കുടുംബത്തെ കൂടുതൽ സന്തോഷപ്രദമാക്കാൻ ചില വിചിന്തനങ്ങൾ

വളരെ തിരക്കേറിയ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. ആർക്കും ഒന്നിനും സമയമില്ല. സ്വന്തം കാര്യത്തിനും മറ്റുള്ളവരുടെ കാര്യങ്ങൾക്കും സമയമില്ലാത്ത അവസ്ഥ. കുടുംബാംഗങ്ങൾ പരസ്‌പരം കാണുന്നതു തന്നെ ചുരുക്കം; സംസാരിക്കുന്നതും വളരെ കുറവ്. കുടുംബാംഗങ്ങൾ പലപ്പോഴും പരാതിപ്പെടുന്നതു കേൾക്കാം, ജീവിതപങ്കാളിയുടെ അടുക്കലോ കുഞ്ഞുങ്ങളോടൊപ്പമോ ചെലവഴിക്കാൻ ആർക്കും സമയമില്ല. എല്ലാവരും അവരവരുടെ ലോകത്തിൽ വളരെ  തിരക്കിലായിപ്പോകുന്ന അവസ്ഥ. കാരണം ഒന്നേയുളളൂ – സമയം ഇല്ല; തിരക്കാണ്.

പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ മറക്കുന്നവരാണോ നിങ്ങൾ?   

ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം എന്തിനാണ് കൊടുക്കേണ്ടതെന്ന് ചിന്തിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും നാമോരോരുത്തരുമാണ്. പ്രധാനപ്പെട്ടത് എന്താണെന്നറിഞ്ഞിട്ടും നമ്മുടെ തിരഞ്ഞെടുപ്പുകളിൽ അവയ്ക്കു വേണ്ടി സമയം മാറ്റിവയ്ക്കാത്ത അവസ്ഥ നമ്മിലുണ്ടോ എന്ന് സ്വയം പരിശോധിക്കുന്നതും നല്ലതാണ്.

ദാമ്പത്യജീവിതത്തിന്റെ പരാജയവും ജീവിതത്തിന്റെ ഒറ്റപ്പെടലും മാറ്റാൻ മറ്റു പല കാര്യങ്ങളിലും ഏർപ്പെടുന്നവരുണ്ട്. ഒരു വ്യക്തിക്ക് അവന്റെ കുടുംബത്തോളം പ്രധാനപ്പെട്ടതായി മറ്റൊന്നുമില്ല. അത് തിരിച്ചറിയുക വളരെ ആവശ്യമാണ്. എങ്കിലും അപ്രധാനമായ മറ്റു പലതിന്റെയും പിറകേ പോകുന്ന അവസ്ഥയാണോ നമ്മുടെ ജീവിതത്തെ ഭരിക്കുന്നത്. ചെറുപ്പത്തിൽ മക്കളോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തിയില്ലെങ്കിൽ അവർ വലുതാകുമ്പോൾ അവരോടൊപ്പം ആയിരിക്കാമെന്ന് വെറുതെ വ്യാമോഹിക്കേണ്ട.

എന്തിനൊക്കെയാണ് നിങ്ങൾ മുൻഗണന കൊടുക്കുന്നതെന്ന് സ്വയം പരിശോധിക്കുക 

ഇടയ്ക്കെങ്കിലും നമ്മുടെ ജീവിതത്തെക്കുറിച്ച് ഒരു സ്വയംപരിശോധന നടത്തുന്നത് നല്ലതാണ്. ചില പരാജയങ്ങളും തകർച്ചകളും ഉണ്ടാകുമ്പോൾ പ്രത്യേകിച്ച്. നാം ശരിയായ വ്യക്തികൾക്കോ, വസ്തുക്കൾക്കോ ആണോ കൂടുതൽ സ്ഥാനം കൊടുത്തത്. അപ്രധാനമായവയ്ക്ക് ജീവിതത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുണ്ടോ എന്ന് ചിന്തിക്കുക. അത് പ്രധാനപ്പെട്ട കാര്യമാണ്.

കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്തെ ലാഘവത്തോടെയാണോ നാം കാണുന്നത്? മക്കളോട് സംസാരിക്കാനും അവരോടൊത്ത് ഉല്ലസിക്കാനുമെടുക്കുന്ന സമയം നഷ്ടമാണെന്നു ചിന്തിക്കുന്നവരാണ് നിങ്ങളെങ്കിൽ, നാം കൊടുക്കുന്ന മുൻഗണന തെറ്റായതാണെന്നു മനസിലാക്കുക.

കുട്ടികളുടെ അഭിപ്രായങ്ങളും പ്രാധാന്യമർഹിക്കുന്നു 

വീട്ടിൽ മാതാപിതാക്കൾ പറയുന്ന കാര്യങ്ങളെല്ലാം അനുസരിക്കാൻ വേണ്ടി മാത്രമുള്ളവരല്ല മക്കൾ. അവർക്ക് അവരുടേതായ അഭിപ്രായങ്ങളും തെരഞ്ഞെടുപ്പുകളുമുണ്ട്. അവ നല്ലതും നേരായതുമാണെങ്കിൽ അവയെ മാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. കുടുംബത്തിൽ ഒരു പ്രധാന തീരുമാനമെടുക്കേണ്ട അവസരങ്ങളിൽ മക്കളെക്കൂടി ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. അവരുടെ ജീവിതത്തെയും സാന്നിധ്യത്തെയും നാം വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നുള്ളതിന്റെ അടയാളമാണത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.