വിശുദ്ധ ടൈറ്റസ് ബ്രാൻഡ്‌സ്മ: സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ട പത്രപ്രവർത്തകൻ

അഡോൾഫ് ഹിറ്റ്ലറിന്റെ ആദ്യത്തെ നാസി തടങ്കൽ പാളയമായ ദാഹാവിലെ നാസി തടങ്കൽ പാളയത്തിലെ പ്രഥമ വിശുദ്ധനാണ് ഫാ. ടൈറ്റസ് ബ്രാൻഡ്‌സ്മ. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മ്യൂണിക്കിന് വടക്കുള്ള ദാഹാവിലാണ് നാസികൾ അവരുടെ ആദ്യത്തെ തടങ്കൽ പാളയം നിർമ്മിച്ചത്. 1945 ആയപ്പോഴേക്കും യൂറോപ്പിലെമ്പാടുമുള്ള 200,000-ത്തിലധികം ആളുകൾ അവിടെയും പല ഉപക്യാമ്പുകളിലുമായി തടവിലാക്കപ്പെട്ടു.

ദാഹാവ് തടങ്കൽ പാളയം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നാണ്. കാരണം, മൂവായിരത്തോളം വൈദീകർ അവിടെ ഉണ്ടായിരുന്നു, അതിൽ 95 ശതമാനവും റോമൻ കത്തോലിക്കാ പുരോഹിതരായിരുന്നു.

1933 മുതൽ 1945 വരെയുള്ള കാലയളവിൽ രണ്ടു ലക്ഷത്തോളം രാഷ്ടീയ തടവുകാരെയാണു ഹിറ്റ്ലർ സ്ഥാപിച്ച ആദ്യത്തെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിരുന്നത്. അവരിൽ 41500 പേർ ജയിൽവാസത്തിനിടയിൽ മരിക്കുകയോ കൊല ചെയ്യപ്പെടുകയോ ഉണ്ടായി. ദാഹാവ് തടങ്കൽ പാളയത്തിലെ 26, 28, 30 ബ്ലോക്കുകൾ വിവിധ മതവിഭാഗങ്ങളിൽപ്പെട്ട പുരോഹിതന്മാർക്കായി നീക്കിവച്ചതായിരുന്നു. വൈദിക ബ്ലോക്ക് (Pfarrerblock) എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. വൈദീക ബ്ലോക്കിലെ തടവുകാരിൽ 90 ശതമാനവും കത്തോലിക്കാ പുരോഹിതരായിരുന്നു. അതിൽ തന്നെ പോളണ്ടിൽ നിന്നുള്ള വൈദികരായിരുന്നു ഭൂരിഭാഗവും.

ബവേറിയൻ മെമ്മോറിയൽസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, കത്തോലിക്കാ പുരോഹിതന്മാരുടെ എണ്ണം 2,652 ആയിരുന്നു. വൈദികരിൽ 1780 പേർ പോളണ്ടുകാരായിരുന്നു, അവരിൽ 868 പേർ ദാഹാവിൽ മരണപ്പെട്ടു. 447 വൈദീകർ ജർമ്മനി, ഓസ്ട്രിയ എന്നിവടങ്ങളിൽ നിന്നായിരുന്നു. അവരിൽ 94 പേർ മരണത്തിനു കീഴടങ്ങി.

ദാഹാവിൽ മരണമടഞ്ഞ 200 പേരെ കത്തോലിക്കാ സഭ രക്തസാക്ഷികളായി ആദരിക്കുന്നു. കാരണം അവരുടെ മരണം ക്രിസ്തുവിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. അവരിൽ ഇതുവരെ 57 പേരെ സഭ ഓദ്യോഗികമായി വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

അവരിൽ ഹോളണ്ടുകാരനായ കർമ്മലീത്താ വൈദീകൻ ടൈറ്റസ് ബ്രാൻഡ്‌സ്മയെ (1881-1942) ഫ്രാൻസീസ് പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതു വഴി വിശുദ്ധ പദവിയിലേക്കു ഉയർത്തിപ്പെട്ട ദാഹാവിലെ ആദ്യ രക്തസാക്ഷിയായി ടൈറ്റസച്ചൻ മാറി. 1985ലാണ് ടൈറ്റസച്ചനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. ജൂലൈ 27 നാണ് അദ്ദേഹത്തിന്റെ ഓർമ്മ ദിനം.

ഹോളണ്ടുകാരനായ ടൈറ്റസ് ബ്രാൻഡ്‌സ്‌മ, ആരംഭം മുതലേ നാസികളുടെ കണ്ണിലെ നോട്ടപ്പുള്ളിയായിരുന്നു. 1941 നവംബറിൽ നാസി ഭരണകൂടം കത്തോലിക്കാ മാധ്യമങ്ങളെ നിയന്ത്രിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹം അതിനെ എതിർക്കുകയും നാസി ഭരണകൂട ഭീകരതയ്ക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തു. അധികം താമസിയാതെ അദ്ദേഹം നാസികളുടെ കരിമ്പട്ടികയിൽ ഇടം നേടി. 1942 ജനുവരി 19-ന് ഹോളണ്ടിലെ നിജ്മെഗനിലെ കർമ്മലീത്തൻ ആശ്രമത്തിൽ വെച്ച് നാസി പട്ടാളം ടൈറ്റസച്ചനെ അറസ്റ്റ് ചെയ്തു. നിരവധി ജയിലുകളിലെ കഷ്ടപ്പാടുകളിലൂടെ കടന്നുപോയ ആ കർമ്മലീത്താ വൈദീകനെ 1942 ജൂലൈ 26 ന് ദാഹാവ് തടങ്കൽ പാളയത്തിൽ വച്ചു മാരകമായ വിഷം കുത്തിവച്ചു കൊലപ്പെടുത്തി. യഹൂദരെ നാടുകടത്തുന്നതിനെതിരെ നാസി ഭരണകൂടത്തെ വിമർശിച്ചുകൊണ്ടുള്ള ഹോളണ്ടിലെ മെത്രാൻമാരുടെ കത്ത് പള്ളികളിൽ വായിക്കുന്ന ദിവസമായിരുന്നു അത്.

ലോകമാധ്യമ സ്വാതന്ത്ര്യദിനത്തിൽ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പത്രപ്രവർത്തകർക്കുള്ള നല്ല മാതൃകയാണ് ടൈറ്റസച്ചൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.