പുരോഹിതശാസ്ത്രജ്ഞർ 34: യൊഹാന്നസ് വേർണർ (1468-1522)

ജർമ്മനിയിൽ നിന്നുള്ള പേരുകേട്ട ഒരു ഗണിതശാസ്ത്രജ്ഞനായിരുന്നു യൊഹാന്നസ് വേർണർ. ജ്യോതിശാസ്‌ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ മേഖലകളിൽ ആഴമായ അറിവുണ്ടായിരുന്ന അദ്ദേഹം പല ഉപകരണങ്ങളും സ്വന്തമായി നിർമ്മിച്ചിട്ടുണ്ട്. ആധുനിക അന്തരീക്ഷ വിജ്ഞാനീയത്തിന്റെയും കാലാവസ്ഥാ പ്രവചനത്തിന്റെയും മുന്നോടിയായി ഇദ്ദേഹത്തിന്റെ പല കണ്ടുപിടുത്തങ്ങളും വിശേഷിപ്പിക്കപ്പെടുന്നു. എ.ഡി. 1513-നും 1520-നും ഇടക്കുള്ള കാലഘട്ടത്തിൽ സ്ഥിരമായി ജർമ്മനിയിലെ കാലാവസ്ഥയെക്കുറിച്ച് അദ്ദേഹം നിരീക്ഷണങ്ങൾ നടത്തിയിരുന്നു. യൊഹാന്നസ് വേർണരുടെ ശാസ്ത്രസംഭാവനകളെ ആദരിക്കുന്നതിനായി ചന്ദ്രനിലെ ഒരു ഗുഹാമുഖം (Werner crater) ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ജർമ്മനിയിലെ നൂറൻബർഗ് നഗരത്തിൽ 1468 ഫെബ്രുവരി 14-നാണ് യൊഹാന്നസ് വേർണർ ജനിച്ചത്. തന്റെ വീടിനടുത്തുള്ള ദേവാലയ സ്‌കൂളിലാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. ഇരുപത്തിയഞ്ചാമത്തെ വയസിൽ ശാസ്ത്രത്തിൽ കൂടുതൽ അറിവ് നേടുക എന്ന ലക്ഷ്യത്തോടെ ഇറ്റലിയിലേക്ക് യാത്ര ചെയ്തു. പഠനത്തിനായി അവിടെ അഞ്ചു വർഷം ചിലവഴിച്ചു. ബെവേറിയ പ്രദേശത്തുള്ള ഇങ്കൊൽസ്റ്റാറ്റ് നഗരത്തിൽ 1484 ഉപരിപഠനം നടത്തിയതായും ചില ചരിത്രരേഖകൾ പറയുന്നു. എ.ഡി. 1503 മുതൽ നൂറൻബർഗിലെ വിവിധ ദേവാലയങ്ങളിൽ വികാരിയായി അദ്ദേഹം ജോലി ചെയ്തു. വോർഡ് എന്ന സ്ഥലത്തെ സെന്റ് ജോൺ ദേവാലയത്തിലാണ് അവസാന കാലങ്ങളിൽ വേർണർ ജീവിച്ചത്. 1522 മെയ് മാസത്തിൽ ഇവിടെ വച്ച് അദ്ദേഹം മരിച്ച് അടക്കപ്പെട്ടു.

തന്റെ വൈദികജോലികൾക്കിടയിലും ശാസ്ത്രകാര്യങ്ങൾക്കായി അദ്ദേഹം ധാരാളം സമയം ചിലവഴിച്ചു. നൂറൻബർഗ് നഗരം ഇക്കാലത്ത് പുതിയ യന്ത്രങ്ങൾ കണ്ടുപിടിക്കാൻ നിരവധി പരീക്ഷണങ്ങൾ നടത്തുന്നവരുടെ ഒരു കേന്ദ്രമായിരുന്നു. പലതും സ്വന്തമായി പഠിച്ചു പരീക്ഷിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെത്. ഗണിതശാസ്ത്രത്തിൽ ത്രിമാനഗണിതത്തിലും ക്ഷേത്രഗണിതത്തിലും അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. സങ്കലനം, വ്യവകലനം എന്നീ ഗുണന, ഖണ്‌ഡന സമ്പ്രദായങ്ങൾ കണ്ടുപിടിച്ച ഗണിതശാസ്ത്രജ്ഞരിൽ ഒരാളാണ് യൊഹാന്നസ് വേർണർ. അതുവരെ വളരെ ആയാസകരമായിരുന്ന കണക്കുകൂട്ടൽ പ്രക്രിയകളെ ഇത് വളരെ ലളിതമാക്കിത്തീർത്തു. അതിനാൽ ഗണിതശാസ്ത്രത്തിൽ ഈ സമ്പ്രദായങ്ങൾ വേർണറുടെ സൂത്രവാക്യങ്ങൾ എന്നും അറിയപ്പെടുന്നു.

എ.ഡി. 1500-ൽ അദ്ദേഹം ഒരു മാസത്തോളം ഒരു വാൽനക്ഷത്രത്തെ നിരീക്ഷിച്ചു. റേജിയോമൊന്താനസ് എന്ന വാനശാസ്ത്രഞ്ജന്റെ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനപ്പെടുത്തി വാൽനക്ഷത്രങ്ങളുടെ പ്രകാശം മങ്ങുന്നതും ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരവും യൊഹാന്നസ് വേർണർ കൃത്യമായി മനസ്സിലാക്കി. ബൈസന്റൈൻ ശാസ്ത്രജ്ഞനായ അമിരിച്ചിയൂസിന്റെ ഗണിതശാസ്ത്ര ഭൂമിശാസ്ത്ര കൃതികളെക്കുറിച്ചു വേർണർ എഴുതിയ വ്യാഖ്യാനങ്ങൾ എടുത്തുപറയത്തക്കതാണ്. ഇത് പല പൗരസ്ത്യ അറിവുകളും പാശ്ചാത്യ ശാസ്ത്രജ്ഞർക്ക് പകർന്നു നൽകുന്നതിന് ഉപകരിച്ചു.

വേർണരുടെ ഏറ്റം ശ്രദ്ധിക്കപ്പെട്ട രചന എ.ഡി. 1514-ൽ പ്രസിദ്ധീകരിച്ച ക്‌ളൗഡിയസ് ടോളമിയുടെ ഭൂമിശാസ്ത്ര ഗ്രന്ഥത്തിന്റെ പരിഭാഷയും വ്യാഖ്യാനവുമാണ്. ഇതിൽ ഹൃദയരൂപത്തിൽ വരച്ചിരിക്കുന്ന ലോകത്തിന്റെ ഒരു ഭൂപടചിത്രത്തെ അദ്ദേഹം ലോകത്തിന് പരിചയപ്പെടുത്തി. വിയന്നായിലെ ശാസ്ത്രജ്ഞനായിരുന്ന യൊഹാന്നസ് സ്റ്റാബിയൂസ് നിർമ്മിച്ച ഭൂപടത്തെ അടിസ്ഥാനപ്പെടുത്തി മെച്ചപ്പെടുത്തിയിരിക്കുന്ന ഭൂപടമാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഈ ഭൂപടം യൂറോപ്പിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ കൃതിയിൽ ഖഗോളശാസ്ത്രസംബന്ധിയായ ചില മാർഗ്ഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനും മറ്റു നക്ഷത്രങ്ങളും തമ്മിലുള്ള ദൂരം നിർണ്ണയിക്കുന്നതിനുള്ള മാർഗ്ഗങ്ങളും വേർണർ നിർദേശിച്ചിട്ടുണ്ട്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.