നിരാശയിൽ കഴിയുന്നവരാണോ നിങ്ങൾ? ഈ വിശുദ്ധർ നിങ്ങളെ സഹായിക്കും

രോഗത്തിന്റെയും ജോലിയുടെയും ടെൻഷനും പിരിമുറുക്കങ്ങളുമെല്ലാം നമ്മെ പലപ്പോഴും അസ്വസ്ഥതപ്പെടുത്തും. പലർക്കും ഉണ്ടായിരുന്ന ജോലി നഷ്ടമാകുന്ന അവസ്ഥയും സാമ്പത്തിക ഭദ്രത ഇല്ലാത്ത സ്ഥിതിയുമൊക്കെ ജീവിതത്തിൽ കടന്നുവരാനും ഇടയുണ്ട്. ഇവയൊക്കെ നിരാശ, അസ്വസ്ഥത, വിഷാദരോഗം, ഒറ്റപ്പെടൽ എന്നീ സാഹചര്യങ്ങളിലേക്ക് നമ്മെ നയിക്കാനിടയുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, അതിനെതിരെ പോരാടാൻ നമ്മെ സഹായിക്കുന്ന അഞ്ച് വിശുദ്ധരുണ്ട്. അവരെ നമുക്ക് പരിചയപ്പെടാം…

1. വി. ഫ്രാൻസിസ് ഡി സെയിൽസ്

‘ദയയുടെ വിശുദ്ധൻ’ എന്നാണ് വിശുദ്ധ ഫ്രാൻസിസ് ഡി സെയിൽസ് അറിയപ്പെടുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ നരകത്തിലേക്ക് പോകുമെന്ന ഒരു ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നു. ഈ ചിന്ത വിശപ്പില്ലായ്മ, ഉറക്കമില്ലായ്മ എന്നിവയിലേക്ക് അദ്ദേഹത്തെ ക്രമേണ നയിച്ചു. ഒരിക്കൽ അവൻ ദൈവത്തോട് ഇങ്ങനെ പറഞ്ഞു: “ഞാൻ അങ്ങേ സ്നേഹിക്കുന്നത് തുടരണമെങ്കിൽ അങ്ങ് ആഗ്രഹിക്കുന്ന എല്ലാ സഹനങ്ങളും എന്റെമേൽ അയയ്ക്കരുത്”. പിന്നീട് ഫ്രാൻസിസ് പാരീസിലെ സാൻ എസ്റ്റെബാനിലെ ദൈവാലയത്തിൽ, മാതാവിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി, ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാർത്ഥന ചൊല്ലി. അതിന് ശേഷം അത്ഭുതകരമായി സമാധാനം വീണ്ടെടുക്കാൻ ഫ്രാൻസിസിനു കഴിഞ്ഞു.

2. വി. കൊച്ചുത്രേസ്യ

ചെറുപ്പത്തിൽ തനിക്ക് ഒരു അസുഖം ഉണ്ടായിരുന്നുവെന്നും അതിന്റെ ലക്ഷണങ്ങൾ ഇന്ന് വിഷാദം എന്ന് അറിയപ്പെടുന്ന രോഗത്തിന് സമാനമായിരുന്നെന്നും വി. തെരേസ തന്നെ തന്റെ രചനകളിൽ പറയുന്നുണ്ട്. ഈ രോഗത്തിൽ നിന്ന് മോചിതയാകാൻ സാധിച്ചത് പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥ ശക്തികൊണ്ടാണെന്ന് കൊച്ചുത്രേസ്യ നന്ദിയോടെ അനുസ്മരിക്കുന്നു.

വി. തെരേസ എഴുതുന്നു: “1883 മെയ് 13, പെന്തക്കോസ്ത് തിരുന്നാൾ. ഞാൻ മാതാവിന്റെ ചിത്രത്തിലേക്ക് നോക്കിയിരിക്കുകയാണ്. പെട്ടെന്ന് പരിശുദ്ധ കന്യക അതീവ സുന്ദരിയായി എനിക്ക് അനുഭവപെട്ടു. അവളുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ദയയും ആർദ്രതയും കാണപ്പെട്ടു. പക്ഷേ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് പരിശുദ്ധ കന്യകയുടെ മനോഹരമായ പുഞ്ചിരിയായിരുന്നു. ആ നിമിഷം എന്റെ എല്ലാ സങ്കടങ്ങളും ഇല്ലാതായി. രണ്ട് കണ്ണുനീർതുള്ളികൾ എന്റെ കവിളിലൂടെ ഒഴുകി എന്റെ മുഖത്തേക്ക് വീണു. അവ ശുദ്ധമായ സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു. പരിശുദ്ധ കന്യക എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്ക് വീണ്ടും അനുഭവപെട്ടു. മാതാവിന്റെ തീവ്രമായ പ്രാർത്ഥനകൾ കാരണം എനിക്ക് സന്തോഷം ലഭിച്ചു”.

3. ദൈവത്തിന്റെ വി. ജോൺ

കമ്മ്യൂണിറ്റി ഓഫ് ബ്രദേഴ്‌സ് ഹോസ്പിറ്റലേഴ്‌സിന്റെ സ്ഥാപകനായ വി. ജോൺ ദരിദ്രർക്കായി ഒരു ആശുപത്രി സ്ഥാപിച്ചു. അവിടെ അദ്ദേഹം പത്ത് വർഷത്തോളം വിശ്രമമില്ലാതെ പ്രവർത്തിച്ചു. വിശുദ്ധൻ നിരന്തരം ഉപവസിക്കുകയും രോഗികളെ പരിചരിക്കുകയും ചെയ്തിരുന്നു. പക്ഷേ തുടർച്ചയായ ജലദോഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു. ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ മധ്യസ്ഥനായി ഈ വിശുദ്ധൻ അറിയപ്പെടുന്നു. അതോടൊപ്പം വിഷാദരോഗം അനുഭവിക്കുന്നവർക്ക് ഈ വിശുദ്ധന്റെ മാധ്യസ്ഥ്യം യാചിക്കാം.

4. ബ്യൂലിയൂവിലെ വി. ഫ്ലോറ

വി. ഫ്ലോറ ഡി ബ്യൂലിയൂ ജറുസലേമിലെ വിശുദ്ധ ജോണിന്റെ നാമത്തിലുള്ള ഹോസ്പിറ്റലർ സന്യാസിനികളുടെ മഠത്തിൽ പ്രവേശിച്ചു. അവളുടെ പ്രവേശനം മുതൽ, ഫ്ലോറയ്ക്ക് എല്ലാത്തരം ആത്മീയ പരീക്ഷണങ്ങളും നേരിടേണ്ടി വന്നു. തുടർന്ന് വിഷാദരോഗത്തിന് ഈ വിശുദ്ധ അടിമയാകുകയും അവളുടെ സഹസന്യാസിനിമാരോടുള്ള പെരുമാറ്റത്തിൽ അത് പ്രതിഫലിക്കുകയും ചെയ്തു. പലരും അവളെ ഭ്രാന്തിയായി കണക്കാക്കി. എങ്കിലും അവളിൽ വിശ്വസിച്ചിരുന്ന കുമ്പസാരക്കാരന്റെ സഹായത്തോടെ, അവൾ അവളുടെ ആത്മീയ ജീവിതത്തിൽ വലിയ പുരോഗതി കൈവരിച്ചു. ഒടുവിൽ ദൈവം അവൾക്ക് പല നിഗൂഢ കൃപകളും നൽകി.

5. ബിംഗനിലെ വി. ഹിൽഡെഗാർഡ്

12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ബെനഡിക്റ്റൈൻ സന്യാസിനിയായിരുന്നു ബിംഗനിലെ വി. ഹിൽഡെഗാർഡ്. ചില രോഗങ്ങളുടെ കാരണങ്ങളും അവയുടെ ചികിത്സകളും ദൈവം അവൾക്ക് വെളിപ്പെടുത്തി കൊടുത്തിരുന്നു. ഈ വിശുദ്ധ, വിദ്യാഭ്യാസമുള്ള ഒരു വ്യക്തി അല്ലായിരുന്നു. അതിനാൽ അവളുടെ എല്ലാ ജ്ഞാനവും സ്വർഗ്ഗത്തിന്റെ ദർശനങ്ങളിൽ നിന്നാണ് വന്നതെന്ന് അവൾ എപ്പോഴും പ്രസ്താവിച്ചിരുന്നു. ഓരോ രോഗത്തിനും പ്രകൃതി വാഗ്ദാനം ചെയ്യുന്ന പ്രതിവിധി ഉണ്ടെന്ന് ദർശനങ്ങളുടെ അടിസ്ഥാനത്തിൽ അവൾ പറയുവായിരുന്നു.

ഈ ദർശനങ്ങളെ അടിസ്ഥാനമാക്കി, വി. ഹിൽഡെഗാർഡ വൈദ്യശാസ്ത്രത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ മനുഷ്യൻ രോഗത്തിന് വിധിക്കപ്പെട്ടവനല്ലെന്നും മറിച്ച് അത് ഒഴിവാക്കാനും സ്വാഭാവികമായ രീതിയിൽ സുഖപ്പെടുത്താനും കഴിയുമെന്നും പറയുന്നു. വിഷാദം പോലുള്ള രോഗങ്ങളെ പോലും നേരിടാൻ ഈ വിശുദ്ധ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.