കുഞ്ഞുങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന തിരുവചന ഭാഗങ്ങൾ

കുഞ്ഞുങ്ങൾ എന്നും ദൈവത്തിന് പ്രിയപ്പെട്ടവരാണ്. ദൈവം നമ്മെ കാത്തുസംരക്ഷിക്കുന്നതു പോലെ തന്നെ നാമും നമ്മുടെ മക്കളെ പരിപാലിക്കേണ്ടതുണ്ട്. ദൈവം നമ്മെ ഭരമേല്പിച്ച കുഞ്ഞുങ്ങളുടെ സംരക്ഷണവും പൂർണ്ണ ഉത്തരവാദിത്വവും നമുക്കു തന്നെയാണ്. അതിനാൽ അവരുടെ സമഗ്രമായ വളർച്ചക്കായി അദ്ധ്വാനിക്കുന്നതിനോടൊപ്പം പിതാവായ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യണം.

ജീവിതവീഥികളിൽ അവരുടെ സംരക്ഷണത്തിന് ദൈവത്തിന്റെ സഹായം ഉറപ്പു വരുത്താൻ നമ്മെ സഹായിക്കുന്ന തിരുവചന ഭാഗങ്ങളുണ്ട്. അവ നമ്മുടെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കാവുന്നതാണ്. അതോടൊപ്പം അവ ഹൃദിസ്ഥമാക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യാം. ജീവിതത്തിൽ തളർന്നുപോകുന്നു എന്നു തോന്നുന്ന അവസരങ്ങളിൽ ആത്മവിശ്വാസത്തോടെ ഇവയെല്ലാം ഉരുവിടാൻ അവരെ ഓർമ്മിപ്പിക്കുകയും ചെയ്യാം.

1. “നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്കു മുമ്പേ പോകും. അവിടുന്ന് നിങ്ങളുടെ മുൻപിൽ നിന്ന് ഈ ജനതകളെ നശിപ്പിക്കും; നിങ്ങൾ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും” (നിയമാ. 31:03).

2. “ശക്തരും ധീരരുമായിരിക്കുവിൻ, ഭയപ്പെടേണ്ട; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ട. എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവാണ് കൂടെ വരുന്നത്. അവിടുന്ന് നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല”(നിയമാ. 31:06).

3. “കർത്താവാണ് നിന്റെ മുൻപിൽ പോകുന്നത്. അവിടുന്ന് നിന്നോടു കൂടെയുണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല; ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ട” (നിയമ. 31:08).

4. “ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ അഭയം തേടുന്നു. അവർ അങ്ങയുടെ ഭവനത്തിൽ വിരുന്നുണ്ട് തൃപ്തിയടയുന്നു: അവിടുത്തെ ആനന്ദധാരയിൽ നിന്ന് അവർ പാനം ചെയ്യുന്നു” (സങ്കീ. 36:7 -8).

5. “അവിടുന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിൻ കീഴിൽ ഞാൻ ആനന്ദിക്കും. എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേർന്നിരിക്കുന്നു; അങ്ങയുടെ വലതു കൈ എന്നെ താങ്ങിനിർത്തുന്നു” (സങ്കീ. 63:7-8).

6. “കർത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ്; നീതിമാൻ അതിൽ ഓടിക്കയറി സുരക്ഷിതനായി കഴിയുന്നു” (സുഭാ. 18:10).

7. “നിന്റെ ദൈവമായ കർത്താവ്, വിജയം നൽകുന്ന യോദ്ധാവ്, നിന്റെ മദ്ധ്യേ ഉണ്ട്” (സെഫാ. 3:17).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.