
മൂന്നാം നൂറ്റാണ്ടിലെ ധീര രക്തസാക്ഷിയായിരുന്നു വി.ആഗ്നസ്. പന്ത്രണ്ടാം വയസ്സിൽ മരണമടഞ്ഞു എന്ന് പാരമ്പര്യങ്ങൾ വ്യക്തമാക്കുന്ന ആഗ്നസിന്റെ മരണം അനേകർക്ക് ഇന്നും പ്രചോദനമാണ്.
പ്രായത്തെ വെല്ലുന്ന പക്വത
വി. ആഗ്നസിന്റെ ജീവിതവും രക്തസാക്ഷിത്വവും അനേകർക്ക് പ്രചോദനമായിരുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് അവളുടെ ജീവചരിത്രങ്ങൾ പല സഭാ പിതാക്കന്മാരാൽ എഴുതപ്പെട്ടത്. വിശുദ്ധ അംബ്രോസ് ഇപ്രകാരം അനുസ്മരിക്കുന്നു: “അവളുടെ പ്രായത്തിലുള്ള പല പെൺകുട്ടികളുടെയും ശരീരത്തിൽ ഏൽക്കുന്ന ചെറിയ മുറിവിനെച്ചൊല്ലി കരയുകയും അവരുടെ മാതാപിതാക്കൾ അസ്വസ്ഥരാകുകയും ചെയ്യുമ്പോൾ ആഗ്നസ് ആരാച്ചാരുടെ രക്തം പുരണ്ട കൈകളെ ഭയക്കുന്നില്ല. ഭാരമുള്ള ചങ്ങലകളാൽ അവൾ തളരാതെ നിൽക്കുന്നു. പടയാളികളുടെ ഉഗ്രമായ വാളിന് അവൾ തന്റെ ശരീരം മുഴുവനും സമർപ്പിക്കുന്നു. മരണത്തെക്കുറിച്ച് മനസ്സിലാക്കാൻ അവൾ വളരെ ചെറുപ്പമാണ് എന്നിട്ടും, മരണത്തെ നേരിടാൻ അവൾ തയ്യാറാണ്. തന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ബലിപീഠത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അവൾ തന്റെ കൈകൾ കർത്താവിലേക്ക് ഉയർത്തി നിന്നു. വിശുദ്ധിയുടെ ബലിപീഠത്തിൽ ക്രിസ്തുവിന്റെ വിജയത്തിന്റെ അടയാളമായി അവൾ മാറി. പടയാളികൾ അവളുടെ കൈകാലുകൾ ചങ്ങലയ്ക്കിട്ടെങ്കിലും അവയെ പിടിച്ചുനിർത്താൻ ആ ചങ്ങലകൾക്കു കഴിഞ്ഞില്ല.”
അവളുടെ മരണസമയത്ത് ആരാച്ചാരുടെ കണ്ണുകൾ ഭയം നിറഞ്ഞവയായിരുന്നു. നിഷ്കളങ്ക രക്തംപുരണ്ട അദ്ദേഹത്തിന്റെ വലതുകൈ വിറച്ചു, ശിക്ഷിക്കപ്പെട്ടവനെപ്പോലെ മുഖം വിളറി. കാരണം ആഗ്നസ് മരണം വരിച്ചത് ഭയമില്ലാതെയായിരുന്നു. ക്രിസ്തുവിനോടുള്ള സ്നേഹത്താൽ രക്തസാക്ഷിത്വം വരിച്ച അവൾ ശുദ്ധതയുടെയും എല്ലാ പെൺകുട്ടികളുടെയും മധ്യസ്ഥയായി തിരുസഭയിൽ വണങ്ങപ്പെടുന്നു.
വിവർത്തനം: സി. നിമിഷറോസ് CSN