വീടുകളിൽ നല്ലൊരു ശ്രോതാവാകാം; ചില നിർദേശങ്ങൾ ഇതാ

തിരക്കേറിയ കുടുംബജീവിതത്തിനിടയിൽ, കുട്ടികളോട് ആദരവ് പ്രകടിപ്പിക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത് അവരെ നന്നായി ശ്രവിക്കുക എന്നതാണ്. ഇന്നത്തെ കാലത്ത് ഇത് വളരെ ആവശ്യമാണ്. നല്ലൊരു ശ്രോതാവാകുവാൻ, മക്കളെ കേൾക്കുവാൻ ചില നിർദ്ദേശങ്ങൾ ഇതാ:

1. കുട്ടികൾ നിങ്ങളോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നോക്കി സംസാരിക്കുക

കുട്ടികൾ നിങ്ങളോട് സംസാരിക്കാൻ വരുമ്പോൾ അവർക്ക് നിങ്ങളുടെ പൂർണ്ണമായ ശ്രദ്ധ നൽകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചെയ്യുന്ന ജോലികൾ ഒരു നിമിഷം മാറ്റിവച്ച്, അവരുടെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ ശ്രമിക്കുക. അവർ പറയുന്നത് ഇടയ്ക്ക് കയറി തിരുത്താനോ ഖണ്ഡിക്കാനോ ശ്രമിക്കാതെ, ശ്രദ്ധയോടെ കേൾക്കുക. അവർ പറഞ്ഞ കാര്യങ്ങൾ അതേപടി ആവർത്തിക്കുന്നത് നിങ്ങൾ അവരെ ഗൗരവത്തോടെയാണ് കേൾക്കുന്നത് എന്ന തോന്നൽ അവരിലുണ്ടാക്കാൻ സഹായിക്കും.

2. മുൻവിധി കൂടാതെ സംസാരിക്കുക

പലപ്പോഴും കുട്ടികൾ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഉപദേശിക്കാനോ തെറ്റുകൾ ചൂണ്ടിക്കാണിക്കാനോ ഉള്ള തിരക്കിലായിരിക്കും മാതാപിതാക്കൾ. എന്നാൽ അമിതമായ ഉപദേശങ്ങൾ ആശയവിനിമയത്തിന്റെ വാതിലുകൾ കൊട്ടിയടയ്ക്കുകയേയുള്ളൂ. അതിനാൽ, നിങ്ങളുടെ നാവ് നിയന്ത്രിക്കുക. അവരെ നയിക്കാനുള്ള തിടുക്കം മാറ്റിവച്ച് അവർക്ക് പറയാനുള്ളത് പൂർണ്ണമായി കേൾക്കാൻ തയ്യാറാകണം. കൂടുതലറിയാൻ താൽപ്പര്യമുണ്ടെങ്കിൽ മുൻവിധി ഇല്ലാത്ത രീതിയിലുള്ള തുറന്ന ചോദ്യങ്ങൾ ചോദിക്കുക. അവരുടെ ചിന്തകളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നിയാൽ കുട്ടികൾ പെട്ടെന്ന് പിൻവാങ്ങാൻ സാധ്യതയുണ്ട്.

3 . നിങ്ങളുടെ ഉപദേശം മാത്രമല്ല, നിങ്ങളുടെ അനുഭവവും മൂല്യങ്ങളും പങ്കിടുക.

മറുപടി നൽകേണ്ട സമയം വരുമ്പോൾ അത് വെറുമൊരു പ്രസംഗമായി മാറ്റാതെ, നിങ്ങളുടെ അനുഭവങ്ങളും മൂല്യങ്ങളും പങ്കുവെക്കുക. നിങ്ങളുടെ ജീവിതത്തിൽ സമാനമായ സാഹചര്യങ്ങൾ ഉണ്ടായപ്പോൾ നിങ്ങൾ എങ്ങനെയാണ് അതിനെ നേരിട്ടതെന്നും ഏതൊക്കെ മൂല്യങ്ങളാണ് നിങ്ങളെ നയിച്ചതെന്നും അവരോട് പറയുക. മാതാപിതാക്കളുടെ അനുഭവകഥകൾ കേൾക്കാൻ കുട്ടികൾക്ക് എന്നും കൗതുകമാണ്. ഇത് അവരിൽ വിശ്വാസവും ആത്മവിശ്വാസവും വളർത്താൻ സഹായിക്കും.

4 . പ്രാർഥിക്കുക

ഈ അവസാന നുറുങ്ങ് ആദ്യം വരണം. നിങ്ങളുടെ കുട്ടി സംസാരിക്കാൻ വരുമ്പോൾ മനസ്സിൽ ഒരു കുഞ്ഞു പ്രാർഥന ചൊല്ലുക. തുറന്ന ഹൃദയത്തോടെ അവരെ കേൾക്കാനും സ്നേഹത്തോടെയും കൃപയോടെയും അവരോട് പ്രതികരിക്കാനും ദൈവസഹായം തേടുന്നത് നിങ്ങളുടെ സംഭാഷണത്തെ കൂടുതൽ അർഥവത്താക്കും. കുട്ടികളെ കേൾക്കാൻ നിങ്ങൾ കാണിക്കുന്ന ഈ ക്ഷമ അവരെ മികച്ച വ്യക്തിത്വങ്ങളായി വളരാൻ സഹായിക്കും.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.