ഇന്നിന്റെ ചില ഓർമ്മപ്പെടുത്തലുകൾ

പുതിയതും വ്യത്യസ്തത നിറഞ്ഞതുമായ കാര്യങ്ങൾക്കായി ഓടിനടക്കുന്ന ഇന്നത്തെ സമൂഹത്തെ കാണുമ്പോൾ എന്റെ മനസിൽ വന്ന എതാനും ചിന്തകൾ കുറിക്കട്ടെ.

നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ചൈതന്യം. വിവാഹം എന്ന വിശുദ്ധ കൂദാശയിലൂടെ ഒന്നിക്കപ്പെട്ട മാതാപിതാക്കളുടെ സ്നേഹത്തിന്റെ അടയാളമായി പിറക്കുന്ന കുഞ്ഞുമക്കൾ. അവരെ ചൊല്ലും ചോറും കൊടുത്ത് തങ്ങളാൽ കഴിയുംവിധം നല്ല രീതിയിൽ വളർത്തുന്ന മാതാപിതാക്കൾ. ഇന്ന് അതിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുയാണ്. കാരണം, മാതാപിതാക്കളെ ബഹുമാനിച്ച് വളരുന്ന തലമുറ നമുക്ക് ഇന്ന് നഷ്ടപ്പെടുന്നു. ഭയത്തോടെ വേണം ഇതിനെ നോക്കിക്കാണാൻ!

കുറച്ചു കാലം മുമ്പു വരെ ഉദരത്തിൽ വളരുന്ന കുഞ്ഞുങ്ങളെ തങ്ങളുടെ സൗകര്യാർത്ഥം നശിപ്പിക്കുന്ന പ്രവണതയുണ്ടായിരുന്നു. എന്നാൽ ഇന്ന് മുലപ്പാൽ കുടിക്കുന്ന കുഞ്ഞ് മുതൽ ജീവനു തുല്യം സ്നേഹിച്ചു വളർത്തിയ പ്രായപൂർത്തിയായ മക്കൾ വരെ സ്വന്തം വീട്ടിൽ അല്ലെങ്കിൽ ഭർതൃവീട്ടിൽ സുരക്ഷിതരല്ല. സ്വന്തം സുഖത്തിനും സന്തോഷത്തിനും തടസം നിൽക്കുന്നവരെ നശിപ്പിക്കുകയോ, വേണ്ടിവന്നാൽ കൊല്ലുകയോ ചെയ്യുന്നതാണ് ബുദ്ധിയും ധീരതയും എന്ന് സ്വന്തം കുഞ്ഞുങ്ങളെ തെറ്റിധരിപ്പിക്കുന്ന മാതാപിതാക്കൾ. യുവതലമുറയുടെ തെറ്റുകളെ ധീരതയായി കണ്ട് പ്രോത്സാഹിപ്പിക്കുന്നവരുടെ എണ്ണവും ഇന്നത്തെ സമൂഹത്തിൽ വർദ്ധിക്കുന്നു.

ഓർമ്മിക്കുക! ഒരിക്കൽ നമ്മുടെ മക്കളും ഈ ധൈര്യം കാണിക്കും. അവരുടെ കൈകളിൽ വിലങ്ങ് വീഴുമ്പോൾ തകരുന്നത് നമ്മുടെ ഹൃദയവും അവരെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളുമായിരിക്കും. ഉപദേശങ്ങളും നിയന്ത്രണങ്ങളും വെറുക്കുന്നവരും, നിയമസംവിധാനങ്ങൾക്ക് വില കൽപിക്കാത്തവരും നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതവും ഈ സമൂഹത്തിന്റെ നാശവുമാണ്.

സത്വചനങ്ങളും ദൈവഭക്തിയും ദൈവസ്നേഹവും ദൈവഭയവും നഷ്ടപ്പെട്ടാൽ അവൻ പിന്നെ പിശാച് ആണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്. അത് ഒരുവനിൽ നിന്ന് നഷ്ടപ്പെട്ടാൽ അവനിലെ മനുഷ്യത്വം നഷ്ടപ്പെടുന്നു. മനുഷ്യത്വം ഇല്ലാത്തവന്റെ കണ്ണുകൾ ദൈവത്തെ കാണാൻ പറ്റാത്തവിധം അന്ധമാകുന്നു. ‘സ്നേഹിക്കാത്തവന് ദൈവത്തെ കാണാൻ സാധ്യമല്ല; കാരണം ദൈവം സ്നേഹമാകുന്നു.’ ദൈവം ഇല്ലാത്തിടം നരകമാണ്.

ഇവിടെ നമ്മൾ ഉണരണം. നഷ്ടപ്പെട്ട ദൈവീകത നമ്മുടെ നാട്ടിലും വീട്ടിലും തിരിച്ചു കൊണ്ടുവന്നില്ലെങ്കിൻ നാളെ എന്റെയും നിന്റെയും ഇളംപ്രായത്തിൽ അറുത്തുമാറ്റപ്പെടുന്നതും ജയിലറകളിലേക്കും ഭീകരസംഘടനകളിലേക്കും താമസം മാറ്റുന്നതും സ്വന്തം കണ്ണുകൾ കൊണ്ട് കാണേണ്ടിവരുമെന്നുള്ളത് നമുക്ക് മറക്കാതിരിക്കാം.

നാളെയുടെ നന്മക്കായി ഒരുമിച്ചു പ്രവർത്തിക്കാം. ദൈവത്തെയും രാജ്യത്തെയും നിയമത്തെയും മതവിശ്വാസങ്ങങ്ങളും സ്നേഹിച്ച്, അനുസരിച്ച്, ബഹുമാനിച്ച്, സമാധാനത്തോടെ, സന്തോഷത്താടെ നമുക്ക് പഴമയുടെ തനിമയിലേക്ക് തിരിച്ചുവരാം.

റവ. സി. പ്രണിത DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.