറയാൻ മക്കൾക്ക് പറഞ്ഞുകൊടുക്കുക. അതോടൊപ്പം തന്നെ ഒരു പുതിയ ദിവസത്തിന്, കഴിഞ്ഞ രാത്രിയിലെ ഉറക്കത്തിൽ കാത്തുസംരക്ഷിച്ചതിന് ഈശോയോട് നന്ദി പറയുക. ഒരു സുഹൃത്തിനോടെന്നപോലെ അന്നത്തെ നമ്മുടെ പദ്ധതികളും തീരുമാനങ്ങളുമെല്ലാം ഈശോയോട് പങ്കുവയ്ക്കുക.

2. ആഴ്ചയിലൊരിക്കൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സമയം കണ്ടെത്തുക

ആഴ്ചയിലൊരിക്കലോ, അവധി ദിവസങ്ങളിലോ കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് പുറത്തു പോകാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും സമയം കണ്ടെത്തുക. വൈകുന്നേരങ്ങളിൽ കുറച്ചു സമയം നടക്കാനോ, പ്രകൃതിദത്ത പാർക്കുകൾ സന്ദർശിക്കാനോ ശ്രമിക്കാം. ആ സമയം സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കാനും വ്യായാമത്തിനും ഉള്ളതല്ല. അതിനു പകരം, നമുക്കു ചുറ്റുമുള്ള ലോകത്തിന്റെ സൗന്ദര്യത്തെ ആസ്വദിക്കാനും വിലമതിക്കാനും സമയം കണ്ടെത്തുക. ശാന്തമായി ഈ ഭൂമി മുഴുവന്റെയും സൃഷ്ടാവായ ദൈവത്തെ ഓർക്കാനും അവിടുത്തെ സൃഷ്ടിവൈഭവത്തെ ഓർത്ത് നന്ദി പറയാനും ഈ സമയം ഉപയോഗിക്കാം.

3. വിശുദ്ധരുടെ കഥകൾ കേൾക്കുക

യാത്ര ചെയ്യുമ്പോഴോ, ഉല്ലാസവേളകളിലോ വിശുദ്ധരുടെ പുസ്തകങ്ങൾ വായിക്കുന്നതും കഥകൾ കേൾക്കുന്നതും നല്ലതാണ്. വിശുദ്ധരുടെ മികച്ച ജീവിതമാതൃകകൾ ദൈവത്തെ കൂടുതൽ സ്നേഹിക്കാനും അനുകരിക്കാനുമുള്ള പ്രചോദനമാണ്. ഇന്നത്തെ ലോകത്തിൽ മക്കൾക്ക് നല്ല മാതൃകളാണ് ആവശ്യം. വിശുദ്ധരുടെ ജീവിതം ഈ ലോകത്തേക്കാൾ നിത്യജീവന് പ്രാധാന്യം നൽകിക്കൊണ്ടുള്ള നല്ല ജീവിതമാതൃകകളാണ് സമ്മാനിക്കുന്നത്.

4. സഹായം അഭ്യർത്ഥിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുക

വഴിയരികിൽ സഹായം അഭ്യർത്ഥിച്ചുകൊണ്ട് നിൽക്കുന്ന ഒരാളെ കണ്ടാലോ, ഉപജീവനത്തിനായി കഷ്ടപ്പെടുന്നവരെ കണ്ടാലോ പറ്റുന്ന സഹായം ചെയ്യാൻ മക്കൾക്ക് പ്രചോദനവും മാതൃകയും നൽകുക. സാമ്പത്തിക സഹായം മാത്രം പോരാ അവർക്ക്. നമ്മുടെ പ്രാർത്ഥനയിലൂടെയും അവരെ നമുക്ക് സഹായിക്കാൻ സാധിക്കുമെന്നുള്ള തിരിച്ചറിവ് മക്കൾക്ക് നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. കുടുംബപ്രാർത്ഥനയിൽ ഈ പ്രാർത്ഥനാവിഷയങ്ങളും ഉൾപ്പെടുത്തുന്നത് ഉചിതമാണ്.

സഹായം അഭ്യർത്ഥിക്കുന്ന ഈ വ്യക്തികളെ വിശപ്പ് അനുഭവിക്കുന്നവരോ, സഹായം അഭ്യർത്ഥിക്കുന്നവരോ മാത്രമായി കാണാതെ അവർ ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നും എല്ലാറ്റിനുമുപരിയായി യേശുവിന്റെ സ്നേഹത്തിനായി ദാഹിക്കുന്നവരാണെന്നും മനസിലാക്കുക.

5. സെമിത്തേരി സന്ദർശനം

ഇടക്ക് സെമിത്തേരികൾ സന്ദർശിക്കുന്നത്, നാമെല്ലാവരും ഒരു ദിവസം മരിക്കുമെന്ന് ഓർമ്മിക്കാനുള്ള ലളിതമായ ഒരു മാർഗ്ഗമാണ്. മരണം, വേദനാജനകമാണെങ്കിലും നിത്യജീവിതത്തിലേക്കുള്ള പ്രവേശനമാണ്. ഇടവക ദൈവാലയത്തിലെ സെമിത്തേരി സന്ദർശിക്കുകയോ, യാത്ര ചെയ്യുമ്പോൾ മറ്റ് സെമിത്തേരികൾ സന്ദർശിക്കുകയോ ചെയ്യുന്നത് നിത്യജീവിതത്തിലേക്കുള്ള ഓർമ്മയിൽ ജീവിക്കാൻ നമ്മെ സഹായിക്കുന്ന ഒന്നാണ്. അതുപോലെ ശുദ്ധീകരണാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകതയും മക്കൾക്ക് പറഞ്ഞുകൊടുക്കണം. സന്ദർശിച്ച സെമിത്തേരിയിൽ അടക്കം ചെയ്തവരെയെല്ലാം നമ്മുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.