‘പാവങ്ങളുടെ നേഴ്‌സ്’ എന്നറിയപ്പെടുന്ന വിശുദ്ധൻ ഇനി മുതൽ അർജന്റീനയിലെ നഴ്‌സുമാരുടെ രക്ഷാധികാരി

അർജന്റീനയിലെ ബിഷപ്പുമാർ വി. ആർടെമിഡെസ് സാറ്റിയെ, തെക്കേ അമേരിക്കൻ രാജ്യത്തെ നഴ്‌സുമാരുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചു. വിശുദ്ധനായി ഉയർത്തപ്പെട്ട് ഒന്നര മാസത്തിനു ശേഷമാണ് ഈ പ്രഖ്യാപനം. നവംബർ ഏഴു മുതൽ 11 വരെ നടന്ന പ്ലീനറി അസംബ്ലിയുടെ അവസാനത്തിലാണ് അർജന്റീനിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് രാജ്യത്തെ നഴ്‌സുമാരുടെ രക്ഷാധികാരിയായി ഈ വിശുദ്ധനെ ഉയർത്തിയത്.

‘പാവങ്ങളുടെ നേഴ്‌സ്’ എന്നറിയപ്പെടുന്ന വിശുദ്ധൻ സദ്ഗുണങ്ങളും ജീവിതമാതൃകയും വഴി ഈ ജോലി ചെയ്യുന്നവർക്ക് പ്രചോദനമാകുമെന്ന് കരുതുന്നു. ഫ്രാൻസിസ് പാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ച ശേഷമാണ് ഈ പ്രചോദനമെന്ന് കമ്മീഷൻ അദ്ധ്യക്ഷനായ ബിഷപ്പ് ലൂയിസ് അർബാങ്ക് പറയുന്നു.

ആർടെമിഡെസ് ഒരു വലിയ രോഗത്തിലൂടെ കടന്നുപോയ ശേഷം തന്റെ ജീവിതകാലം മുഴുവൻ രോഗികളുടെ പരിചരണത്തിനായി നൽകാൻ തീരുമാനിക്കുകയായിരുന്നു. 1880 ഒക്ടോബർ 12- ന് ഉത്തര ഇറ്റലിയിലെ റേജൊ എമീലിയ പ്രവിശ്യയിൽപെട്ട ബൊറേത്തൊയിൽ ആയിരുന്നു ജനനം. തന്റെ കുടുംബം തെക്കെ അമേരിക്കൻ നാടായ അർജന്റീയിലേക്കു കുടിയേറിയതിനെ തുടർന്ന് അവിടെ ബഹീയ ബ്ലാങ്കയിൽ സലേഷ്യൻ സമൂഹവുമായി അടുത്തിടപഴകിയ അദ്ദേഹം സന്യസ്തജീവിതത്തിൽ ആകൃഷ്ടനായി. സലേഷ്യൻ സമൂഹത്തിൽ ചേർന്ന അർത്തേമിദെ സന്യസ്ത സഹോദരനായി ജീവിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.

പുരോഹിതനാകാനായിരുന്നു സെമിനാരിയിൽ ചേർന്നത്. എന്നാൽ, ഒരു വൈദികനെ ശുശ്രൂഷിച്ച് അദ്ദേഹത്തിനും ക്ഷയരോഗം പിടിപെട്ടു. സുഖം പ്രാപിച്ചാൽ, രോഗികളെ പരിചരിക്കാൻ തന്റെ ജീവൻ നൽകുമെന്ന് ആർടെമിഡെസ് പ്രതിജ്ഞ ചെയ്തു. ഇക്കാരണത്താൽ, അദ്ദേഹം പൗരോഹിത്യം എന്ന ആഗ്രഹം ഉപേക്ഷിച്ച് ഒരു സലേഷ്യൻ സഹോദരനായി, വൈദ്യശാസ്ത്രരംഗത്ത് സേവനത്തിനായി സ്വയം സമർപ്പിച്ചു. 35-ാമത്തെ വയസിൽ സട്ടി വിഡ്മയിലെ സലേഷ്യൻസ് നടത്തുന്ന ആശുപത്രിയുടെ ഡയറക്ടറായി. പിന്നീട് ഫാർമസിയുടെ മാനേജരായും പ്രൊഫഷണൽ നഴ്‌സായും ജോലി ചെയ്തു.

ആർടെമിഡെസ് ആശുപത്രിയിൽ ജോലി ചെയ്യുകയും ആവശ്യക്കാരെ പരിചരിക്കുന്നതിനായി വിഡ്മയുടെ പ്രാന്തപ്രദേശങ്ങളിലേക്കും അയൽനഗരമായ കാർമെൻ ഡി പാറ്റഗോൺസിലേക്കും യാത്ര ചെയ്യുകയും ചെയ്തു. പാവപ്പെട്ടവരുടെ വിശുദ്ധ നഴ്‌സ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തി ആ പ്രദേശത്ത് പരന്നു.

1950- ൽ അദ്ദേഹം ഒരു ഗോവണിയിൽ നിന്ന് വീഴുകയും കരൾ കാൻസറിന്റെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ജോലിയിൽ തുടർന്ന അദ്ദേഹം 1951 മാർച്ച് 15-ന് രോഗം ബാധിച്ച് മരിച്ചു. 2022 ഒക്ടോബർ 9- ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.