
ഈസ്റ്റർ കാലഘട്ടത്തിൽ സഭയിൽ ‘സ്വർല്ലോക രാജ്ഞി’ എന്ന പ്രാർഥനയാണ് കർത്താവിന്റെ മാലാഖ എന്ന ജപത്തിന് പകരം ചൊല്ലുന്നത്. അതിന് ഒരു കാരണമുണ്ട്. തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ ദൈവമാതാവുമായി സന്തോഷപൂർവം ഐക്യപ്പെടാൻ ആണ് ഇപ്രകാരം പ്രാർഥിക്കുന്നത്. കത്തോലിക്കാ വിശ്വാസ സത്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ ഈശോയുടെ ഉയിർപ്പ്.
ഈ പ്രാർഥന ആരംഭിച്ചത് 1742 -ൽ ബെനഡിക്റ്റ് പതിനാലാമൻ മാർപാപ്പയാണ്. ഈസ്റ്റർ സമയത്ത് ഈ പ്രാർഥന കർത്താവിന്റെ മാലാഖ എന്ന ജപത്തിന് പകരം പ്രാർഥിക്കാമെന്ന് നിർദേശിക്കുകയും ചെയ്തു. ഉത്ഥാനത്തിരുനാൾ മുതൽ പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനം വരെയാണ് ഈ പ്രാർഥന ചൊല്ലുന്നത്. കർത്താവിന്റെ മാലാഖ എന്ന ജപം പ്രാർഥിക്കുന്നത് പോലെ സ്വർല്ലോക രാജ്ഞിയും ദിവസത്തിൽ മൂന്ന് പ്രാവശ്യം ചൊല്ലുന്നു. രാവിലെയും ഉച്ചയ്ക്കും സായാഹ്നത്തിലും ഈ പ്രാർഥന ചൊല്ലുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ പ്രാർഥനയുടെ രചയിതാവ് ആരാണെന്നും ഇതുവരെയും അറിവായിട്ടില്ല. അടുത്ത നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതൽ ഫ്രാൻസിസ്കൻ വൈദികർ ഈ പ്രാർഥന ലോകമെമ്പാടും വ്യാപിപ്പിക്കുവാൻ മുന്നിട്ട് നിന്നു.