പുരോഹിതശാസ്ത്രജ്ഞർ 33: ഉർസെദോവിലെ മാർസിൻ (1500–1573) 

പോളണ്ടിൽ നിന്നുള്ള ഒരു ഭിഷഗ്വരനും ഔഷധശാസ്‌ത്രജ്ഞനും സസ്യശാസ്‌ത്രജ്ഞനും ആയിരുന്നു ഉർസെദോവിലെ മാർസിൻ. പോളണ്ടിൽ അക്കാലത്തുണ്ടായിരുന്ന ഔഷധച്ചെടികളെക്കുറിച്ചുള്ള പഠനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. സാൻദോമിയേർസിലെ കത്തീഡ്രൽ ദേവാലയത്തിലെ വൈദികനായിരുന്ന സമയത്തു തന്നെ ഒരു മെഡിക്കൽ ഡോക്ടറായും അദ്ദേഹം സേവനം ചെയ്തു.

എ.ഡി. 1500-ൽ പോളണ്ടിലെ ലുബ്‌ളിൻ നഗരത്തിനടുത്തുള്ള ഉർസെദോവ് ഗ്രാമത്തിലാണ് മാർസിൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായ സിമയോൻ ഒരു ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥനായിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. എ.ഡി. 1517-ൽ മാർസിൻ ക്രാക്കോവിലെ യാഗിലോണിയൻ സർവ്വകലാശാലയിൽ പഠനത്തിനായി ചേർന്നു. പഠനം പൂർത്തിയാക്കി അവിടെത്തന്നെ അധ്യാപകജോലിയിൽ പ്രവേശിച്ചു. തർക്കശാസ്ത്രവും തത്വശാസ്ത്രവുമായിരുന്നു അദ്ദേഹം ഇക്കാലത്ത് പഠിപ്പിച്ചിരുന്ന വിഷയങ്ങൾ. സർവ്വകലാശാലയിലെ ‘കോളേജിയും മൈനോറി’ന്റെ അധ്യക്ഷനായി നിയമിതനായ മാർസിൻ ഇക്കാലയളവിൽ ഒരു വൈദികനായി അഭിഷിക്തനായി.

എ.ഡി. 1534-ൽ അധികാരികൾ മാർസിനെ ഇറ്റലിയിലെ പാദുവയിലേക്ക് വൈദ്യശാസ്ത്ര പഠനത്തിനായി അയച്ചു. പഠനത്തോടൊപ്പം തന്റെ സസ്യശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനായി ഇറ്റലിയിലുടനീളം അദ്ദേഹം യാത്ര ചെയ്തു. അവിടുത്തെ അധ്യാപകരിൽ നിന്ന് ഔഷധചെടികളെക്കുറിച്ചു പഠിക്കുകയും അതൊക്കെ അദ്ദേഹം രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു. കൂടാതെ ഈ മേഖലയിൽ ലഭ്യമായ എല്ലാ പുസ്തകങ്ങളും അദ്ദേഹം വായിച്ചു. 1538-ൽ പാദുവ സർവ്വകലാശാലയിൽ നിന്നും തന്റെ വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കി അദ്ദേഹം പോളണ്ടിൽ തിരികെയെത്തി. എ.ഡി. 1542-ൽ തന്റെ ജന്മസ്ഥലമായ ഉർസെദോവിലെയും അടുത്തുള്ള മോഡ്‌ലിബോർസിസിലേയും ഇടവക വികാരിയായി അദ്ദേഹം നിയമിതനായി. ഇക്കാലയളവിലാണ് പോളണ്ടിലെ ഔഷധങ്ങളെക്കുറിച്ചു വായിക്കുന്നതിനും പഠിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയത്. കുറേ വർഷങ്ങൾക്കു ശേഷം സാൻദോമിയേർസിലെ കത്തീഡ്രൽ ദേവാലയത്തിലേക്ക് അദ്ദേഹത്തിന് മാറ്റം ലഭിച്ചു. ഈ മാറ്റം അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്ക് കൂടുതൽ സഹായകരമായിരുന്നു.

രണ്ടു വാല്യങ്ങളിലായി ‘പോളിഷ് ഔഷധസസ്യങ്ങൾ’ എന്ന ഒരു ഗ്രന്ഥം കാസിമിർ എഴുതി പൂർത്തിയാക്കി. അദ്ദേഹത്തിന്റെ മരണശേഷമാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ സാധിച്ചതെങ്കിലും ഇതിലൂടെ ലഭിച്ച അറിവുകൾ എല്ലായിടത്തും എത്തിക്കുന്നതിന് ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന് സാധിച്ചിരുന്നു. അതുവരെ ലഭ്യമായ അറിവുകളുടെ വെളിച്ചത്തിൽ ഓരോ ഔഷധച്ചെടികളെയും കുറിച്ച് അക്ഷരമാല ക്രമത്തിലുള്ള ഒരു വിവരണം ഈ ഗ്രന്ഥത്തിൽ അദ്ദേഹം നൽകി. ഒരു സസ്യത്തെക്കുറിച്ചു പ്രാഥമിക വിവരണം നൽകിയതിനു ശേഷം ഈ ചെടി വളരുന്ന പ്രദേശം, നടേണ്ട സമയം, വളരാൻ ഉതകുന്ന കാലാവസ്ഥ എന്നിവ അദ്ദേഹം വിവരിച്ചു. ഏറ്റം അവസാനം താൻ വിവരിച്ച സസ്യത്തിന്റെ ഔഷധഗുണവും രോഗനിവാരണത്തിനായി ഉപയോഗിക്കേണ്ട രീതിയും അദ്ദേഹം വായനക്കാരുമായി പങ്കുവച്ചു. ഓരോ ചെടിയുടെയും ഒരു ചിത്രം വരച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വിവരണം അവസാനിക്കുന്നത്. മറ്റു ഗ്രന്ഥങ്ങളിൽ നിന്നും മാർസിന്റെ പുസ്തകത്തെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകം താൻ വിവരിച്ചതിൽ എന്തെങ്കിലും തെറ്റായി തോന്നുന്നുണ്ടെങ്കിൽ അത് രേഖപ്പെടുത്തുന്നതിനുള്ള സ്ഥലവും അദ്ദേഹം ഈ പുസ്തകത്തിൽ നൽകിയിരുന്നു. തന്റെ പരീക്ഷണനിരീക്ഷണങ്ങളിൽ കൂടി ലഭിച്ച അറിവ് കൂടാതെ ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തിയ അമ്പതിനാല് എഴുത്തുകാരുടെ രചനകളെയും അദ്ദേഹം ഇതിനായി ഉപയോഗപ്പെടുത്തി. തന്റെ പുസ്തകത്തിൽ വിവരിച്ച പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു ഔഷധത്തോട്ടവും അദ്ദേഹം പരിപാലിച്ചിരുന്നു.

പോളണ്ടിലെ ജനങ്ങളുടെ പ്രകൃതിശാസ്‌ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുന്നതിൽ ഈ ഗ്രന്ഥം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. കൂടാതെ അതുവരെ എഴുതപ്പെട്ട പല പുസ്തകങ്ങളിലും കണ്ടിരുന്ന തെറ്റുകൾ തിരുത്തുകയും സാധാരണക്കാർക്ക് എളുപ്പത്തിൽ ഇത്തരത്തിലുള്ള ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ഒരു ഡോക്ടർ എന്ന നിലയിൽ സമൂഹത്തിൽ അദ്ദേഹത്തിന് വലിയ അംഗീകാരം ലഭിച്ചിരുന്നു. ക്രാക്കോ നഗരത്തിലെ പ്രമുഖരായ വ്യക്തികളുടെ ഡോക്ടറായും അദ്ദേഹം സേവനം ചെയ്തു. മാത്രമല്ല, പോളണ്ടിലെ ഇക്കാലത്തെ രാജകുടുംബങ്ങളെല്ലാം തന്നെ ചികിത്സാപരമായ കാര്യങ്ങൾക്ക് ഇദ്ദേഹത്തിന്റെ ഉപദേശം തേടിയിരുന്നു. എ.ഡി. 1573-ൽ മരിച്ച അദ്ദേഹത്തെ അടക്കിയിരിക്കുന്നത് സാന്തോമിയേർസ് കത്തീഡ്രൽ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.