വി. ഫ്രാൻസീസ് അസ്സീസി – നുറുങ്ങ് അറിവുകൾ

ഒക്ടോബർ നാലിന് വി. ഫ്രാൻസിസ് അസീസ്സിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണ് ഫ്രാൻസിസ്. വിശുദ്ധനെക്കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.

1. ഏഴ് കുട്ടികളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ്.

2. ജിയോവാനി എന്നായിരുന്നു വി. ഫ്രാന്‍സിസിന്റെ മാമ്മോദീസാ പേര്. പിന്നീട് വസ്ത്രവ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ച് സംസ്കാരം ഇഷ്ടമായിരുന്നതിനാലും ഫ്രാഞ്ചസ്കോ എന്ന പേര് അവന് നൽകി.

3. ഒരു വർഷം ഫ്രാൻസിസ് യുദ്ധത്തടവുകാരനായിരുന്നു. ഫ്രാൻസിസിന് പത്തൊൻപത് വയസുള്ളപ്പോൾ, മാനസാന്തരത്തിന് ഒരു വർഷം മുമ്പ് സൈന്യത്തിൽ ചേരുകയും തൊട്ടടുത്തുള്ള നഗരത്തിനെതിരെ പോരാടുകയും ചെയ്തു. പരാജയത്തെ തുടർന്ന് ഒരു വർഷം തടങ്കലിൽ അടക്കപ്പെട്ടു.

4. സ്വാധീനിച്ച തിരുവചനഭാഗം, മത്തായിയുടെ സുവിശേഷത്തിൽ ഈശോ ശിഷ്യന്മാരെ സുവിശേഷം പ്രസംഗിക്കാൻ അയക്കുമ്പോൾ, “നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ, വെള്ളിയോ, ചെമ്പോ കരുതിവയ്‌ക്കരുത്‌” (മത്തായി 10:9) എന്ന് ഉപദേശിക്കുന്നു. ഈ ഉപദേശമാണ് ഫ്രാൻസിസ് അസ്സീസിയെ ഏറ്റവും സ്വാധീനിച്ച തിരുവചനം. അക്ഷരാർത്ഥത്തിൽ ഫ്രാൻസിസ് തന്റെ ജീവിതം കൊണ്ട് ഈ വചനത്തിന് ജീവൻ നൽകി.

5. ഒരു വർഷത്തിനുള്ളിൽ പതിനൊന്ന് അനുയായികളെ ഫ്രാൻസിസിനു ലഭിച്ചു. അങ്ങനെ അവർ യേശുവിന്റെ ശിഷ്യന്മാരെപ്പോലെ 12 പേരായി.

6. ഇന്നസെൻ്റ് മൂന്നാമൻ മാർപാപ്പക്കുണ്ടായ അഭൗമികമായ ഒരു സ്വപ്നത്തെ തുടർന്നാണ് ഫ്രാൻസിസിനെ സഹായിക്കാൻ തീരുമാനിക്കുന്നത്. ഫ്രാൻസിസിനെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും അംഗീകരിക്കുന്നതിൽ ഇന്നസെൻ്റ് മൂന്നാമൻ പാപ്പ ആദ്യകാലങ്ങളിൽ അതീവജാഗ്രത പുലർത്തിയിരുന്നു. ഒരിക്കൽ മാർപാപ്പക്ക് ഒരു സ്വപ്നദർശനമുണ്ടായി. അതിൽ ഫ്രാൻസിസ് അസീസി ജോൺ ലാറ്ററാൻ ബസിലിക്കാ കൈയ്യിൽ എടുത്തുപിടിച്ചിരിക്കുന്നതായി കണ്ടു. റോമാ രൂപതയിലെ ഒരു ബസിലിക്കയായ ലാറ്ററാൻ ബസിലിക്കാ സഭയെ മുഴുവൻ പ്രതിനിധീകരിക്കുന്നതായി പാപ്പ മനസ്സിലാക്കി. ഈ സ്വപ്നം ഫ്രാൻസിസിനെയും അനുയായികളെയും അംഗീകരിക്കാനുള്ള ദൈവീക അടയാളമായി ഇന്നസെൻ്റ് പാപ്പാ മനസ്സിലാക്കി.

7. നാലാം ലാറ്ററാൻ സൂനഹദോസിൽ ഫ്രാൻസിസ് പങ്കെടുത്തു. സഭയിലെ പന്ത്രണ്ടാമത്തെ കൗൺസിലായ നാലാം ലാറ്ററാൻ കൗൺസിൽ ഫ്രാൻസിസ് അസ്സീസി പങ്കെടുത്തു. വിശുദ്ധ കുർബാനയിലെ സത്താപരമായ മാറ്റം (transubstantiation) പ്രബോധനങ്ങൾ രൂപപ്പെട്ടത് ഈ കൗൺസിലിലാണ്. വി. ഡൊമിനിക്കും ഈ സൂനഹദോസിൽ സന്നിഹിതനായിരുന്നു.

8. മുസ്ലിം സുൽത്താന്റെ മുമ്പിൽ സുവിശേഷം പ്രസംഗിച്ച ഫ്രാൻസിസ്. അഞ്ചാമത്തെ കുരിശുയുദ്ധത്തിനിടയിൽ ഫ്രാൻസിസും അനുയായികളും മുസ്ലിം അധിനിവേശ പ്രദേശത്ത് എത്തി സുൽത്താൻ അൽ കമീലിന്റെ മുമ്പിൽ ക്രിസ്തുവിനെപ്പറ്റി പ്രഘോഷിക്കാൻ ധൈര്യം കാണിച്ചു. ക്രിസ്തുമതത്തിലുള്ള തന്റെ വലിയ വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് തീയിലൂടെയുള്ള നടത്തത്തിന് സുൽത്താനെ വെല്ലുവിളിച്ചു. തീയിലൂടെ നടക്കുന്ന സത്യമതത്തിലെ അനുയായിയെ അഗ്നിബാധ ഏൽക്കാതെ ദൈവം സംരക്ഷിക്കും എന്നതായിരുന്നു വെല്ലുവിളി. താൻ തീയിലൂടെ ആദ്യം നടന്നോളാം എന്ന് ഫ്രാൻസിസ് വാഗ്ദാനം ചെയ്തു. പക്ഷേ സുൽത്താൻ വെല്ലുവിളി സ്വീകരിക്കാതെ പിൻവാങ്ങി. എന്നിരുന്നാലും ഫ്രാൻസിസിന്റെ വിശ്വാസത്തിന്റെ ബോധ്യം തിരിച്ചറിഞ്ഞ് തന്റെ രാജ്യത്ത് സുവിശേഷം പ്രസംഗിക്കാൻ സുൽത്താൻ അനുവാദം നൽകി.

9. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകും എന്നു ബോധ്യമായതിനാൽ അത്ഭുതം പ്രവർത്തിക്കുന്നത് നിർത്താൻ തന്റെ സഭയിലെ ഒരു വിശുദ്ധനോട് ആവശ്യപ്പെട്ട ഫ്രാൻസിസ്. 1220 -ൽ മരണമടഞ്ഞ ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ മദ്ധ്യസ്ഥതയാൽ നിരവധി അത്ഭുതങ്ങൾ സംഭവിച്ചിരുന്നു. പീറ്റർ കാറ്റാനി എന്നായിരുന്നു അദേഹത്തിന്റെ പേര്. പീറ്ററിന്റെ കബറിടം സന്ദർശിക്കുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചിരുന്നതിനാൽ സമീപപ്രദേശങ്ങളിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടായി. അതിനാൽ അത്ഭുതങ്ങൾ അവസാനിപ്പിക്കാൻ ഫ്രാൻസിസ് പീറ്ററിനോടു പ്രാർത്ഥിച്ചു എന്നാണ് ഐതീഹ്യം.

10. മിഖായേൽ മാലാഖയുടെ തിരുനാളിനൊരുക്കുമായി (സെപ്റ്റംബർ 29) നാൽപതു ദിവസം ഉപവസിച്ച് പ്രാർത്ഥിച്ചൊരുങ്ങുന്നതിനിടയിലാണ് പഞ്ചക്ഷതം ഫ്രാൻസിസിനു ലഭിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഒരു ഫ്രാൻസിസ്കൻ തുണസഹോദരൻ അതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നത് ഇപ്രകാരമാണ്: “പെട്ടെന്ന് ഒരു സെറാഫിന്റെ ഒരു ദർശനം ഉണ്ടായി. ക്രൂശിൽ ആറ് ചിറകുള്ള ഒരു മാലാഖയെ ഞാൻ കണ്ടു. ക്രിസ്തുവിന്റെ അഞ്ച് മുറിവുകളുടെ സമ്മാനം ഈ ദൂതൻ ഫ്രാൻസിസിനു നൽകി.”

11. അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ നാമത്തിലുള്ള ബസിലിക്കയുടെ തറക്കല്ലിട്ടത് മാർപാപ്പയാണ്. അതും ഫ്രാൻസിസ് മരിച്ച് രണ്ടു വർഷം തികയും മുമ്പ്. വിശുദ്ധനായി പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം. 1226 ഒക്ടോബർ മൂന്നിനാണ് ഫ്രാൻസിസ് മരിക്കുന്നത്. 1228 ജൂലൈ 16 -ന് ഗ്രിഗറി ഒൻപതാം മാർപാപ്പ ഫ്രാൻസിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പിറ്റേ ദിവസം മാർപാപ്പ അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ ബസിലിക്കായുടെ തറക്കല്ലിട്ടു.

12. ഫ്രാൻസിസിന്റെ കബറിടം, നൂറ്റാണ്ടുകളോളം എവിടെയാണെന്ന് അറിയില്ലായിരുന്നു. 1230-ൽ ഫ്രാൻസിസിന്റെ ഭൗതീകശരീരം അസ്സീസിയിലെ ബസിലിക്ക നിർമ്മിച്ചപ്പോൾ അവിടേക്കു മാറ്റിയെങ്കിലും സരസെൻ ആക്രമണകാരികളിൽ നിന്ന് സംരക്ഷിക്കാനായി ഫ്രാൻസിസ്കൻ സഹോദരന്മാർ മറച്ചുവച്ചു. പിന്നീട് അവർ ഭൗതീശരീരം സൂക്ഷിച്ച സ്ഥാനം മറന്നുപോയി. പിന്നീട് ആറ് നൂറ്റാണ്ടുകൾക്കു ശേഷം 1818-ലാണ് വിശുദ്ധന്റെ കബറിടം വീണ്ടും തിരിച്ചറിഞ്ഞത്.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.